എന്‍ആര്‍ഐകള്‍ക്ക് മുദ്രവെച്ച സ്വര്‍ണ്ണനാണയം വില്‍ക്കാന്‍ എംഎംടിസി

എന്‍ആര്‍ഐകള്‍ക്ക് മുദ്രവെച്ച  സ്വര്‍ണ്ണനാണയം  വില്‍ക്കാന്‍ എംഎംടിസി

 

കൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും വലിയ ഫോറിന്‍ ട്രേഡ് എന്റര്‍പ്രൈസസുകളിലൊന്നായ മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എംഎംടിസി) ഇന്ത്യന്‍ ബാങ്കുകളുമായി ചേര്‍ന്ന് എന്‍ആര്‍ഐ (നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ്)കള്‍ക്ക് മുദ്ര പതിപ്പിച്ച സ്വര്‍ണ്ണ നാണയങ്ങള്‍ വില്‍ക്കാന്‍ പദ്ധതിയിടുന്നു. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, വിജയ ബാങ്ക്, ഫെഡറല്‍ ബാങ്ക്, യെസ് ബാങ്ക്, ആന്ധ്ര ബാങ്ക് തുടങ്ങിയ ഏഴു പങ്കാളികളുമായി ഇതു സംബന്ധിച്ച് കരാറിലെത്തിയെന്ന് എംഎംടിസി അധികൃതര്‍ അറിയിച്ചു.

ഒരു വശത്ത് അശോക ചക്രവും മറുവശത്ത് മഹാത്മ ഗാന്ധിയുടെ ചിത്രവും പതിച്ച സ്വര്‍ണ്ണ നാണയങ്ങളാവും എംഎംടിസി വില്‍ക്കുക. പ്രാഥമിക ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, മിഡില്‍ ഈസ്റ്റ്, സിംഗപ്പൂര്‍ തുടങ്ങിയ വിപണികളെയാണ് കമ്പനി ഉന്നമിടുന്നത്. 5, 10 ഗ്രാം വീതം ഭാരമുള്ള മുദ്രവെച്ച സ്വര്‍ണ്ണ നാണയങ്ങള്‍ ലഭ്യമാണ്. കൂടാതെ 20 ഗ്രാമിന്റെ ഇന്ത്യന്‍ സ്വര്‍ണ്ണക്കട്ടിയും എംഎംടിസി വിതരണം ചെയ്യുന്നുണ്ട്.
ബാങ്കുകളുമായുള്ള കരാര്‍ അനുസരിച്ച് ലോകത്തില്‍ എവിടെയെല്ലാം അവയ്ക്ക് ശാഖകളുണ്ടോ അവിടങ്ങളിലെല്ലാം സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയും. മുദ്രവെച്ച സ്വര്‍ണ്ണ നാണയങ്ങളുടെ പ്രധാന വിപണിയാണ് ദക്ഷിണാഫ്രിക്ക. ഗാന്ധിജിയുടെ മുദ്രയുള്ളതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കയിലെ എന്‍ആര്‍ഐകള്‍ സ്വര്‍ണ്ണ നാണയം വാങ്ങാന്‍ താല്‍പര്യം കാണിക്കുമെന്നും പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന എംഎംടിസി ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
ധാരാളം എന്‍ആര്‍ഐകള്‍ താമസിക്കുന്ന അമേരിക്കയില്‍ പ്രവേശിക്കാനും കമ്പനിക്ക് താല്‍പര്യമുണ്ട്. നാണയങ്ങളുടെ വിപണനത്തിന് സഹകമ്പനിയായ സിംഗപ്പൂരിലെ എംഎംടിസി ട്രാന്‍സ്‌നാഷണലിന്റെ സഹായം തേടുന്നതിനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 383 ബാങ്ക് ശാഖകളിലൂടെ ഇന്ത്യയില്‍ എംഎംടിസി സ്വര്‍ണ്ണ നാണയങ്ങള്‍ വിറ്റുവരുന്നു.

Comments

comments

Categories: Branding