ടാറ്റ സണ്‍സ്: എന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാനാകാന്‍ സാധ്യത

ടാറ്റ സണ്‍സ്:  എന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാനാകാന്‍ സാധ്യത

 

മുംബൈ : ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍ ചന്ദ്രശേഖരനാണെന്ന് സൂചന. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പെപ്‌സികോ മേധാവി ഇന്ദ്ര നൂയി, വോഡഫോണ്‍ ഗ്രൂപ്പ് മേധാവി അരുണ്‍ സരിന്‍, ടാറ്റ റീട്ടെയ്ല്‍ യൂണിറ്റായ ട്രെന്‍ടിന്റെ ചെയര്‍മാന്‍ നോയല്‍ ടാറ്റ എന്നിവര്‍ക്കൊപ്പം ടിസിഎസ് മുന്‍ സിഇഒ എസ് രാമദുരൈ, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മേധാവി റാല്‍ഫ് സ്‌പേത് എന്നിവരുടെയും പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു.

ഇവരില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍ ചന്ദ്രശേഖരന്‍, റാല്‍ഫ് സ്‌പേത് എന്നിവരെ സൈറസ് മിസ്ത്രിയെ പുറത്താക്കിയതിന്റെ പിറ്റേ ദിവസം തന്നെ ടാറ്റ സണ്‍സ് ബോര്‍
ഡിലേക്ക് നിയമിച്ചിരുന്നു. സര്‍ക്കാരിന്റെ നൈപുണ്യ വികസന ഏജന്‍സികളായ എന്‍എസ്ഡിഎ, എന്‍എസ്ഡിസി എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് രാമദുരൈ രാജിവെച്ചത് ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അദ്ദേഹം ശക്തമായി പരിഗണിക്കപ്പെടുന്നുവെന്ന അഭ്യൂഹത്തിന് ഇടയാക്കിയിരുന്നു.

രത്തന്‍ ടാറ്റ നയിക്കുന്ന അഞ്ചംഗ സമിതിക്കാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല.
പുതിയ ചെയര്‍മാനെ പരിഗണിക്കുമ്പോള്‍ എന്‍ ചന്ദ്രശേഖരന്റെ മികവും യോഗ്യതകളും പാനലിന് കണക്കിലെടുക്കാതെ നിര്‍വാഹമില്ല. ചന്ദ്ര എന്ന് വിളിക്കപ്പെടുന്ന 53 കാരനായ ചന്ദ്രശേഖരനാണ് ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും മൂല്യമേറിയ കമ്പനിയായ ടിസിഎസിനെ നയിക്കുന്നത്. നൂറോളം വരുന്ന ടാറ്റ കമ്പനികളിലെ എല്ലാ മേധാവികളെയുമെടുത്താല്‍ ചന്ദ്രയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് ജര്‍മന്‍കാരനായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മേധാവി റാല്‍ഫ് സ്‌പേത്ത് മാത്രമാണ്. ടിസിഎസും ജെഎല്‍ആറുമാണ് ടാറ്റ ഗ്രൂപ്പിന് ഏറ്റവുമധികം വരുമാനമുണ്ടാക്കിക്കൊടുക്കുന്നത് എന്നതും ഈ രണ്ട് കമ്പനികളും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നതും രത്തന്‍ ടാറ്റ കണക്കിലെടുത്തേക്കും.

പ്രായം പരിഗണിക്കുമ്പോള്‍, രാമദുരൈക്ക് 71 വയസായെങ്കില്‍ ചന്ദ്രയ്ക്ക് 53 വയസ് മാത്രമേയുള്ളൂ. ടിസിഎസ് സിഇഒ ആന്‍ഡ് എംഡി ആയി 2009ലാണ് ചന്ദ്രശേഖരന്‍ സ്ഥാനമേല്‍ക്കുന്നത്. മേധാവി എന്ന നിലയില്‍ തനിക്ക് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്നും വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുമെന്നും ഇതിനകം തെളിയിച്ചിട്ടുണ്ട്.

എന്‍ ചന്ദ്രശേഖരന് കീഴില്‍ ടിസിഎസിന്റെ വിറ്റുവരവ് മൂന്ന് മടങ്ങായാണ് വര്‍ധിച്ചത്. 2010ലെ 30,000 കോടി രൂപയില്‍നിന്ന് 2016ഓടെ ഇത് 1.09 ലക്ഷം കോടിയായി മാറി. ലാഭവും മൂന്നുമടങ്ങ് വര്‍ധിച്ചു. 7,093 കോടി രൂപയില്‍നിന്ന് 24, 375 കോടി രൂപയായാണ് ലാഭം വര്‍ധിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കയറ്റുമതി കമ്പനിയായ ടിസിഎസില്‍ നിലവില്‍ 3,50,000 പേരാണ് ജോലി ചെയ്യുന്നത്. ഇത് ടിസിഎസിനെ രാജ്യത്ത് സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവാക്കി മാറ്റുന്നു. ലിസ്റ്റഡ് കമ്പനികളില്‍ കോള്‍ ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ടിസിഎസ്.

Comments

comments

Categories: Slider, Top Stories