മരണത്തെ തോല്‍പ്പിച്ച് ജീവിതവിജയം നേടി പ്രിതിക

മരണത്തെ തോല്‍പ്പിച്ച് ജീവിതവിജയം നേടി പ്രിതിക

മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍ നിന്ന് ജീവിത്തിലേക്ക് തിരിച്ചെത്തി സംരംഭകലോകത്തെ ശക്തമായ സ്ത്രീസാന്നിധ്യമായി മാറിയിരിക്കുകയാണ് പ്രിതിക പാര്‍ത്ഥസാരഥിയെന്ന യുവതി. ബെംഗളൂരു ആസ്ഥാനമാക്കി സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന എവിഎ സ്‌കിന്‍കെയറിന്റെ സ്ഥാപകയാണ് പ്രിതിക.

86 വയസുള്ള മുത്തശ്ശിയാണ് പ്രിതികയെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി. തെലുങ്കില്‍ ‘ അവ്വ (ava)’ എന്നാണ് മുത്തശ്ശിയെ വിളിക്കുക. സ്വന്തമായി ബിസിനസ് ആരംഭിക്കുന്ന ഘട്ടത്തില്‍ സ്വാഭാവികമായും എ,വി,എ എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്ത് പേരിടാന്‍ പ്രിതിക നിശ്ചയിച്ചതും അതുകൊണ്ടാണ്. ഹീബ്രുവില്‍ അവ(ava) എന്നാല്‍ ‘ ദൈവത്തിന്റെ സമ്മാനം ‘ എന്നാണര്‍ത്ഥം. സൗരഭ്യം എന്നര്‍ത്ഥം വരുന്ന അരോമ, സംസ്‌കൃതത്തിലെ ആയുര്‍, വേദ മുതലായ ശബ്ദങ്ങളുടെ പ്രതീകം കൂടിയായാണ് എവിഎ എന്ന പേര് സ്ഥാപനത്തിന് പ്രിതിക ഇട്ടത്.

നാലുവര്‍ഷം മുന്‍പുണ്ടായ ഒരു അപകടമാണ് പ്രിതികയെ ജീവിതത്തെ മാറ്റിമറിച്ചത്. ഓട്ടോറിക്ഷയില്‍ യാത്രചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ വാരിയെല്ലിനും മുട്ടുചിരട്ടയ്ക്കു സാരമായ ക്ഷതം പറ്റിയ പ്രിതികയ്ക്ക് നാലുമാസത്തോളം ആശുപത്രിവാസം വേണ്ടി വന്നു. ആ 120 ദിവസങ്ങള്‍ക്കിടയില്‍ ജീവിതത്തിലേക്ക് ഒരിക്കലും പഴയതു പോലെ മടങ്ങിയെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ലെന്ന് പ്രിതിക സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പ്രിതികയ്ക്ക് പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിച്ചു. അപകടം നടക്കുന്ന സമയത്ത് ആഡംബര ചര്‍മ്മസംരക്ഷണ ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങളുടെ വിതരണം നടത്തി വരികയായിരുന്നു പ്രിതിക. അപകടത്തിനു ശേഷമുള്ള ചികിത്സയുടെ ഭാഗമായി സ്റ്റിറോയ്ഡ് ചേര്‍ന്ന മരുന്നുകള്‍ കൂടുതലായി പ്രിതികയ്ക്കു കഴിക്കേണ്ടി വന്നു. ഇതിനെ തുടര്‍ന്നുള്ള പാര്‍ശ്വഫലങ്ങള്‍ പ്രിതികയുടെ തൂക്കം 10 കിലോയോളം വര്‍ധിപ്പിച്ചു. അപകടത്തിന്റെ അടയാളമായി നിരവധി മുറിപ്പാടുകള്‍ പ്രിതികയുടെ മുഖത്ത് അവശേഷിച്ചു. ഈ അവസ്ഥയില്‍ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ വിതരണ ഘടകത്തിന്റെ ഉടമസ്ഥയായി തുടരുന്നതില്‍ പ്രകടമായ വൈരുധ്യം പ്രിതികയ്ക്കു സ്വയം അനുഭവപ്പെട്ടു.

മുഖസൗന്ദര്യം വീണ്ടെടുക്കുന്നതിന് ചുറ്റുമുള്ളവര്‍ പല ചികിത്സയും നിര്‍ദേശിച്ചു. എന്നാല്‍ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ മരുന്ന് കഴിച്ചതു മൂലമുണ്ടായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ വീണ്ടും രാസവസ്തുക്കള്‍ ചേര്‍ത്ത മരുന്നു കഴിക്കേണ്ടി വരുന്ന ചികിത്സാ സമ്പ്രദായം സ്വീകരിക്കുന്നതിനോട് പ്രിതികയ്ക്ക് വിയോജിപ്പായിരുന്നു. പാരമ്പര്യ ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്തുള്ള ചികിത്സാരീതിയാണ് പ്രിതിക സ്വീകരിച്ചത്. അപകടത്തിനു ശേഷമുണ്ടായ അമിതവണ്ണം, അടയാളങ്ങള്‍ മുതലായവയില്‍ നിന്നു പൂര്‍ണമായും മുക്തി നേടിയ ശേഷം വൈകാതെ പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണോല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന എവിഎ സ്‌കിന്‍കെയറിനു രൂപം നല്‍കാന്‍ പ്രിതികയ്ക്കു പ്രേരണയായതും ഇതാണ്. ‘സ്വയം സ്‌നേഹിക്കൂ സ്വാഭാവികമായി’ എന്ന വാക്യമാണ് ഉപഭോക്താക്കള്‍ക്കു മുന്നില്‍ പ്രിതിക അവതരിപ്പിച്ചത്.

ചര്‍മസൗന്ദര്യത്തേക്കാള്‍ ആന്തരിക സൗന്ദര്യമാണ് മികച്ചതെന്ന സ്ഥിരം വാചകമടി പറയുന്നവര്‍ ഏറെയുണ്ടെന്നും അത്തരക്കാരോടു പലപ്പോഴും താന്‍ നടന്ന പാതയിലൂടെ സഞ്ചരിക്കാനാണ് ആവശ്യപ്പെടാറെന്നും പ്രിതിക വ്യക്തമാക്കി. നിലവില്‍ ഇന്ത്യയിലെ സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ ഏറ്റവും ആധികാരികമായ ബ്രാന്‍ഡുകളിലൊന്നായി വളര്‍ന്നു വരികയാണ് പ്രിതികയുടെ എവിഎ സ്‌കിന്‍കെയര്‍.

Comments

comments

Categories: Slider, Women