ആലിബാബ വികസന പദ്ധതികള്‍ക്ക് ഏഷ്യന്‍ വിപണിയെ കേന്ദ്രീകരിക്കും

ആലിബാബ വികസന പദ്ധതികള്‍ക്ക് ഏഷ്യന്‍ വിപണിയെ കേന്ദ്രീകരിക്കും

ഹോങ്കോങ്: ഇ-കൊമേഴ്‌സ് മേഖലയിലെ അതികായന്‍ ആലിബാബ ഗ്രൂപ്പിന്റെ സാമ്പത്തിക ഘടകമായ ആന്റ് ഫിനാന്‍ഷ്യല്‍ സെര്‍വീസസ് ഗ്രൂപ്പ് ആഗോളതലത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളേക്കാള്‍ ഏഷ്യ കേന്ദ്രീകരിച്ചുള്ള നിക്ഷേപ പദ്ധതികള്‍ക്കായി ശ്രമിക്കുമെന്ന് ആന്റ് ഫിനാന്‍ഷ്യല്‍ സെര്‍വീസസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡഗ്ലസ് ഫീഗിന്‍. തായ്‌ലാന്‍ഡിലെ പേമെന്റ് സ്ഥാപനമായ ആസെന്റുമായുള്ള സഹകരണ ചര്‍ച്ചകള്‍ക്കിടെയാണ് ഇക്കാര്യം ഡഗ്ലസ് ഫീഗിന്‍ വ്യക്തമാക്കിയത്.

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൈനയ്ക്കു പുറത്തുള്ള വിപണികളിലേക്ക് ഇന്‍ഷുറന്‍സ്, നിക്ഷേപ നിയന്ത്രണ സേവനങ്ങള്‍ ആന്റ് ഫിനാന്‍ഷ്യല്‍ അവതരിപ്പിക്കും. വിദേശ പണവിനിമയം സംബന്ധിച്ച് ആന്റ് നടപ്പാക്കുന്ന ആദ്യ വികസനപദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം ആസെന്റുമായി സഹകരിക്കുക. കഴിഞ്ഞ വര്‍ഷം പേടിഎമ്മുമായി സഹകരിച്ച് 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ആന്റ് സമാഹരിച്ചിരുന്നു.

ആന്റിന്റെ പേമെന്റ് പ്ലാറ്റ്‌ഫോമായ ആലിപേയുടെ പ്രമുഖ എതിരാളികളായ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സിന്റെ ടെന്‍പേയും വിദേശ വിപണിയിലേക്ക് കടക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ ആലിപേ, ടെന്‍പേ കമ്പനികള്‍ മൊബീല്‍ പേമെന്റ് സേവനങ്ങള്‍ക്കായുള്ള ഹോംങ്കോങ് ലൈസന്‍സ് നിലനിര്‍ത്തുന്നതില്‍ വിജയിച്ചിരുന്നു. ആലിപേയുടെ മാതൃക തായ്‌ലാന്‍ഡിലും ആവര്‍ത്തിക്കാനാണ് ആന്റ് പദ്ധതിയിടുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ തായ്‌ലാന്‍ഡിലെ ജനസംഖ്യയുടെ പകുതിയോളം ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ആലിപേയിലെത്തിക്കുകയാണ് ആന്റ് ഫിനാന്‍ഷ്യല്‍ സെര്‍വീസസ് ഗ്രൂപ്പിന്റെ ലക്ഷ്യം. പേമെന്റ് അധിഷ്ഠിത സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ തായ്‌ലാന്‍ഡ് വിപണിയില്‍ ലഭ്യമാക്കുകയെന്ന് ഡഗ്ലസ് ഫീഗിന്‍ സൂചിപ്പിച്ചു.

ഏഷ്യന്‍ വിപണികള്‍ കേന്ദ്രീകരിച്ചുള്ള നീക്കം യുഎസ്, യൂറോപ്യന്‍ വിപണികളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിക്ഷേപ പദ്ധതികള്‍ ആന്റ് ഫിനാന്‍ഷ്യല്‍ സെര്‍വീസസ് താല്‍ക്കാലികമായി മാറ്റി വച്ചതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞമാസം മൊബീല്‍ പേമെന്റ് ആപ്പ് സേവനങ്ങള്‍ യുഎസ് വിപണിയിലേക്ക് ആന്റ് ഫിനാന്‍ഷ്യല്‍ സെര്‍വീസസ് വ്യാപിപ്പിച്ചിരുന്നു. അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ മൊത്തം 45 കോടി ഉപയോക്താക്കളാണ് തങ്ങള്‍ക്കുള്ളതെന്ന് ആന്റ് ഫിനാന്‍ഷ്യല്‍ സെര്‍വീസസ് അവകാശപ്പെട്ടിരുന്നു. ഇതില്‍ നാലു കോടി ആളുകള്‍ ചൈനയ്ക്കു പുറത്തു നിന്നുള്ളവരാണ്. ഇതിനു പുറമെ 15 കോടിയോളം പേടിഎം ഉപയോക്താക്കളും ആന്റ് ഫിനാന്‍ഷ്യല്‍ സെര്‍വീസസിനുണ്ട്. 2016 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയാണ് ആന്റ് ഫിനാന്‍ഷ്യല്‍ സെര്‍വീസസ് ഗ്രൂപ്പ്.

Comments

comments

Categories: Branding
Tags: Alibaba, Asia, Focus