കമ്മീഷന്‍ വര്‍ധിപ്പിക്കണം: പെട്രോളിയം ഡീലര്‍മാരുടെ സമരം നവംബര്‍ 15ന്

കമ്മീഷന്‍ വര്‍ധിപ്പിക്കണം:  പെട്രോളിയം ഡീലര്‍മാരുടെ സമരം നവംബര്‍ 15ന്

 

കൊല്‍ക്കത്ത: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പെട്രോളിയം ഡീലര്‍മാര്‍ നവംബര്‍ 15ന് പണിമുടക്കുന്നു. ഇതിനു മുന്നോടിയായി ഇന്നലെ എണ്ണ വിപണന കമ്പനി (ഒഎംസി)കളില്‍ നിന്നും ഇന്ധനം വാങ്ങാതെ ഡീലര്‍മാര്‍ പ്രതിഷേധിച്ചു. നവംബര്‍ 15ന് ഇന്ധനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാതെ പൂര്‍ണമായും പണിമുടക്കുമെന്നും ഡീലര്‍മാര്‍ അറിയിച്ചു.

ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ (എഐപിഡിഎ) ഇതിനോടകം തന്നെ രാജ്യത്തുടനീളം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഈ മാസം 15ന് തങ്ങള്‍ ഇന്ധന ശേഖരണവും വിതരണവും പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പശ്ചിമബംഗാള്‍ എഐപിഡിഎ യൂണിറ്റ് ജനറല്‍ സെക്രട്ടറി ശരദിന്തു പാല്‍ പറഞ്ഞു. നിലവിലുള്ള മൂന്ന് ശതമാനത്തില്‍ നിന്നും ഡീലര്‍മാരുടെ കമ്മീഷന്‍ അഞ്ച് ശതമാനമാക്കി ഉയര്‍ത്തണമെന്നതാണ് പ്രധാന ആവശ്യമെന്നും അദ്ദേഹം അറിയിച്ചു.

എഥനോള്‍ കൂട്ടിച്ചേര്‍ത്ത പെട്രോളുമായി ബന്ധപ്പെട്ട് എണ്ണക്കമ്പനികള്‍ വേണ്ടത്ര ബോധവല്‍ക്കരണ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ശരദിന്തു പാല്‍ ആരോപിച്ചു. നവംബര്‍ 15ന് ആഹ്വാനം ചെയ്തിട്ടുള്ള സമരത്തില്‍ രാജ്യത്തെ 53,500 പെട്രോള്‍ പമ്പുകള്‍ പങ്കാളികളാകും. കഴിഞ്ഞ മാസം 19നും, 26നും രാത്രി ഏഴ് മണി മുതല്‍ 7.15 വരെ 15 മിനുറ്റ് സൂചനാ സമരവും ഡീലര്‍മാര്‍ നടത്തിയിരുന്നു.

Comments

comments

Categories: Politics, Slider