ഉല്‍സവ സീസണ്‍: കമ്പനികള്‍ നല്‍കിയത് അഞ്ചു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഓഫറുകളും പരസ്യവും

ഉല്‍സവ സീസണ്‍:  കമ്പനികള്‍ നല്‍കിയത് അഞ്ചു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഓഫറുകളും പരസ്യവും

 

ന്യൂഡെല്‍ഹി: വന്‍ ഓഫറുകളിലൂടെയാണ് ഈ ഉത്സവ സീസണില്‍ പല കമ്പനികളും തങ്ങളുടെ വിപണി സാന്നിധ്യം ശക്തമാക്കിയത്. ഒന്നെടുത്താല്‍ ഒന്നെന്ന തരത്തിലുള്ള സൗജന്യ ഓഫറുകളും, വിവിധ നിരക്കിലുള്ള ഡിസ്‌കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ച് വന്‍തോതില്‍ പരസ്യം നല്‍കിയാണ് കമ്പനികള്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചത്.

ഉപഭോക്തൃ ഉല്‍പ്പന്ന മേഖലയില്‍ ജൂലൈയില്‍ തുടങ്ങി സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഒരു ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തയിത്. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനു വേണ്ടി ലാഭം വെട്ടിച്ചുരുക്കിക്കൊണ്ടുള്ള കമ്പനികള്‍ തയാറായി അഞ്ച് വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ പരസ്യപ്രചാരമാണ് ഇത്തവണത്തെ ഉല്‍സവ സീസണില്‍ ഉണ്ടായിട്ടുള്ളതെന്നും കമ്പനികള്‍ പറയുന്നു. വളര്‍ച്ച കൈവരിക്കുന്നതിനായി വില്‍പ്പനയുടെ അളവ് വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ ശ്രദ്ധിച്ചതെന്നും അടുത്ത രണ്ട് പാദങ്ങളിലും ഇതേ പ്രവണത തുടരമെന്ന് പ്രതീക്ഷിക്കുന്നതായും ഡാബര്‍ സിഇഒ സുനില്‍ ദുഗ്ഗാള്‍ പറഞ്ഞു. വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ പരസ്യങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിപണിയിലെ മല്‍സരത്തിനായി ലാഭം വെട്ടിച്ചുരുക്കുന്നതിനും തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാദത്തിലെ 4 ശതമാനത്തില്‍ നിന്നും അടുത്ത രണ്ട് പാദത്തില്‍ വില്‍പ്പന വളര്‍ച്ച 10 ശതമാനമാകുമെന്നും ഡാബര്‍ പ്രതീക്ഷിക്കുന്നതെന്നും സുനില്‍ ദുഗ്ഗാള്‍ പറഞ്ഞു.

വീട്ടാവശ്യങ്ങള്‍ക്കുള്ള ഉല്‍പ്പന്ന ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ലാഭത്തിില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ഉയര്‍ന്ന വില്‍പ്പന സ്വന്തമാക്കാനാണ് ശ്രമിക്കുന്നതെന്നും ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡിന്റെ ഇന്ത്യ-സാര്‍ക്ക് മേഖലയിലെ ബിസിനസ് ഹെഡ് സുനില്‍ കടാരിയ പറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ പുതിയ അഞ്ച് ഉല്‍പ്പന്നങ്ങളാണ് ഗോദ്‌റെജ് അവതരിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, മാരികോ തുടങ്ങിയ കമ്പനികളുടെ വില്‍പ്പനയില്‍ മൂല്യാടിസ്ഥാനത്തില്‍ വര്‍ധനയുണ്ടായെങ്കിലും അളവിന്റെ അടിസ്ഥാനത്തില്‍ ഇടിവാണ് ഉണ്ടായത്. ഇത് ഉപഭോക്തൃ ആവശ്യകത കുറയുന്നു എന്ന സൂചനയാണ് തരുന്നത്. വളരെ കൃത്യമായ പദ്ധതികളോടെയും ബിസിനസ് മാര്‍ക്കറ്റിംഗ് തന്ത്രത്തിലൂടെയുമായിരിക്കണം ഉത്സവസീസണില്‍ ഓഫറുകള്‍ അവതരിപ്പിക്കേണ്ടത്. ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ബ്രാന്‍ഡുകള്‍ ആരോഗ്യകരമായ വളര്‍ച്ച കൈവരിക്കുന്നതിനൊപ്പം മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ പാളിച്ച സംഭവിച്ച ബ്രാന്‍ഡുകളുടെ വളര്‍ച്ചാ നിരക്ക് കുറയുകയും ചെയ്തിട്ടുണ്ടെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഫൂഡ് & എഫ്എംസിജി അധ്യക്ഷന്‍ ദേവേന്ദ്ര ചൗള പറഞ്ഞു.

Comments

comments

Categories: Business & Economy