വൈദ്യുതി വിതരണത്തിനിടെ പ്രസരണ നഷ്ടം സംഭവിക്കുന്നു: ട്രാന്‍സ്-ഗ്രിഡ് പദ്ധതി നടപ്പിലാക്കി

വൈദ്യുതി വിതരണത്തിനിടെ പ്രസരണ നഷ്ടം സംഭവിക്കുന്നു:  ട്രാന്‍സ്-ഗ്രിഡ് പദ്ധതി നടപ്പിലാക്കി

 

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത മേഖലയില്‍ 14.32 ശതമാനം പ്രസരണ നഷ്ടം സംഭവിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിതരണം ശക്തിപ്പെടുത്താനും പ്രസരണ നഷ്ടം കുറയ്ക്കുന്നതിനും ലക്ഷ്യമാക്കിയുള്ള ട്രാന്‍സ്-ഗ്രിഡ് പ്രൊജക്ട് കിഫ്ബിയുടെ സഹായത്തോടെ നടപ്പിലാക്കി തുടങ്ങിയെന്ന് മന്ത്രി അറിയിച്ചു. പ്രൊജക്ടിന്റെ ആദ്യഘട്ടത്തിന് 4745.77 കോടി രൂപയും രണ്ടാം ഘട്ടത്തിന് 1629.60 കോടിയുമാണ് ചെവലു പ്രതീക്ഷിക്കുന്നത്. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി നഗരങ്ങളില്‍ ഏരിയല്‍ ബന്‍ഡില്‍ഡ് കേബിളുകളും(എബിസി) അണ്ടര്‍ ഗ്രൗണ്ട് കേബിളുകളും(യുജി) സ്ഥാപിക്കുന്ന ജോലി ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഇന്ധനലഭ്യതയുള്ള പ്രദേശങ്ങളില്‍ താപവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും മന്ത്രി വെളിപ്പെടുത്തി. ഉയര്‍ന്ന ശേഷിയുള്ള താപനിലയം സംസ്ഥാനത്തിനകത്തോ ഇന്ധന ലഭ്യതയുള്ള പ്രദേശത്തോ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. പ്രകൃതി വാതകം അഞ്ചു ശതമാനം യുഎസ്ഡിയില്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്നും രണ്ടും ഘട്ടങ്ങളിലായി ഹരിത ഇടനാഴിയും അനുബന്ധ ജോലികളും ഒഴികെയുള്ള ജോലികള്‍ക്ക് 6375.37 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
അതിരപ്പിള്ളി പദ്ധതിക്കുള്ള കേന്ദ്ര വനം വകുപ്പ് മന്ത്രാലയത്തിന്റെ അനുമതി 2017 ജൂലൈ വരെയുണ്ട്. എന്നാല്‍ പദ്ധതിയോട് എതിര്‍പ്പുള്ളതിനാല്‍ ഇതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Comments

comments

Categories: Slider, Top Stories