സിഎച്ച്-5 ഡ്രോണിന്റെ കയറ്റുമതിക്ക് ചൈനയുടെ അനുമതി

സിഎച്ച്-5 ഡ്രോണിന്റെ കയറ്റുമതിക്ക് ചൈനയുടെ അനുമതി

ബെയ്ജിംഗ്: പുതിയ ആളില്ലാ യുദ്ധവിമാനങ്ങളുടെ കയറ്റുമതിക്ക് ചൈന അനുമതി നല്‍കി. ഒരേ സമയം 16 മുതല്‍ 24 വരെ മിസൈലുകള്‍ വഹിക്കാനും തുടര്‍ച്ചയായി അറുപത് മണിക്കൂര്‍ പറക്കാനും കഴിയുന്നതാണ് ഈ ആളില്ലാ യുദ്ധവിമാനങ്ങള്‍. കായ്‌ഹോങ് വിഭാഗത്തില്‍പ്പെട്ട സിഎച്ച്-5 യുദ്ധവിമാനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനാണ് ചൈനീസ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ ചൈന അക്കാദമി ഓഫ് എയ്‌റോസ്‌പേസ് എയ്‌റോഡൈനാമിക്‌സ് ആണ് വിമാനം നിര്‍മിക്കുന്നത്. നിലവില്‍ പത്ത് രാജ്യങ്ങള്‍ക്ക് വിമാനം വില്‍ക്കുന്നതിന് ധാരണയായിട്ടുണ്ട്. സിഎച്ച്-5 വാങ്ങുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തുവന്നിട്ടുണ്ടെന്ന് കായ്‌ഹോങ് ചീഫ് ഡിസൈനര്‍ ഷി വെന്‍ പറഞ്ഞു.

അമേരിക്കന്‍ എംക്യു-9 റീപ്പറിനേക്കാള്‍ പ്രവര്‍ത്തനക്ഷമതയും കൂടുതല്‍ ദൂരം പറക്കാനുള്ള ശേഷിയും സിഎച്ച്-5 നുണ്ടെന്ന് ഷി വെന്‍ അവകാശപ്പെട്ടു. പത്ത് കിലോമീറ്റര്‍ ഉയരത്തില്‍ 6,500 കിലോമീറ്റര്‍ വരെയും പറക്കാന്‍ സിഎച്ച്-5 ന് കഴിയും. സിഎച്ച്-5 ന്റെ നവീകരിച്ച പതിപ്പ് പതിനായിരം കിലോമീറ്റര്‍ വരെ പറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മുന്‍ഗാമികളായ സിഎച്ച്-3, സിഎച്ച്-4 എന്നിവയ്‌ക്കൊപ്പം സിഎച്ച്-5ന് സംയുക്ത ആക്രമണം നടത്താന്‍ കഴിയുമെന്നും ഇവയ്‌ക്കെല്ലാം ഒരേ നിയന്ത്രണ വ്യവസ്ഥയാണെന്നും ഷി വെന്‍ വിശദീകരിച്ചു.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാന്‍ സിഎച്ച്-5 എത്രയും വേഗം വാങ്ങാന്‍ സാധ്യതയുണ്ടെന്നും ഇത് തങ്ങളുടെ ആളില്ലാ യുദ്ധവിമാനശേഷി വര്‍ധിപ്പിക്കാന്‍ ഇന്ത്യയെയും നിര്‍ബന്ധിതരാക്കുമെന്നും ചൈനീസ് പ്രതിരോധ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ഭീകര വിരുദ്ധ വേട്ടയ്ക്ക് പാകിസ്ഥാനും ഇറാഖും ചൈനീസ് ആളില്ലാ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, നൈജീരിയ, സോമാലിയ എന്നീ രാജ്യങ്ങള്‍ സിഎച്ച്-3, സിഎച്ച്-4 വിമാനങ്ങള്‍ ചൈനയില്‍നിന്ന് വാങ്ങിയിരുന്നു.

Comments

comments

Categories: Slider, Top Stories