എച്ച്‌ഐഎല്‍ വാതകച്ചോര്‍ച്ച: ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ക്ക് അന്വേഷണ ചുമതല

എച്ച്‌ഐഎല്‍ വാതകച്ചോര്‍ച്ച: ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ക്ക് അന്വേഷണ ചുമതല

 

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സി(എച്ച്.ഐ.എല്‍)ന്റെ ഉദ്യോഗമണ്ഡല്‍ പ്ലാന്റില്‍ കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് ചോര്‍ന്ന് തീപിടുത്തമുണ്ടായ സംഭവം സംബന്ധിച്ച് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ പ്രാഥമികാന്വേഷണം നടത്തും. സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം സംബന്ധിച്ച് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കളക്ടര്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എച്ച്‌ഐഎല്‍ കമ്പനിയുടെ ആവശ്യത്തിനായി ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് കമ്പനിയുടെ ടാങ്കിലേക്ക് പകര്‍ത്തുന്നതിനിടയില്‍ ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനത്തിലെത്തിയതായി കളക്ടര്‍ വ്യക്തമാക്കി. വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അഗ്‌നിബാധയില്‍ 16 പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ ആറു പേരെ എറണാകുളം മെഡിക്കല്‍ സെന്ററിലും പത്ത് പേരെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ സെന്ററില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണ്. നാലു പേര്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു.

പൊള്ളലേറ്റവരില്‍ അഞ്ചു പേര്‍ എച്ച്‌ഐഎല്‍ ജീവനക്കാരും 11 പേര്‍ കരാര്‍ തൊഴിലാളികളുമാണ്. പൊള്ളലേറ്റവരുടെ ചികിത്സാച്ചെലവ് എച്ച്‌ഐഎല്‍ വഹിക്കും. അപകടത്തിന് ശേഷം ടാങ്കറില്‍ അവശേഷിച്ചിരുന്ന വാതകം വിദഗ്ധ മേല്‍നോട്ടത്തില്‍ കമ്പനി ടാങ്കിലേക്ക് പകര്‍ത്തിയതായും കളക്ടര്‍ പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണ്.

Comments

comments

Categories: Branding