റേറ്റിംഗ് പ്രശ്‌നങ്ങള്‍

റേറ്റിംഗ് പ്രശ്‌നങ്ങള്‍

 

ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ എസ്&പി ഗ്ലോബല്‍ റേറ്റിംഗ്‌സ് ബുധനാഴ്ച ഇന്ത്യയുടെ സോവറിംഗ് ക്രെഡിറ്റ് റേറ്റിംഗില്‍ മാറ്റമൊന്നുമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ നിക്ഷേപ ഗ്രേഡായ ബിബിബി-ആണ് ഇന്ത്യക്ക് മുമ്പ് നല്‍കിയിരുന്നത്. 2017വരെ അതു തന്നെ തുടരാനാണ് എസ്&പിയുടെ തീരുമാനം. നയങ്ങളില്‍ സ്ഥിരതയും മികച്ച പദ്ധതികളുമെല്ലാം രാജ്യത്ത് ഇപ്പോഴുണ്ടെന്ന് അവര്‍ വിലയിരുത്തിയെങ്കിലും റേറ്റിംഗില്‍ മാറ്റം വരുത്താത്തത് നരേന്ദ്ര മോദി സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതൃപ്തിയുണ്ടെന്ന് സര്‍ക്കാര്‍ തുറന്നു വ്യക്തമാക്കുകയും ചെയ്തു.

റേറ്റിംഗ് നിശ്ചയിക്കുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും കാര്യങ്ങള്‍ മനസിലാക്കാതെയാണ് റേറ്റിംഗ് നടത്തുന്നതെന്നും സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ റേറ്റിംഗ് കുറഞ്ഞ നിക്ഷേപ ഗ്രേഡായ ബിഎഎ3ല്‍ നിന്ന് ഉയര്‍ത്തില്ലെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ മൂഡീസ് പറഞ്ഞതിനെതിരെയും സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം, ചരക്കു സേവന നികുതി ബില്‍ പാസാക്കിയതു പോലുള്ള പരിഷ്‌കരണ നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നും എസ് ആന്‍ഡ് പി വിലയിരുത്തിയിരുന്നു. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് 2016ല്‍ 7.9 ശതമാനത്തിലേക്കും 2016-18ല്‍ എട്ട് ശതമാനത്തിലേക്കും എത്തുമെന്നാണ് അവരുടെ നിഗമനം. എന്നാല്‍ കുറഞ്ഞ ആളോഹരി വരുമാനമുള്ളതാണ് രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്താത്തതിന് കാരണമായി അവര്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ പിന്നിലുള്ള യുക്തിയെന്താണെന്ന് പല സാമ്പത്തിക വിദഗ്ധരും ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രാഥമികമായി നിക്ഷേപ അന്തരീക്ഷത്തില്‍ വരുന്ന മാറ്റത്തിനനുസരിച്ച് നല്‍കുന്ന റേറ്റിംഗുകള്‍ക്ക് ആളോഹരി വരുമാനം മാനദണ്ഡമാക്കുന്നതിലെ പൊരുത്തക്കേടുകളും ചര്‍ച്ചയാവുകയാണ്.

Comments

comments

Categories: Editorial