യാത്രാ വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ന്നു

യാത്രാ വാഹനങ്ങളുടെ  വില്‍പ്പന ഉയര്‍ന്നു

 

ന്യൂഡെല്‍ഹി: രാജ്യത്തെ യാത്രാ വാഹന വില്‍പ്പന ഒക്‌റ്റോബറില്‍ 5 ശതമാനം വളര്‍ച്ച കൈവരിച്ചു. എന്നാല്‍ ഉത്സവ സീസണിന് മുന്നോടിയായി കമ്പനികള്‍ ഡീലര്‍മാര്‍ക്കുള്ള വിതരണം ത്വരിതപ്പെടുത്തിയ തൊട്ടു മുന്‍പത്തെ മാസത്തിലേതിനു സമാനമായി വില്‍പ്പന വളര്‍ച്ചയില്‍ വേഗം കൈവരിക്കാന്‍ പാസഞ്ചര്‍ വാഹന വിഭാഗത്തിനായില്ല. എങ്കിലും ഈ മേഖലയ്ക്ക് ശുഭ സൂചനകളാണ് ഇപ്പോഴത്തെ കണക്കുകള്‍ നല്‍കുന്നതെന്ന് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
ഉത്സവ വേളയായ ഒക്‌റ്റോബറില്‍ ഏകദേശം 2,78,000 യാത്രാ വാഹനങ്ങള്‍ വിറ്റഴിച്ചെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. അതേസമയം, വാഹനങ്ങളുടെ യഥാര്‍ത്ഥ റീട്ടെയ്ല്‍ വില്‍പ്പനയുടെ കണക്കുകളെ ഇതു വെളിപ്പെടുത്തുന്നില്ല. ഫാക്റ്ററിയില്‍ നിന്നും പുറത്തിറക്കിയതിന്റേയോ അല്ലെങ്കില്‍ മൊത്ത വില്‍പ്പനയുടെയോ കണക്കുകള്‍ മാത്രമേ വാഹന നിര്‍മാതാക്കള്‍ പുറത്തുവിടാറുള്ളുവെന്നതാണ് അതിനു കാരണം. ഉത്സവ സീസണില്‍ ആവശ്യകത ഉയരുമെന്ന് പ്രതീക്ഷിച്ച് കൂടുതല്‍ യൂണിറ്റുകള്‍ വിതരണക്കാരില്‍ എത്തിച്ചതിനാല്‍ സെപ്റ്റംബറിലാണ് വാഹന വില്‍പ്പന മെച്ചപ്പെട്ട നിലയില്‍ മുന്നേറിയത്.
യാത്രാ വാഹന വിഭാഗത്തില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയും ടാറ്റ മോട്ടോഴ്‌സും ഒക്‌റ്റോബറില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയവയില്‍പ്പെടുന്നു. ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായിയുടെ വില്‍പ്പന 6.4 ശതമാനം വളര്‍ച്ച നേടി 50,016 യൂണിറ്റിലെത്തി. ഇന്ത്യയില്‍ കമ്പനിയുടെ ഏറ്റവും വലിയ വില്‍പ്പനയാണിത്.
വിപണിയിലെ ആവശ്യകതയെക്കുറിച്ച് ആത്മവിശ്വാസമുണ്ട്. ഈ വര്‍ഷം മികച്ച നേട്ടം കമ്പനി പ്രതീക്ഷിക്കുന്നുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പ്പന 28 ശതമാനം കുതിച്ച് 16,311 യൂണിറ്റിലെത്തി. ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ച് നാലു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമാണിത്. പുതിയതായി ലോഞ്ച് ചെയ്ത ടിയാഗോയ്ക്കാണ് ആവശ്യകത ഉയര്‍ന്നത്. ജനുവരിയില്‍ ഹെക്‌സ ലോഞ്ച് ചെയ്യുന്നതോടെ വില്‍പ്പന മികവ് തുടരാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
കമ്പനി പ്രതിമാസ വളര്‍ച്ച നേടിവരുന്നു. കൂടുതല്‍ വളര്‍ച്ച നേടുന്നതിന് ഉത്സവ സീസണ്‍ പ്രചോദനം നല്‍കുന്നുണ്ട്- ടാറ്റ മോട്ടോഴ്‌സ് യാത്രാ വാഹന ബിസിനസ് പ്രസിഡന്റ് മായാംഗ് പരീക്ക് വ്യക്തമാക്കി. അതേസമയം,
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ആകെ വില്‍പ്പനയില്‍ 2.2 ശതമാനം വര്‍ധനവേ റിപ്പോര്‍ട്ട് ചെയ്തുള്ളു. സെപ്റ്റംബറില്‍ 29 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതിനു പിന്നാലെയാണ് വില്‍പ്പന ഇടിഞ്ഞത്. പ്രവൃത്തി ദിനങ്ങളുടെ എണ്ണം, സ്റ്റോക്ക് പ്ലാന്‍ പോലുള്ള ഹ്രസ്വകാല ഘടകങ്ങള്‍ പ്രതിമാസ വില്‍പ്പനയെ ബാധിച്ചതിനാലാണ് വളര്‍ച്ച കുറഞ്ഞതെന്ന് മാരുതി സുസുക്കി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ആര്‍ എസ് കല്‍സി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Auto