റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി നിയമം: വീഴ്ച വരുത്തിയാല്‍ ഇരുകൂട്ടര്‍ക്കും കരാര്‍ റദ്ദാക്കാം

റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി നിയമം: വീഴ്ച വരുത്തിയാല്‍ ഇരുകൂട്ടര്‍ക്കും കരാര്‍ റദ്ദാക്കാം

ന്യൂഡെല്‍ഹി: പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും വില്‍പ്പന കരാര്‍ റദ്ദാക്കാമെന്ന് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം. രണ്ടു കൂട്ടരുടേയും സമ്മതത്തോടെ വില്‍പ്പന കരാറില്‍ ഭേദഗതി വരുത്താനുള്ള പുതിയ സാധ്യതയും കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമത്തിലുണ്ട്.

കരാര്‍ അനുസരിച്ചുള്ള ഡെവലപ്പര്‍മാര്‍ക്ക് നല്‍കേണ്ട തുക മാസങ്ങളായി മുടങ്ങുകയാണെങ്കില്‍ പദ്ധതി നിര്‍മാതാക്കള്‍ക്ക് ഉപഭോക്താവുമായുള്ള വില്‍പ്പന കരാര്‍ റദ്ദാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ഈ രീതിയല്‍ കരാര്‍ റദ്ദാക്കുമ്പോള്‍ ഉപഭോക്താവിന് ബുക്കിംഗ് തുകയും അതുവരെ നിക്ഷേപിച്ച തുകയുടെ പലിശയും കമ്പനികള്‍ നല്‍കേണ്ടതില്ല.
അതേമസയം, കരാറില്‍ വ്യക്തമാക്കിയ തിയതിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുന്നതില്‍ വീഴ്ചവരുത്തിയാല്‍ ഉപഭോക്താക്കള്‍ക്ക് കരാര്‍ റദ്ദാക്കാന്‍ സാധിക്കും. കരാര്‍ റദ്ദാക്കുന്നതോടൊപ്പം നിക്ഷേപിച്ച തുക ആവശ്യപ്പെട്ടാല്‍ അടുത്ത 45 ദിവസത്തിനുള്ളില്‍ ഡെവലപ്പര്‍ ഈ തുക പലിശ സഹിതം തിരിച്ചു നല്‍കണം. ഇത്തരം പദ്ധതികളില്‍ നിന്ന് ഉപഭോക്താവ് പിന്മാറുന്നില്ല എങ്കില്‍ പദ്ധതി പൂര്‍ത്തിയാകുന്നത് വരെ നിക്ഷേപിച്ച തുകയ്ക്ക് ഡെവലപ്പര്‍ പലിശ നല്‍കണമെന്നും പുതിയ നിയമത്തില്‍ അനുശാസിക്കുന്നു.
എന്നാല്‍ യുദ്ധം, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, വരള്‍ച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങളാണ് പദ്ധതി പൂര്‍ത്തീകരണത്തിന് താമസം നേരിടാനുള്ള കാരണങ്ങളെങ്കില്‍ പലിശ നല്‍കേണ്ടതില്ല. ഇത് ഡെവലപ്പര്‍മാരുടെ നിയന്ത്രണത്തിനും അപ്പമുറമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നത്.
അപ്പാര്‍ട്ട്‌മെന്റിനോ, പ്ലോട്ടിനോ കരാറില്‍ നിശ്ചയിച്ചിരിക്കുന്ന വിലയില്‍ വര്‍ധന വരുത്തുന്നതിനും നിയമത്തില്‍ ചുവപ്പ്‌കൊടി കാണിച്ചിട്ടുണ്ട്. അതേസമയം, നിര്‍മാണ ചെലവ് നിശ്ചയിക്കാന്‍ അതോറ്റി തീരുമാനിച്ചാല്‍ മാത്രമാണ് ഇതില്‍ മാറ്റമുണ്ടാവുക.
കഴിഞ്ഞ മാസം 31നാണ് കേന്ദ്ര നഗര വികസന മന്ത്രാലയം റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി നിയമത്തിന് അന്തിമ നിര്‍ദേശം നല്‍കിയത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേവലി, ദമാന്‍ ആന്‍ഡ് ദിയു, ലക്ഷ്വദീപ്, ചണ്ഡീഗഢ് എന്നീ പ്രദേശങ്ങളില്‍ നിയമം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. ഡെല്‍ഹിയില്‍ സമാന നിയമത്തിന് ഒരുങ്ങുന്ന നഗര വികസന മന്ത്രാലയം തങ്ങളുടേതായ നിര്‍ദേശങ്ങള്‍ നിയമത്തിന് വരുത്തുകയോ അല്ലെങ്കില്‍ ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണമെന്ന് സംസ്ഥാനങ്ങളോട് അറിയിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം ഏപ്രില്‍ 30ന് മുമ്പായി റിയല്‍ എസ്റ്റേറ്റ് അതോറിറ്റികളെ നിയമിക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. മെയ് ഒന്നു മുതല്‍ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരും.

Comments

comments

Categories: Slider, Top Stories