എല്‍എന്‍ജി കപ്പലുകള്‍ പാട്ടത്തിനെടുക്കാനുള്ള ടെന്‍ഡര്‍ ഗെയില്‍ റദ്ദാക്കി

എല്‍എന്‍ജി കപ്പലുകള്‍ പാട്ടത്തിനെടുക്കാനുള്ള ടെന്‍ഡര്‍ ഗെയില്‍ റദ്ദാക്കി

 

ന്യൂഡെല്‍ഹി : യുഎസില്‍ നിന്ന് ദ്രവീകൃത പ്രകൃതി വാതകം കൊണ്ടുവരുന്നതിന് പുതുതായി നിര്‍മ്മിച്ച കപ്പലുകള്‍ പാട്ടത്തിനെടുക്കാനുള്ള ടെന്‍ഡര്‍ ഗെയില്‍ ഇന്ത്യ ലിമിറ്റഡ് റദ്ദാക്കി. ടെന്‍ഡറില്‍ വളരെ കുറച്ച് കമ്പനികള്‍ മാത്രമേ പങ്കെടുക്കൂ എന്നതിനാലാണ് നടപടികള്‍ നിര്‍ത്തിവെച്ചത്. കപ്പലുകള്‍ പാട്ടത്തിനെടുക്കാനുള്ള കരാറുകള്‍ക്ക് നൂറുകണക്കിന് കോടി ഡോളറോളം ചെലവ് വരും. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന ലേല നടപടികളില്‍ രണ്ട് ജാപ്പനീസ് കണ്‍സോര്‍ഷ്യങ്ങള്‍ പങ്കെടുത്തെങ്കിലും കര്‍ശനമായ തദ്ദേശീയവല്‍ക്കരണ മാനദണ്ഡങ്ങള്‍ കാരണം ഇവയെ തെരഞ്ഞെടുക്കാനായില്ല. വാങ്ങുന്ന മൂന്ന് എല്‍എന്‍ജി കപ്പലുകളിലൊന്ന് ഇന്ത്യയില്‍ നിര്‍മിച്ചതാവണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് ടെന്‍ഡര്‍ റദ്ദാക്കുന്നതിന് ഗെയിലിനെ നിര്‍ബന്ധിതരാക്കിയതെന്നാണ് സൂചന.
ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനമാകുന്നതുവരെ മൂന്നോ നാലോ വര്‍ഷത്തേക്ക് എല്‍എന്‍ജി കപ്പലുകള്‍ ചാര്‍ട്ടര്‍ ചെയ്യാനാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നതെന്ന് ഗെയില്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയിലെ ഒരു കപ്പല്‍ നിര്‍മ്മാണ കേന്ദ്രവും ദ്രവീകൃത പ്രകൃതി വാതകം കടത്തുന്നതിനുള്ള കപ്പല്‍ ഇതുവരെ നിര്‍മിച്ചിട്ടില്ല. സാങ്കേതികവിദ്യാ കൈമാറ്റം വഴി ഇന്ത്യയുമായി സംയുക്തസംരംഭത്തിനുള്ള ക്ഷണം സ്വീകരിക്കാന്‍ കൊറിയയിലെയും ജപ്പാനിലെയും വന്‍കിട കമ്പനികള്‍ തയാറായതുമില്ല.

ടെന്‍ഡര്‍ ഉറപ്പിക്കുന്നതിനുള്ള കാലതാമസം യുഎസില്‍നിന്ന് യഥാസമയം എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്നതില്‍ ഗെയിലിനെ പ്രതിസന്ധിയിലാക്കും. യുഎസില്‍ നിന്ന് അടുത്ത വര്‍ഷം മുതലാണ് ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനുദ്ദേശിക്കുന്നത്. മുന്‍ പദ്ധതിയനുസരിച്ച് വിദേശത്ത് നിര്‍മിക്കുന്ന കപ്പലുകള്‍ 2019 ജനുവരി-മെയ് കാലയളവിനുള്ളില്‍ ഇന്ത്യ്ക്ക് കൈമാറണമായിരുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന മൂന്നിലൊന്ന് കപ്പലുകള്‍ 2022 ജൂലൈക്കും 2023 ജൂണിനും ഇടയ്ക്ക് പൂര്‍ത്തിയാക്കുകയും വേണം.

ജപ്പാനിലെ മിറ്റ്‌സുയി ഒഎസ്‌കെ ലൈന്‍സ് (എംഒഎല്‍), നിപ്പോണ്‍ യുസെന്‍ കബുഷികി കൈഷ (എന്‍വൈകെ ലൈന്‍), മിറ്റ്‌സുയി ആന്‍ഡ് കോ കണ്‍സോര്‍ഷ്യവും മിറ്റ്‌സുബിഷി കോര്‍പ്പറേഷന്‍, കാവസാകി കിസെന്‍ കൈഷ ലിമിറ്റഡ് (കെ ലൈന്‍), ഗ്യാസ് ലോഗ് കണ്‍സോര്‍ഷ്യം എന്നിവരാണ് നേരത്തെ ലേല നടപടികളില്‍ പങ്കെടുത്തിരുന്നത്. ടെന്‍ഡര്‍ നിബന്ധനകള്‍ വളരെ കര്‍ശനമായിരുന്നുവെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.

ലൂസിയാനയിലെ സബീന്‍ പാസ് ടെര്‍മിനല്‍ വഴി പ്രതിവര്‍ഷം 3.5 മില്യണ്‍ ടണ്‍ ദ്രവീകൃത പ്രകൃതി വാതകം വാങ്ങുന്നതിന് ചെനിയര്‍ എനര്‍ജി പാര്‍ട്‌ണേഴ്‌സുമായി 2011 ഡിസംബറില്‍ ഗെയില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. ഈ കരാര്‍ പ്രകാരം 2018 മാര്‍ച്ചിനും ഓഗസ്റ്റിനുമിടയ്ക്ക് എല്‍എന്‍ജി വിതരണം ചെയ്തുതുടങ്ങും. മേരിലാന്‍ഡിലെ ഡൊമിനിയന്‍ കവര്‍ പോയന്റ് ടെര്‍മിനല്‍ വഴി പ്രതിവര്‍ഷം 2.3 മില്യണ്‍ ടണ്‍ എല്‍എന്‍ജി വാങ്ങുന്നതിന് 2013 ഏപ്രിലില്‍ ഗെയില്‍ മറ്റൊരു കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത് 2017 അവസാനത്തോടെ ലഭിച്ചുതുടങ്ങും.

Comments

comments

Categories: Branding

Related Articles