വ്യാവസായികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്കായി വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു ശ്രദ്ധേയനാകുകയാണ് മുന്‍ കൊളെജ് അധ്യാപകനായ നൈച്യൂട് ഡൊവുളോ. ഡൊവുളോയുടെ സംഭാവനകളെ മാനിച്ച് ലോകസാമ്പത്തിക ഫോറവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ‘ഷ്വാബ് ഫൗണ്ടേഷ’നും ‘ജൂബിലന്റ് ഭാര്‍ടിയ ഫൗണ്ടേഷ’നും സംയുക്തമായി ഈ വര്‍ഷത്തെ മികച്ച സാമൂഹ്യ സംരംഭകനുള്ള പുരസ്കാരം നൈച്യൂട് ഡൊവുളോയ്ക്കു സമ്മാനിച്ചിരുന്നു.
നാഗാലാന്റിലെ ബാപ്റ്റിസ്റ്റ് കോളെജിലെ സാമ്പത്തികശാസ്ത്രവിഭാഗം അധ്യാപകനായിരുന്നു ഡൊവുളോ. അദ്ദേഹം അധ്യാപക ജോലി 2000-ത്തിലാണ് രാജി വയ്ക്കുന്നത്. തുടര്‍ന്ന് എന്റര്‍പ്രണേഴ്സ് അസോസിയേഷന് (ഇഎ) എന്ന സ്ഥാപനം ഡൊവുളോ ആരംഭിച്ചു. കലാപബാധിത പ്രദേശമായ നാഗാലാന്റിലെ യുവാക്കള്‍ക്കു നൈപുണ്യപരിശീലനവും സംരംഭകത്വ പരിശീലനവും നല്കുന്ന സ്ഥാപനമായിരുന്നു ഇഎ. സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ മൂലധനസഹായവും ചെറുകിട സംരംഭങ്ങള്‍ക്കാവശ്യമായ വിപണന സൗകര്യവും ഒരുക്കുകയായിരുന്നു ഇഎയുടെ പ്രഖ്യാപിത ലക്ഷ്യം. വാസ്തവത്തില്‍ ഡൊവുളോയുടെ രണ്ടാമത്തെ സംരംഭമായിരുന്നു ഇഎ. 1992ല്‍ നൈപുണ്യപരിശീലനത്തിനായി ‘ബീക്കണ്‍ ഓഫ് ഹോപ്പ്’ എന്ന സ്ഥാപനം ഡൊവുളോ തുടങ്ങിയിരുന്നുവെങ്കിലും പ്രവര്‍ത്തനം ഇടയ്ക്കു വച്ചു തടസപ്പെട്ടതിനാല്‍ അധ്യാപന മേഖലയിലേക്ക് അദ്ദേഹം തിരിയുകയായിരുന്നു.
ഇഎ ആരംഭിക്കുന്നതിന് ഇതില്‍ അംഗമായിട്ടുള്ള 13 പേര് 500 രൂപ വീതം നല്കി. അങ്ങനെ ലഭിച്ച 7500 രൂപയാണ് ഇഎയുടെ പ്രാഥമിക നിക്ഷേപമെന്ന് പറയാം-നൈച്യൂട് ഡൊവുളോ ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തില്‍ ഗ്രീറ്റിംഗ് കാര്‍ഡുകള്‍, തോല്ബാഗുകള്, ബെല്‍റ്റുകള്‍ എന്നിവയാണ് ഇഎ നിര്‍മിച്ചു വന്നത്. ഇതില്‍ നിന്നു ലഭിച്ച വരുമാനത്തിലൂടെ മാത്രം കുറച്ചു ലക്ഷങ്ങള്‍ സമാഹരിക്കാന്‍ കഴിഞ്ഞതായി ഡൊവുളോ വ്യക്തമാക്കി.
ലളിതമായ രീതിയിലുള്ള തുടക്കത്തിനു ശേഷം ഇഎ സ്ഥാപനങ്ങളേയും വ്യക്തികളേയും സമീപിച്ച് സംഭാവന ആവശ്യപ്പെടാന്‍ തുടങ്ങി. നിക്ഷേപരൂപത്തിലായിരുന്നു സംഭാവനകളിലേറെയും ലഭിച്ചിരുന്നത്. നിലവില്‍ 16 ശതമാനം പലിശയ്ക്ക് ചെറുകിട സംരംഭകര്‍ക്കുള്ള വായ്പാ സേവനങ്ങള്‍ ഇഎ നല്കുന്നു. 10,000 ആളുകള്‍ക്ക് ഇതിനോടകം വായ്പാ സഹായം ലഭിച്ചിട്ടുണ്ട്. മൂന്നുവര്‍ഷം മുന്‍പ് മണിപ്പൂരിലേക്കും സേവനം വ്യാപിപ്പിച്ച ഇഎയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ സ്ഥാപനമായി അംഗീകാരം നല്കി. ബാങ്കുകളില്‍ നിന്ന് 150 കോടിയോളം രൂപയുടെ വായ്പ നൂറുശതമാനം തിരിച്ചടവ് ഉറപ്പുനല്‍കി ലഭ്യമാക്കാന്‍ കഴിയുന്ന സ്ഥാപനമായി ഇഎ വളര്‍ന്നു.
ആദ്യഘട്ടത്തില്‍ ആളുകളെ ബോധവത്കരിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെങ്കിലും നാഗാലാന്റിലും മണിപ്പൂരിലുമായി 15,000 പേര്‍ക്കു നേരിട്ടും അല്ലാതെയും തൊഴില്‍ ലഭ്യമാക്കാന്‍ ഇഎയ്ക്കു സാധിച്ചിട്ടുണ്ട്. 2500 സംരംഭങ്ങളും 3500 കര്‍ഷകരും ഇഎയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു. അരുണാചല്‍ പ്രദേശ്, ആസാം സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ഇഎയുടെ സേവനം ആവശ്യപ്പെട്ടിട്ടുള്ളതായി ഡൊവുളോ വ്യക്തമാക്കി.