വനിത ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ യാഹു വിട്ടു

വനിത ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ യാഹു വിട്ടു

 

ന്യൂയോര്‍ക്ക്: യുഎസ് ആസ്ഥാനമായി ടെക്‌നോളജി കമ്പനി യാഹുവില്‍ നിന്ന് ഈ വര്‍ഷം വനിത ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ കൊഴിഞ്ഞുപോയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ലെന്ന് കമ്പനിയുടെ 2016ലെ ഡൈവേര്‍സിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
വെള്ളക്കാരും ഏഷ്യക്കാരുമായ പുരുഷന്‍മാര്‍ക്ക് വന്‍തോതില്‍ ആധിപത്യമുള്ള സിലിക്കണ്‍ വാലി തൊഴില്‍ശക്തി വൈവിധ്യവല്‍ക്കരണത്തിനുള്ള സമ്മര്‍ദ്ദം നേരിടുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.

പ്രതിസന്ധികളെത്തുടര്‍ന്ന് പതിനഞ്ച് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഫെബ്രുവരിയില്‍ യാഹു പ്രഖ്യാപിച്ചിരുന്നു. പ്രധാന ഇന്റര്‍നെറ്റ് ബിസിനസുകള്‍ 4.8 ബില്യണ്‍ ഡോളറിന് കൈമാറുന്നത് സംബന്ധിച്ച് ജൂലൈയില്‍ വെരിസോണ്‍ കമ്യൂണിക്കേഷന്‍സുമായി യാഹു കരാറിലെത്തിയിരുന്നു. ഇതെല്ലാം സ്ത്രീ തൊഴിലാളികള്‍ യാഹൂ ഉപേക്ഷിക്ഷിക്കാന്‍ കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യാഹുവില്‍ നേതൃസ്ഥാനത്തുള്ള വനിത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വര്‍ഷത്തെ 24 ശതമാനത്തില്‍നിന്ന് ഈ വര്‍ഷം ജൂണില്‍ 21 ശതമാനമായി കുറഞ്ഞിരുന്നു. നോണ്‍-ടെക്‌നിക്കല്‍ വനിത ജീവനക്കാര്‍ 54 ശതമാനത്തില്‍നിന്ന് 52 ശതമാനമായും കുറഞ്ഞു. യാഹുവിലെ ആകെ വനിത ജീവനക്കാരുടെ ശതമാനം 31 ആയി തുടരുന്നുണ്ട്. ഈ വര്‍ഷം ആദ്യ പാദം അവസാനിക്കുമ്പോഴുണ്ടായിരുന്ന 9,400 ല്‍നിന്ന് രണ്ടാം പാദത്തിന്റെ അവസാനമെത്തുമ്പോഴേക്കും യാഹുവിലെ മൊത്തം ജീവനക്കാരുടെ എണ്ണം 8,800 ആയി കുറഞ്ഞിട്ടുണ്ട്.

സിലിക്കണ്‍വാലിയിലെ ഏറ്റവും ശക്തയായ വനിത സിഇഒ മരീസ്സ മെയേര്‍ നയിക്കുന്ന യാഹുവിലാണ് നേതൃസ്ഥാനങ്ങളിലെ വനിത ഉദ്യോഗസ്ഥര്‍ കുറയുന്നത് എന്നതും ശ്രദ്ധേയമാണ്. യാഹുവിനേക്കാള്‍ മറ്റ് മികച്ച അവസരങ്ങള്‍ ലഭിച്ചതു മാത്രമാകാം വനിത ഉദ്യോഗസ്ഥര്‍ രാജിവെച്ചതിന് കാരണമെന്നും അസ്വാഭാവികമായി ഒന്നുമുണ്ടാകാന്‍ ഇടയില്ലെന്നുമാണ് യാഹുവിന്റെ ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍ ആഗോള മേധാവി മൂര്‍ റോബര്‍ട്‌സ് പ്രതികരിക്കുന്നത്. പ്രധാന ഇന്റര്‍നെറ്റ് ബിസിനസ്സുകള്‍ വെരിസോണ്‍ കമ്യൂണിക്കേഷന്‍സിന് വില്‍ക്കുന്നതായി പ്രഖ്യാപിച്ച ശേഷം സ്വന്തം താല്‍പ്പര്യപ്രകാരമാണ് വനിതാ ജീവനക്കാര്‍ യാഹു വിട്ടിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. നേതൃതലത്തിലെ വനിതാ സാന്നിധ്യത്തിന്റെ കുറവ് നികത്തുന്നതിനായി കമ്പനിയില്‍ നിലവിലുള്ള വനിതജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതു കൂടാതെ പുതിയ നിയമനങ്ങള്‍ നടത്തുന്നതിനും വനിത കേന്ദ്രീകൃത ടെക് കമ്പനികളുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നതിനും ശ്രമിക്കുമെന്നും മൂര്‍ റോബര്‍ട്‌സ് കൂട്ടിച്ചേര്‍ത്തു.

സിലിക്കണ്‍ വാലിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പ്രമുഖ കമ്പനികളില്‍നിന്ന് ഇത്തരത്തില്‍ വനിത ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതായി കാണുന്നില്ലെന്നും ഈ മേഖലയിലെ അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആപ്പിളിന്റെ നേതൃത്വത്തില്‍ 28 ശതമാനവും വനിതകളാണ്.

Comments

comments

Categories: Branding

Related Articles