വായ്പാ നിരക്കും വിലയില്‍ മാറ്റമില്ലാത്തതും വീട് വില്‍പ്പന വര്‍ധിപ്പിച്ചു

വായ്പാ നിരക്കും വിലയില്‍ മാറ്റമില്ലാത്തതും വീട് വില്‍പ്പന വര്‍ധിപ്പിച്ചു

മുംബൈ: പ്രോപ്പര്‍ട്ടി വിലയില്‍ രണ്ട് വര്‍ഷമായി കാര്യമായ മാറ്റമില്ലാത്തതും പലിശ നിരക്കില്‍ കുറവ് വരുത്തിയതും രാജ്യത്തെ മുഖ്യ റിയല്‍റ്റി വിപണികളില്‍ വീട് വില്‍പ്പന വര്‍ധിപ്പിച്ചു. വര്‍ഷാനുപാതത്തില്‍ 15 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ നേടിയത്. മുന്‍നിര നഗരങ്ങളിലായി നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ മാത്രം 78 മില്ല്യന്‍ ചതുരശ്രയടിയാണ് മൊത്തം വില്‍പ്പന നടന്നത്. ഡെല്‍ഹി, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, പൂനെ, അഹ്മദാബാദ് എന്നീ വിപണികളില്‍ സെപ്റ്റംബറില്‍ മികച്ച വില്‍പ്പന രേഖപ്പെടുത്തി.

ഇതില്‍ മുംബൈ മെട്രോ പൊളിറ്റന്‍ പ്രദേശം, രാജ്യ തലസ്ഥാന പ്രദേശം എന്നിവിടങ്ങളിലാണ് ഏറ്റവും വില്‍പ്പന രേഖപ്പെടുത്തിയത്. മുംബൈയില്‍ 39 ശതമാനവും ഡെല്‍ഹിയില്‍ 11 ശതമാനം വളര്‍ച്ചയുമാണ് കഴിഞ്ഞ പാദത്തില്‍ നേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലുള്ള സെപ്റ്റംബര്‍ മാസങ്ങളില്‍ ഏറ്റവും മികച്ച നേട്ടം കൈവരിച്ചത് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണെന്ന് കമ്പനികള്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഫെസ്റ്റിവല്‍ സീസണില്‍ വില്‍പ്പന കണക്കകള്‍ ഇതുവരെ കമ്പനികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിലും കൂടുതല്‍ വില്‍പ്പന നടത്തിയിട്ടുണ്ടാകുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചെപ്പെട്ടതിന്റെ സൂചനകള്‍ റിയല്‍റ്റി വിപണിയില്‍ പ്രകടമാണെന്നാണ് വിലയിരുത്തലുകള്‍.
അടിസ്ഥാന പലിശ നിരക്കുകളില്‍ കുറവ് വരുത്താനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തീരുമാനം ഭവന വായ്പകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വീകാര്യമായതും വില്‍പ്പനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന പലിശ നിരക്ക് 9.1 ശതമാനമാക്കി ചുരുക്കിയിട്ടുണ്ട്. ഫെസ്റ്റിവല്‍ സീസണോടനുബന്ധിച്ച് നല്‍കിയ സ്‌കീമിലാണ് ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ബാങ്ക് ഈടാക്കാന്‍ തീരുമാനിച്ചത്. ഏറ്റവും വലിയ ബാങ്കായതിനാല്‍ തന്നെ കൂടുതല്‍ ഭവന ഉപഭോക്താക്കളും ഭവന പലിശയ്ക്ക് സ്റ്റേറ്റ് ബാങ്കിനെയാണ് സമീപിക്കാറുള്ളത്. ഇത്തരം വായ്പ എടുത്തവര്‍ക്ക് പുതിയ നിരക്ക് ഏറെ ആശ്വാസമാകും. എസ്ബിഐ നിരക്ക് കുറച്ചതോടെ കൂടുതല്‍ ബാങ്കുകള്‍ ഇതിന് തയാറായേക്കുമെന്നതാണ് മറ്റൊരു ഗുണം.
പലിശ നിരക്ക് കുറക്കുന്നതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്ന് ആര്‍ബിഐ ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ ബാങ്കുകളോട് കര്‍ശന നിലപാട് സ്വീകിരിച്ചിരുന്നെങ്കിലും നിരക്കിളവിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കാന്‍ ബാങ്കുകള്‍ തയാറായിരുന്നില്ല.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമത്തിന് അന്തിമ നിര്‍ദേശം നല്‍കിയത് വരുംദിനങ്ങളില്‍ റിയല്‍റ്റി വിപണി കൂടുതല്‍ വളര്‍ച്ച കൈവിരിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Business & Economy