ചൈനീസ് അലുമിനിയത്തിന് തീരുവ ചുമത്താനൊരുങ്ങി കേന്ദ്രം

ചൈനീസ് അലുമിനിയത്തിന്  തീരുവ ചുമത്താനൊരുങ്ങി കേന്ദ്രം

 

കൊല്‍ക്കത്ത: ആഭ്യന്തര വ്യവസായത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അലുമിനിയത്തിന് തീരുവ ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു.
ഇന്ത്യയിലെ അലുമിനിയം ഉല്‍പ്പാദകരെ സംരക്ഷിക്കാന്‍ ചൈനീസ് അലുമിനിയത്തിന് തീരുവ ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ ഈ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഖനന സെക്രട്ടറി ലവേന്തര്‍ കുമാര്‍ പറഞ്ഞു. ഒന്നുകില്‍ ആന്റി ഡംപിങ് ഡ്യൂട്ടി ചുമത്തുകയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലെ തീരുവയോ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനീസ് അലുമിനിയം അമിതമായി ഇന്ത്യയില്‍ കുന്നുകൂട്ടുന്നതിന് പ്രാഥമിക തെളിവുണ്ടെന്ന്
ആന്റി-ഡംപിങ് ആന്‍ഡ് അലൈഡ് ഡ്യൂട്ടീസ് (ഡിജിഎഡി) ഡയറക്റ്ററേറ്റ് ജനറല്‍ വ്യക്തമാക്കിയിരുന്നു.
ആഭ്യന്തര അലുമിനിയം കമ്പനികളെ ദോഷകരമായി ബാധിക്കുന്ന ചൈനീസ് ഡംപിങ്ങിന്റെ തോതും പരിണിത ഫലങ്ങളും പ്രാഥമികമായി പരിശോധിച്ചു. ചൈനീസ് അലുമിനിയത്തിനുമേല്‍ ചുമത്തേണ്ട തീരുവയുടെ വ്യാപ്തി നിര്‍ദേശിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും ഡിജിഎഡി പറയുകയുണ്ടായി.
ഇന്ത്യയുടെ അലുമിനിയം ഉപഭോഗം പ്രതിവര്‍ഷം മൂന്നു മില്ല്യണ്‍ ടണ്ണും ഉല്‍പ്പാദന ശേഷി നാലു മില്ല്യണ്‍ ടണ്ണുമാണ്. അടുത്തിടെ പ്രധാനമായും ചൈനയില്‍ നിന്നുള്ള ഇറക്കുമതി, ഉപഭോഗത്തിന്റെ പകുതിയിലെത്തിയിരുന്നു. അലുമിനിയം ഇറക്കുമതി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2015ല്‍ 159 ശതമാനമാണ് ഉയര്‍ന്നത്.

Comments

comments

Categories: Business & Economy