പൈലറ്റില്ലാതെ വലയുന്ന ജെറ്റ് എയര്‍വെയ്‌സ്

പൈലറ്റില്ലാതെ വലയുന്ന  ജെറ്റ് എയര്‍വെയ്‌സ്

ന്യൂഡെല്‍ഹി: ആഭ്യന്തര വ്യോമയാന രംഗത്തെ മുന്‍നിരക്കാരായ ജെറ്റ് എയര്‍വെയ്‌സിനെ പൈലറ്റ് ക്ഷാമം പ്രതിസന്ധിയിലാക്കുന്നു. വേണ്ടത്ര കാബിന്‍ ക്രൂസിന്റെ അഭാവത്തില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ സര്‍വീസുകള്‍ പലപ്പോഴും തടസപ്പെടുകയാണ്. വിമാന സര്‍വീസിന് ആനുപാതികമായി പൈലറ്റുമാരെ ലഭിക്കാത്തതാണ് പ്രശ്‌നകാരണം.

ഇന്‍ഡിഗോ കഴിഞ്ഞാല്‍ രാജ്യത്തിനകത്ത് ഏറ്റവുമധികം സര്‍വീസ് നടത്തുന്നത് ജെറ്റ് എയര്‍വെയ്‌സാണ്. ബോയിംഗ് 777, ബി737എസ്, എയര്‍ബസ് എ330 എന്നിവയടക്കം 120 വിമാനങ്ങള്‍ ജെറ്റ് എയര്‍വെയ്‌സിനുണ്ട്. അവയിലെല്ലാം ചേര്‍ന്ന് 1200 പൈലറ്റുമാര്‍ സേവനം നടത്തുന്നു. നിലവിലെ സാഹചര്യത്തില്‍ ജെറ്റിന് 200 പൈലറ്റുമാരുടെ കുറവുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായി ഒരാഴ്ച 3,010 സര്‍വീസുകള്‍ക്കാണ് ജെറ്റ് നീക്കമിടുന്നത്. സഹ കമ്പനി ജെറ്റ്‌ലൈറ്റ് വഴി 507 സര്‍വീസുകളും ആലോചനയിലുണ്ട്. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് കമ്പനിക്ക് ഉറപ്പില്ല. സെപ്റ്റംബറില്‍ മാത്രം ഡെല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ പ്രധാന നഗരങ്ങളില്‍ നിന്നുള്ള പതിനെട്ടു ശതമാനത്തോളം ജെറ്റ് സര്‍വീസുകള്‍ താളംതെറ്റിയിരുന്നു. ഒന്നുകില്‍ വിമാനം പുറപ്പെടാനോ അതല്ലെങ്കില്‍ തിരിച്ചിറങ്ങാനോ വൈകിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാബിന്‍ ക്രൂവിന്റെ കുറവുമൂലം, മുംബൈയില്‍ നിന്നു ചെന്നൈയിലേക്കുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനം വൈകിയതില്‍ ക്ഷുഭിതനായി ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്യുകപോലുമുണ്ടായി. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന മേഖലയായ ഇന്ത്യയില്‍ ടിക്കറ്റ് നിരക്കു കുറച്ചും സര്‍വീസുകളുടെ എണ്ണം കൂട്ടിയും വിമാനക്കമ്പനികള്‍ കടുത്ത മത്സരത്തിലാണ്. ഉഷ്ണ, ശൈത്യകാല ഷെഡ്യൂളുകളില്‍ ജെറ്റ് എയര്‍വെയ്‌സ് എല്ലാവര്‍ഷവും വര്‍ധന വരുത്തിവരുന്നു. എന്നാല്‍ അതിനനുസരിച്ച് പൈലറ്റുമാരുടെ എണ്ണമുയര്‍ത്താന്‍ സാധിക്കാത്തതാണ് അവരെ പ്രശ്‌നത്തിലാക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തി.

Comments

comments

Categories: Branding