സ്‌പേസ് എക്‌സ് പദ്ധതി: ബഹിരാകാശ വിദഗ്ധര്‍ ആശങ്കയില്‍

സ്‌പേസ് എക്‌സ് പദ്ധതി: ബഹിരാകാശ വിദഗ്ധര്‍ ആശങ്കയില്‍

കാലിഫോര്‍ണിയ: അമേരിക്കയിലെ ബഹിരാകാശ ഗവേഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനമായ സ്‌പേസ് എക്‌സ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബഹിരാകാശ യാത്രാ പദ്ധതിയെ കുറിച്ച് ഉത്കണ്ഠകള്‍ ഉയരുന്നു. സ്‌പേസ് എക്‌സിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി ബഹിരാകാശ യാത്രയ്ക്കു തയാറെടുക്കുന്നവരുടെ സുരക്ഷയെ കുറിച്ചാണ് മേഖലയിലെ വിദഗ്ധര്‍ ഉത്കണ്ഠപ്പെടുന്നത്. ബഹിരാകാശ മേഖലയിലെ വിദഗ്ധര്‍ സ്‌പേസ് എക്‌സിന്റെ പദ്ധതിക്കെതിരെ നാസയെ സമീപിച്ചിട്ടുണ്ട്.

സ്‌പേസ് എക്‌സിന്റേത് അപകടകരമായ പദ്ധതിയാണെന്ന് സ്‌പേസ് സ്റ്റേഷന്‍ ഉപദേശകസമിതി ചെയര്‍മാന്‍ തോമസ് സ്റ്റഫോര്‍ഡ് അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ ഒന്നിന് ഇന്ധനം നിറയ്ക്കുന്നതിനിടെ സ്‌പേസ് എക്‌സിന്റെ ബഹിരാകാശവാഹനം പൊട്ടിത്തെറിച്ചത് ഉത്കണ്ഠകള്‍ വര്‍ധിപ്പിച്ചതായി തോമസ് സ്റ്റഫോര്‍ഡ് ചൂണ്ടിക്കാട്ടി. ആളുകള്‍ കൂടാതെയുള്ള ബഹിരാകാശവാഹനമായിരുന്നു പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ കാരണങ്ങള്‍ ഇപ്പോഴും അന്വേഷിച്ചുവരികയാണ്. നാസയുടെ ജെമിനി, അപ്പോളോ പദ്ധതികളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചവരുള്‍പ്പെട്ട എട്ടംഗ സ്‌പേസ് സ്റ്റേഷന്‍ ഉപദേശകസമിതി ആളുകളെ വഹിച്ചുകൊണ്ടുള്ള മുന്‍കാല ബഹിരാകാശവാഹനങ്ങളെല്ലാം ബഹിരാകാശ ഗവേഷകര്‍ വിക്ഷേപണത്തറയില്‍ എത്തുന്നതിനു മുന്‍പായാണ് ഇന്ധനം നിറച്ചിരുന്നതെന്ന് വിലയിരുത്തി. സമിതിയില്‍ അംഗമായിട്ടുള്ള എല്ലാവരും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളതെന്ന് സ്‌പേസ് എക്‌സിന്റെ വിക്ഷേപണത്തറയില്‍ നടന്ന അപകടം ചൂണ്ടിക്കാട്ടി തോമസ് സ്റ്റഫോര്‍ഡ് പറഞ്ഞു.

ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ടുള്ള വിക്ഷേപണം യാഥാര്‍ഥ്യമാക്കാന്‍ സ്‌പേസ് എക്‌സിന് നാസയുടെ അനുമതി ആവശ്യമാണ്. ഫാല്‍ക്കണ്‍9 എന്ന ബഹിരാകാശ വാഹനത്തില്‍ ആളുകളെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള സ്‌പേസ് എക്‌സിന്റെ നിര്‍ദിഷ്ട പദ്ധതിയെ കുറിച്ച് വിശകലനം ചെയ്തു വരികയാണെന്ന് നാസ അടുത്തിടെ പറഞ്ഞിരുന്നു. റോക്കറ്റിലെ ഹീലിയം കണ്ടെയ്‌നര്‍ വായുസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊട്ടിത്തെറിച്ചതാണ് അപകടത്തിനു കാരണമായിട്ടുണ്ടാകുകയെന്ന് സ്‌പേസ് എക്‌സ് കഴിഞ്ഞ വെള്ളിയാഴ്ച സൂചിപ്പിച്ചിരുന്നു. തണുത്ത ദ്രവീകൃതമായ പ്രൊപ്പെല്ലന്റുകളാണ് സ്‌പേസ് എക്‌സ് വിക്ഷേപണത്തിനായി ഉപയോഗിച്ചിരുന്നത്.

സ്‌പേസ് എക്‌സിന്റെ ബഹിരാകാശ യാത്രയ്ക്കുള്ള വാഹനങ്ങള്‍ 2018 മുതലാണ് ആളുകളുമായി വിക്ഷേപണം നടത്താന്‍ തയാറെടുക്കുന്നത്. 2011ല്‍ സ്വന്തം സ്‌പേസ് ഷട്ടിലുകള്‍ പിന്‍വലിച്ച നാസ സ്‌പേസ്എക്‌സ്, ബോയിംഗ് കമ്പനികളുടെ ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നു. അതിനുമുന്‍പ് റഷ്യന്‍ നിര്‍മിത സൊയൂസാണ് നാസ ആശ്രയിച്ചിരുന്നത്. റഷ്യന്‍ ബഹിരാകാശ വാഹനങ്ങള്‍ക്ക് ആളൊന്നിന് 70 ദശലക്ഷം ഡോളറോളം നാസയ്ക്കു ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്.

Comments

comments

Categories: Slider, Trending