വ്യക്തിഗത ആദായ നികുതിയില്‍ 77 ശതമാനവും 0.15 ശതമാനം പേരുടെ സംഭാവന

വ്യക്തിഗത ആദായ നികുതിയില്‍ 77 ശതമാനവും 0.15 ശതമാനം പേരുടെ സംഭാവന

ന്യൂഡെല്‍ഹി : ഇന്ത്യയുടെ വ്യക്തിഗത ആദായ നികുതിയില്‍ 77 ശതമാനവും അടയ്ക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ 0.15 ശതമാനം പേര്‍. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2012-13 വര്‍ഷത്തില്‍ 2.88 കോടി വ്യക്തികളാണ് ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ ഫയല്‍ ചെയ്തതെങ്കില്‍ 2014-15ല്‍ ഇത് 3.65 കോടിയായി. രണ്ട് വര്‍ഷത്തിനിടെ 27 ശതമാനത്തിന്റെ വര്‍ധനയാണ് റിട്ടേണുകളില്‍ സംഭവിച്ചത്. ഇതേ കാലയളവില്‍ ആദായ നികുതി അടയ്ക്കുന്നവരുടെ എണ്ണം 1.25 കോടിയില്‍നിന്ന് 1.91 കോടിയായും വര്‍ധിച്ചു. ഇക്കാര്യത്തില്‍ 52.6 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചവരില്‍ നികുതി അടച്ചവരുടെ ശതമാനത്തിലും ക്രമാനുഗതമായ വളര്‍ച്ച കാണാവുന്നതാണ്. 2012-13 ല്‍ 43.5, 2013-14 ല്‍ 49.6, 2014-15 ല്‍ 52.3 എന്നിങ്ങനെയാണ് ഇക്കാര്യത്തിലെ വര്‍ധന. രാജ്യത്തെ ജനസംഖ്യക്ക് ആനുപാതികമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 2012-13 ല്‍ ഇത് 2.3 ശതമാനമാണെങ്കില്‍ 2014-15 ല്‍ ഇത് 2.8 ശതമാനമായി ഉയര്‍ന്നു.

2012-13 വര്‍ഷത്തില്‍ രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനമാണ് ആദായ നികുതി അടച്ചതെങ്കില്‍ 2014-15 ല്‍ ഇത് 1.5 ശതമാനമായി. സുപ്രധാന കാര്യം, രാജ്യത്തെ 98.5 ശതമാനം ജനങ്ങളും ആദായ നികുതി അടയ്ക്കുന്നില്ല എന്നതാണ്. ഇത് രാജ്യത്തെ ദാരിദ്ര്യം വ്യക്തമാക്കുന്നതോടൊപ്പം ആദായ നികുതി നിയമങ്ങള്‍ അനുസരിക്കാനുള്ള ജനങ്ങളുടെ വിമുഖതയും പ്രകടമാക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories