സേവനനിരക്ക് വര്‍ധന വരുന്നു: പാസ്‌പോര്‍ട്ട്, ലൈസന്‍സുകള്‍, രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസുകള്‍ എന്നിവ കൂടും

സേവനനിരക്ക് വര്‍ധന വരുന്നു:  പാസ്‌പോര്‍ട്ട്, ലൈസന്‍സുകള്‍, രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസുകള്‍ എന്നിവ കൂടും

ന്യൂഡെല്‍ഹി: പാസ്‌പോര്‍ട്ട്, വിവിധ ലൈസന്‍സുകള്‍, രജിസ്‌ട്രേഷന്‍, കേന്ദ്ര പരീക്ഷകള്‍ എന്നിവയുടെയും മറ്റ് നിരവധി സേവനങ്ങളുടെയും ഫീസ് വര്‍ധിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ഒരുങ്ങുന്നു. കേന്ദ്ര ബജറ്റിന് മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് ധനമന്ത്രാലയം വിവിധ മന്ത്രാലയങ്ങളോട് നിരക്കു വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. വിവിധ സേവനങ്ങള്‍ക്കായി വേണ്ടി വരുന്ന ചെലവ് ഫീസ് വര്‍ധനയിലൂടെ കണ്ടെത്തണമെന്നാണ് നിര്‍ദേശം. സാമ്പത്തികച്ചെലവ് നേരിടുന്നതിന് ഇതല്ലാതെ മറ്റുംമാര്‍ഗമില്ലെന്നാണ് ധനമന്ത്രാലയം സ്വീകരിക്കുന്ന നിലപാട്.

സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വാശ്രയത്വം കൈവരിക്കണമെന്നും സര്‍ക്കാരിന് എത്രകാലം സബ്‌സിഡി നല്‍കാന്‍ കഴിയുമെന്നുമാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്ക് വളരണമെന്നും സബ്‌സിഡി നല്‍കുന്നത് ഏറെക്കാലം തുടരാനാകില്ലെന്നും നേരത്തേ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ അധ്യക്ഷനായ ചെലവു നിയന്ത്രണ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.
നിലവില്‍ സിവില്‍ സര്‍വീസ് പരീക്ഷ ഉള്‍പ്പടെയുള്ള വിവിധ പരീക്ഷകള്‍ക്കായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈടാക്കുന്ന നിരക്ക് അവ സംഘടിപ്പിക്കാനാവശ്യമായ തുകയുടെ ചെറിയൊരു ശതമാനം മാത്രമേ ആകുന്നുള്ളുവെന്നാണ് ധനമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. വളരെ പരിമിതമായ വര്‍ധന മാത്രമാണ് പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള സേവനങ്ങളുടെ ഫീസില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിട്ടുള്ളത്. 2012ല്‍ 1000 രൂപയില്‍ നിന്ന് 1500 രൂപയാക്കി പാസ്‌പോര്‍ട്ട് ഫീസ് വര്‍ധിപ്പിച്ചിരുന്നു. റെയ്ല്‍വേയ്ക്കും വിവിധ സേവനങ്ങള്‍ക്കായി ധാരാളം സബ്‌സിഡി സര്‍ക്കാന്‍ അനുവദിക്കുന്നുണ്ട്. ഇതു വെട്ടിച്ചുരുക്കുന്നതിനുള്ള നടപടികള്‍ ഇതുവരെ കാര്യക്ഷമമായിട്ടില്ലെന്നാണ് ധനമന്ത്രാലയം വിലയിരുത്തുന്നത്.

ബിമല്‍ ജലാന്‍ സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ ഓരോ മന്ത്രാലയങ്ങളുമായും ധനമന്ത്രാലയം പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ഓരോ മന്ത്രാലയവും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സമിതി നടത്തിയ ശുപാര്‍ശകളും മന്ത്രാലയങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories