അഫോര്‍ഡബിള്‍ ഹൗസുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ മതി

അഫോര്‍ഡബിള്‍ ഹൗസുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ മതി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള അഫോര്‍ഡബിള്‍ വീടുകള്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷയും സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ മുതല്‍ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിനും അപേക്ഷകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമാണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നഗര പ്രദേശങ്ങളിലെ ഭവന രഹിതരായവര്‍ക്ക് വീട് വെക്കുന്നതിനുള്ള സഹായമാണ് പ്രധാനമന്ത്രി ആവാസ് യോജന (അര്‍ബന്‍) പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. നഗര വികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി അമൃത് അഭിജതും ഐടി വകുപ്പ് മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ ഇ ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡിന്റെ സിഇഒ ദിനേശ് ത്യാഗിയും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
നഗരങ്ങളിലുള്ള ഏകദേശം 60,000 കോമണ്‍ സര്‍വീസ് സെന്ററുകളില്‍ (സിഎസ്എസ്) ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും. 25 രൂപയാണ് ഒരു അപേക്ഷയ്ക്ക് നല്‍കേണ്ടത്. ഡിജിറ്റല്‍ ഇന്ത്യ മിഷന്‍ ഇന്ത്യയെ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടെ കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ നായിഡു ഓഫീസുകളില്‍ നേരിട്ടു ചെന്ന് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഓണ്‍ലൈന്‍ അപേക്ഷ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടി.
2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 13.70 ലക്ഷം അഫോര്‍ഡബിള്‍ വീടുകള്‍ക്കാണ് അനുമതി നല്‍കിയിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം മാത്രം 11 ലക്ഷം വീടുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022ഓടെ രാജ്യത്തെ നഗരങ്ങളിലുള്ള രണ്ട് കോടിയോളം ഭവന രഹിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് പ്രധാനനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏകദേശം രണ്ട് ലക്ഷം കോടി രുപയോളമാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളം, പഞ്ചാബ്, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ 84,500 അഫോര്‍ഡബിള്‍ വീടുകള്‍ക്ക് സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഇതോടെ മൊത്തം അനുവദി നല്‍കിയ വീടുകളുടെ എണ്ണം 10.95 ലക്ഷമായി.

Comments

comments

Categories: Business & Economy