ഒല 600 മില്യണ്‍ ഡോളര്‍ സമാഹരിക്കും

ഒല 600 മില്യണ്‍ ഡോളര്‍ സമാഹരിക്കും

ബെംഗളൂരു: ഇന്ത്യയിലെ ഓണ്‍ലൈന്‍ ടാക്‌സി സേവന സ്റ്റാര്‍ട്ടപ്പുകളില്‍ ഏറ്റവും വലിയ കമ്പനിയായ ഒല 600 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ തയാറെടുക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഒല പദ്ധതിയിടുന്നത്. വിപണിയിലെ പ്രധാന എതിരാളിയായ യുബര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ നിക്ഷേപത്തിനു തയാറെടുക്കുന്ന വേളയിലാണ് ഒലയും നിക്ഷേപസമാഹരണത്തിനായി ശ്രമിക്കുന്നത്.

പുതിയതും മുന്‍പ് ഒലയില്‍ നിക്ഷേപിച്ചവരുമായിട്ടുള്ളവരില്‍ നിന്നായിരിക്കും നിക്ഷേപസമാഹരണം പൂര്‍ത്തിയാക്കുക. നിക്ഷേപ സംബന്ധിയായ ചര്‍ച്ചകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ നിക്ഷേപിക്കുന്ന തുകയില്‍ മാറ്റം വരാനുള്ള സാധ്യതയും കൂടുതലാണ്. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒലയുടെ മൂല്യം അഞ്ച് ബില്യണ്‍ ഡോളറാണ്. 69 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളിലൊന്നായ യുബറുമായി മത്സരിക്കുന്നതിന് കൂടുതല്‍ സാമ്പത്തിക സമാഹരണം ഒലയ്ക്ക് ആവശ്യമാണ്. ആഗോളനിക്ഷേപകരായ സോഫ്റ്റ്ബാങ്ക്, ടൈഗര്‍ഗ്ലോബല്‍ മുതലായവയാണ് ഒലയെ പിന്താങ്ങുന്ന പ്രമുഖ സ്ഥാപനങ്ങള്‍. ആദായകരമല്ലാത്ത ചൈനീസ് ഘടകത്തെ ഒഴിവാക്കിയതിനു ശേഷം യുബറിനെ സംബന്ധിച്ചു വളരെയധികം പ്രാമുഖ്യമുള്ള വിപണിയാണ് ഇന്ത്യയിലുള്ളത്. 10 ബില്യണ്‍ ഡോളര്‍ വലിപ്പമുള്ള രാജ്യത്തെ ഓണ്‍ലൈന്‍ ടാക്‌സി സേവന വിപണിയില്‍ പിടിച്ചു നില്‍ക്കുന്നതിന് നിക്ഷേപസമാഹരണം ഒലയെ സംബന്ധിച്ചു നിര്‍ണായകമാണെന്ന് ഡെല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വലോറിസര്‍ കണ്‍സള്‍ട്ടന്റ്‌സില്‍ പങ്കാളിയായ ജസ്പാല്‍ സിംഗ് പറഞ്ഞു.

ലോകത്തെ മൂന്നാമത്തെ വലിയ ടെക് സ്റ്റാര്‍ട്ടപ്പ് വിപണിയായ ഇന്ത്യയിലെ നിക്ഷേപസമാഹരണ നടപടികള്‍ ശുഷ്‌കമായ പശ്ചാത്തലത്തിലാണ് പുതിയ ഫണ്ടിംഗിനായി ഒല ശ്രമിക്കുന്നത്. ഈ വര്‍ഷം ആദ്യ മൂന്നു പാദങ്ങളിലായി രാജ്യത്തെ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ആകെ സമാഹരിച്ചത് 4.23 ബില്യണ്‍ ഡോളറാണെന്ന് വിപണി നിരീക്ഷകരായ പ്രെകിന്‍ ചൂണ്ടിക്കാട്ടി. ഡിഎസ്ടി ഗ്ലോബല്‍, ആക്‌സെല്‍ പാര്‍ട്‌ണേഴ്‌സ്, സെകോയിയ കാപ്പിറ്റല്‍ മുതലായവരാണ് ഒലയിലെ മറ്റു നിക്ഷേപകര്‍.

Comments

comments

Categories: Branding