റയല്‍ മാഡ്രിഡിന് സമനില

റയല്‍ മാഡ്രിഡിന് സമനില

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ് റൗണ്ട് മത്സരത്തില്‍ നിലവിലെ കിരീട ജേതാക്കളായ റയല്‍ മാഡ്രിഡിന് സമനില. പോളണ്ട് ക്ലബായ ലെഗിയ വാര്‍സോയ്‌ക്കെതിരെ മൂന്ന് ഗോളുകളുടെ സമനിലയാണ് റയല്‍ മാഡ്രിഡ് വഴങ്ങിയത്. ഇതോടെ നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനത്തിനായി സ്പാനിഷ് വമ്പന്മാര്‍ക്ക് ഇനിയും കാത്തിരിക്കണം.

മത്സരത്തിന്റെ ഒന്നാം മിനുറ്റില്‍ തന്നെ അപ്രതീക്ഷിത നീക്കം നടത്തിയ വെയ്ല്‍സ് താരം ഗാരെത് ബെയിലിന്റെ ഗോളിലൂടെ റയല്‍ മാഡ്രിഡ് മുന്നിലെത്തി. മുപ്പത്തഞ്ചാം മിനുറ്റില്‍ ഫ്രഞ്ച് ഫുട്‌ബോളര്‍ കരിം ബെന്‍സേമയിലൂടെ റയല്‍ വീണ്ടും എതിര്‍ വല കുലുക്കി. ഗാരെത് ബെയില്‍ നല്‍കിയ പാസില്‍ നിന്നായിരുന്നു ബെന്‍സേമ ലക്ഷ്യം കണ്ടത്.

എന്നാല്‍ കളിയുടെ 40-ാം മിനുറ്റില്‍ മധ്യനിര താരം വാഡിസ് ഒഡ്ജിഡ്ജയിലൂടെ ലെഗിയോ വാര്‍സോ റയലിനെതിരെ ആദ്യ ഗോള്‍ മടക്കി. രണ്ടാം പകുതിയിലായിരുന്നു ഇരു ടീമുകളും തമ്മില്‍ കനത്ത പോരാട്ടം നടന്നത്. ഇതിന്റെ ഫലമായി അന്‍പത്തെട്ടാം മിനുറ്റില്‍ മിറോസ്ലാവ് റഡോവിച്ചിലൂടെ ലെഗിയ വാര്‍സോ 2-2ന് റയലിനൊപ്പമെത്തി.

എണ്‍പത്തി മൂന്നാം മിനുറ്റില്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദീന്‍ സിദാനെയും സംഘത്തേയും ഞെട്ടിച്ച് ആതിഥേയര്‍ മുന്നിലെത്തി. തിബോര്‍ട്ട് മൗലിനിലൂടെയായിരുന്നു ഗോള്‍. എന്നാല്‍ രണ്ട് മിനുറ്റിനുള്ളില്‍ കൊവാസിച്ച് റയലിനെ തോല്‍വിയില്‍ നിന്നും രക്ഷപ്പെടുത്തി. ലൂക്കാസ് വാസ്‌ക്വെസ് തൊടുത്ത പന്ത് ക്രോസ് ബാറില്‍ തട്ടി തിരികെയെത്തിയപ്പോള്‍ കൊവാസിച്ച് അത് കൃത്യമായി വലയിലാക്കുകയായിരുന്നു.

കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിനുള്ളിലായിരുന്നു ലെഗിയ വാര്‍സോ-റയല്‍ മാഡ്രിഡ് മത്സരം. ഇതിന് മുമ്പ് ലെഗിയ വാര്‍സോയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് ആതിഥേയര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആരാധകര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇക്കാരണത്താലാണ് സ്റ്റേഡിയം അടച്ചിട്ട് മത്സരം നടത്തിയത്.

ചാമ്പ്യന്‍സ് ലീഗിലെ മറ്റ് മത്സരങ്ങളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളും ചാമ്പ്യന്‍സ് ലീഗിലെ കന്നിക്കാരുമായ ലൈസസ്റ്റര്‍ സിറ്റിയും ഇറ്റാലിയന്‍ കരുത്തരായ യുവന്റസും സമനില വഴങ്ങി. അതേസമയം, സെവിയ്യ, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, മൊണാക്കോ, ബയെര്‍ ലെവര്‍ക്യൂസന്‍, എഫ്‌സി പോര്‍ട്ടോ ടീമുകള്‍ വിജയിച്ചു.

എഫ്‌സി കോപ്പന്‍ഹേഗനെതിരെ അവരുടെ തട്ടകത്തില്‍ ഗോള്‍ രഹിത സമനിലയാണ് ലൈസസ്റ്റര്‍ സിറ്റി വഴങ്ങിയത്. ജയിച്ചിരുന്നെങ്കില്‍ ലൈസസ്റ്ററിന് പ്രീക്വാര്‍ട്ടറില്‍ കടക്കാമായിരുന്നു. യുവന്റസ് ഹോം മത്സരത്തില്‍ ലിയോണിനെതിരെ 1-1 സമനിലയാണ് വഴങ്ങിയത്. ഹിഗ്വെയിന്റെ 13-ാം മിനുറ്റിലെ പെനാല്‍റ്റി ഗോളിലൂടെ യുവന്റസാണ് മുന്നിലെത്തിയത്. എന്നാല്‍ 84-ാം മിനുറ്റില്‍ ടൊലിസോയിലൂടെ ലിയോണ്‍ സമനില നേടി.

സ്‌പോര്‍ട്ടിംഗിനെതിരെ 1-0ത്തിനായിരുന്നു ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ജയം. ബയെര്‍ ലെവര്‍ക്യൂസന്‍ പരാജയപ്പെടുത്തിയത് ടോട്ടന്‍ഹാമിനെയും. ഹോം ഗ്രൗണ്ടില്‍ 1-0ത്തിന് പരാജയപ്പെട്ടതിനാല്‍ ടോട്ടന്‍ഹാമിന്റെ നോക്കൗട്ട് സാധ്യതകള്‍ക്ക് മങ്ങലേറ്റു. സെവിയ്യ ഡൈനാമോ സാഗ്രെബിനെയും (4-0), മൊണാക്കോ സിഎസ്‌കെഎ മോസ്‌കോയെയും (3-0), എഫ്‌സി പോര്‍ട്ടോ ക്ലബ് ബ്രുഗയെയുമാണ് തോല്‍പ്പിച്ചത്.

ഗ്രൂപ്പ് ഇയില്‍ നാല് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്റുമായി മൊണാക്കോയാണ് ഒന്നാമത്. യഥാക്രമം ആറ്, നാല് പോയിന്റുകളുമായി ബയെര്‍ ലെവര്‍ക്യൂസന്‍, ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ടീമുകളാണ് അടുത്ത സാഥാനങ്ങളില്‍. രണ്ട് പോയിന്റ് മാത്രമുള്ള സിഎസ്‌കെഎ മോസ്‌കോ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.

ഗ്രൂപ്പ് എഫില്‍ നാല് മത്സരങ്ങളില്‍ നിന്നും പത്ത് പോയിന്റ് സ്വന്തമാക്കിയ ബൊറൂസിയ ഡോട്മുണ്ടിനേക്കാള്‍ രണ്ട് പോയിന്റ് കുറവാണ് തൊട്ടുപിന്നിലുള്ള റയല്‍ മാഡ്രിഡിന്. ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി സ്‌പോര്‍ട്ടിംഗും നേരിയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. അതേസമയം, ഒരു പോയിന്റ് മാത്രമുള്ള ലെഗിയ വാര്‍സോ പുറത്തായി.

ഗ്രൂപ്പ് ജിയില്‍ നാല് മത്സരങ്ങളില്‍ നിന്നും പത്ത് പോയിന്റുള്ള ലൈസസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പില്‍ ഏഴ് പോയിന്റുമായി എഫ്‌സി പോര്‍ട്ടോ രണ്ടാം സ്ഥാനത്തും അഞ്ച് പോയിന്റുള്ള കോപ്പന്‍ഹേഗന്‍ മൂന്നാമതുമാണ്. എന്നാല്‍ ഇതുവരെ പോയിന്റ് നേടാന്‍ കഴിയാത്ത ക്ലബ് ബ്രുഗെയുടെ പോരാട്ടം അവസാനിച്ചു.

ഗ്രൂപ്പ് എച്ചില്‍ ആദ്യ സ്ഥാനത്തുള്ള സെവിയ്യക്ക് പത്ത് പോയിന്റാണുള്ളത്. രണ്ടാമതുള്ള യുവന്റസിന് എട്ട് പോയിന്റും. നാല് കളികള്‍ പിന്നിട്ടപ്പോള്‍ ലിയോണിന് നാല് പോയിന്റുമുണ്ട്. അതേസമയം, എല്ലാ മത്സരങ്ങളില്‍ നിന്നും പരാജയം ഏറ്റുവാങ്ങിയ ഡൈനാമോ സാഗ്രെബ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്താക്കപ്പെട്ടു.

Comments

comments

Categories: Sports