മൂലധന ചെലവിന് ഐഒസി 1.83 ലക്ഷം കോടി നീക്കിവെച്ചു

മൂലധന ചെലവിന് ഐഒസി 1.83  ലക്ഷം കോടി നീക്കിവെച്ചു

 

മുംബൈ: പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) 2018-2022 കാലയളവിലെ മൂലധന ചെലവിനായി 1.83 ലക്ഷം കോടി രൂപ നീക്കിവെച്ചു. റിഫൈനറികളുടെ വിപുലീകരണത്തിനും ടെര്‍മിനലുകള്‍ സ്ഥാപിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ റിഫൈനറികളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുവേണ്ടി ഐഒസി 19,000 കോടി രൂപ ചെലവഴിച്ചു. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപ ഇതിലേക്കായി ചെലവിടും. അതോടൊപ്പം മാര്‍ക്കറ്റിംഗ് പദ്ധതികള്‍ക്കുവേണ്ടി 40,000 കോടിയും വിനിയോഗിക്കും. പൈപ്പ് ലൈനുകളുടെ വിപുലീകരണത്തിന് 22,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ പര്യവേക്ഷണം, ഉല്‍പ്പാദനം എന്നിവയ്ക്കായി 30,000 കോടി രൂപയും പെട്രോകെമിക്കല്‍ ബിസിനസിനെ ലക്ഷ്യമിട്ട് 29,000 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്.
നിലവില്‍ ഒഡീഷയിലെ പ്രദിപിലെ റീഫൈനറിയുടെ ശേഷി പ്രതിവര്‍ഷം 15 മില്ല്യണ്‍ ടണ്ണാക്കുന്നതിനുള്ള നടപടികളിലാണ് കമ്പനി. തുടക്കത്തിലെ അപാകതകളെല്ലാം മറികടന്നാണ് പ്രദിപ് റിഫൈനറി കമ്മീഷന്‍ ചെയ്തത്. 2017 മാര്‍ച്ചോടെ റിഫൈനറിയുടെ ത്രൈമാസ ഉല്‍പ്പാദന നിരക്ക് 3.7-4 മില്ല്യണ്‍ ടണ്ണാവും. വിനിയോഗ നിരക്ക് 90 ശതമാനത്തിലുമെത്തും- എംകായ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഗവേഷണ നിരീക്ഷകനായ ധവാല്‍ ജോഷി പറഞ്ഞു.
ഇന്ധന ഉപഭോഗം വര്‍ധിക്കുന്നതിനനുസരിച്ച് ഉല്‍പ്പാദന ശേഷി കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഐഒസി തന്ത്രപരമായ വിപുലീകരണത്തിനൊരുങ്ങുന്നത്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉപയോക്താക്കളായ ജപ്പാനെ ഇന്ത്യ ഈ വര്‍ഷം മറികടക്കുമെന്ന് പാരിസ് ആസ്ഥാനമാക്കിയ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി കണക്കുകൂട്ടുന്നു.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഐഒസിയുടെ മൊത്തം ബാധ്യത 21 ശതമാനം ഇടിഞ്ഞ് 41,885 കോടി രൂപയിലെത്തിയിരുന്നു. മുന്‍പാദത്തിലിത് 53,404 കോടി രൂപയായിരുന്നുവെന്ന് ഐഒസി ഡയറക്റ്റര്‍ (ഫിനാന്‍സ്) എ കെ ശര്‍മ്മ പറഞ്ഞു. ഇന്ത്യയിലെ 23 റിഫൈനറികളില്‍ 11 എണ്ണം ഐഒസിയുടെ നിയന്ത്രണത്തിലാണ്. പ്രതിവര്‍ഷം 80.70 മില്ല്യണ്‍ ടണ്‍ ഉല്‍പ്പാദന ശേഷി കമ്പനിക്കുണ്ട്. രാജ്യത്തിന്റെ റിഫൈനിംഗ് ശേഷിയുടെ 35 ശതമാനവും കൈയാളുന്നതും ഐഒസി തന്നെ.

Comments

comments

Categories: Branding