ടാറ്റ ഹെക്‌സ ബുക്കിംഗ് തുടങ്ങി; ജനുവരി മുതല്‍ വിതരണം

ടാറ്റ ഹെക്‌സ ബുക്കിംഗ് തുടങ്ങി; ജനുവരി മുതല്‍ വിതരണം

ന്യൂഡെല്‍ഹി: കാത്തിരുപ്പിന് വിരമാം കുറിച്ച് ടാറ്റ ഹെക്‌സ ബുക്കിംഗ് ആരംഭിച്ചു. ക്രോസോവര്‍ എസ്‌യുവി സെഗ്‌മെന്റിലേക്കെത്തുന്ന ഹെക്‌സ ഇന്ത്യന്‍ കമ്പനി ടാറ്റ മോട്ടോഴ്‌സിന് ഏറെ പ്രതീക്ഷയുള്ള മോഡലാണ്. ജനുവരി മുതല്‍ കാറിന്റെ വിതരണം ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 11,000 രൂപയാണ് ബുക്കിംഗ് തുക. അതേസമയം, ജനുവരി രണ്ടാം വാരം വില്‍പ്പനയാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഡീലര്‍ഷിപ്പുകളില്‍ ഇതുവരെ ഹെക്‌സ പ്രദര്‍ശിപ്പിച്ചിട്ടില്ല.
വിപണിയില്‍ കമ്പനിക്കുണ്ടായിരുന്ന ആര്യയുമായി ഏറെ സാമ്യതയോടെയാണ് ഹെക്‌സ എത്തുന്നത്. അതേസമയം, ടെസ്റ്റ്‌ഡ്രൈവ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനയനുസരിച്ച് ഹെക്‌സ പൂര്‍ണമായും പുതിയതാണെന്നാണ് വിലയിരുത്തലുകള്‍.
മുന്‍വശത്തുള്ള ഹണികോംബ് ഗ്രില്‍, കരുത്ത് തെളിയിക്കുന്ന ബോണറ്റ്, വലിയ പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ് തുടങ്ങിയ പ്രത്യേകത ഹെക്‌സ ആകര്‍ഷകമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഹൊറിസോണ്ടല്‍ രീതിയിലുള്ള എല്‍ഇഡി ടെയ്ല്‍ ലാമ്പുകള്‍, ഡ്യുവല്‍ ക്രോം ചേര്‍ത്ത പുകക്കുഴല്‍ എന്നിവ ഹെക്‌സയുടെ പിന്‍വശത്തുള്ള രൂപകല്‍പ്പനയില്‍ മാറ്റുകൂട്ടുന്നു.
കൂടുതല്‍ കംഫര്‍ട്ടും സ്‌പെയ്‌സും നല്‍കുന്ന രീതിയലുള്ള ഉള്‍വശമാണ് ഹെക്‌സയ്ക്ക് ടാറ്റ നല്‍കിയിട്ടുള്ളത്. എസി വിന്‍ഡോകള്‍ ഉയര്‍ന്ന ശ്രേണിയുള്ള മോഡലുകളുമായി കിടപിടിക്കും. അഞ്ച് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം 10 ജെബിഎല്‍ സ്പീക്കറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം 320 വാട്‌സിലുള്ള സബ് വൂഫറും കമ്പനി നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഹോട്ട്‌സ്‌പോട്ടുമായി കണക്ട് ചെയ്യാനുള്ള സൗകര്യവും ഹെക്‌സയ്ക്ക് നല്‍കിയിട്ടുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മൊബൈലിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും.
എബിഎസ്, ഇബിഡി, ആറ് എയര്‍ബാഗുകള്‍ തുടങ്ങിയവ യാത്രക്കാരുടെ സുരക്ഷയ്ക്ക് ടാറ്റ നല്‍കുന്ന പ്രധാന്യം വ്യക്തമാക്കുന്നു. ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടൊ ഹെഡ്‌ലൈറ്റുകള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഹെക്‌സയുടെ മറ്റു പ്രത്യേകതകളാണ്.
2.2 ലിറ്റര്‍ വെരികോര്‍400 ഡീസല്‍ എന്‍ജിനാണ് ഹെക്‌സയുടെ ഹൃദയം. ഇത് 156 ബിഎച്ച്പി കരുത്ത് നല്‍കും. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്‌സ്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ കംഫര്‍ട്ട്, ഡൈനാമിക്ക്, ഓട്ടോ, റഫ് റോഡ് തുടങ്ങിയ ആറ് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും ഹെക്‌സയ്ക്കുണ്ട്.
മഹീന്ദ്ര എക്‌സ്‌യുവി 500, ടൊയോട്ട ഇന്നോവ എന്നിവയാകും വിപണിയില്‍ ഹെക്‌സയ്ക്ക് എതിരാളികളായി നേരിടേണ്ടത്. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 12 ലക്ഷം രൂപയ്ക്ക് മുകളിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Auto
Tags: Hexa, suv, Tata