വിമുക്ത ഭടന്റെ ആത്മഹത്യയും രാഹുലിന്റെ അറസ്റ്റും

വിമുക്ത ഭടന്റെ ആത്മഹത്യയും രാഹുലിന്റെ അറസ്റ്റും

 

ന്യൂഡല്‍ഹി: വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത വിമുക്തഭടന്‍ റാം കിഷന്‍ ഗ്രേവാളിന്റെ കുടുംബാംഗങ്ങളെ ആശുപത്രിയില്‍ ഇന്നലെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു.
ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയുടെ പ്രവേശന കവാടത്തിനടുത്താണ് രാഹുലിനെ പൊലീസ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് അല്‍പനേരം പൊലീസുമായി രാഹുലും പാര്‍ട്ടി പ്രവര്‍ത്തകരും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് രാഹുല്‍ തിരികെ പോയി.
സംഭവത്തെ ഒരു പ്രത്യേക തരം മാനസികാവസ്ഥയെന്ന് രാഹുല്‍ വിശേഷിപ്പിച്ചു. ഭരണകൂടം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. ഇതാണ് പുതിയ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഹരിയാനയിലെ ഭിവാനി ജില്ലയില്‍നിന്നുള്ള 70കാരനായ വിമുക്തഭടന്‍ റാം കിഷന്‍ ഗ്രേവാള്‍ ഡല്‍ഹിയിലെ ജന്‍പഥിലുള്ള സര്‍ക്കാര്‍ മന്ദിരത്തിനു പുറകുവശത്തുള്ള പുല്‍ത്തകിടിയില്‍ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെ മൃതശരീരത്തില്‍നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി മകന്‍ പറഞ്ഞു. വിമുക്തഭടന്മാരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഗ്രേവാളിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെയും ആശുപത്രിക്കു മുന്‍പില്‍ തടഞ്ഞിരുന്നു.

Comments

comments

Categories: Politics

Related Articles