പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍: ഇന്ത്യയിലേക്കുള്ള ഇറക്കുമതി സാംസംഗും ആപ്പിളും കുറച്ചു

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍: ഇന്ത്യയിലേക്കുള്ള ഇറക്കുമതി  സാംസംഗും ആപ്പിളും കുറച്ചു

 

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ മാസം അവസാനിച്ച പാദത്തില്‍ ഇന്ത്യയിലേക്കുള്ള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയില്‍ 59 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 30,000 രൂപയിലധികം വില വരുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ ഇറക്കുമതിയിലാണ് മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 60 ശതമാനത്തിന്റെ കുറവ് വന്നിരിക്കുന്നതെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെന്നറിയപ്പെടുന്ന ഇന്ത്യയില്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മികച്ച വിപണി വിഹിതമാണുള്ളത്.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ സിംഹഭാഗവും കൈയ്യാളുന്ന സാസംഗിന്റെയും ആപ്പിളിന്റെയും പങ്കാളിത്തത്തിലും രണ്ടാം പാദത്തില്‍ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഗാലക്‌സി നോട്ട് 7ന്റെ ഉല്‍പ്പാദനവും വില്‍പ്പനയും നിര്‍ത്തലാക്കിയതാണ് രണ്ടാം പാദത്തില്‍ സാംസംഗിന് വെല്ലുവിളിയായതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. ആപ്പിള്‍ 1,500 ഐഫോണ്‍ 7 ഡിവൈസുകള്‍ മാത്രമെ കഴിഞ്ഞ പാദത്തില്‍ ഇന്ത്യയിലെത്തിച്ചിട്ടുള്ളുവെന്നും സൈബര്‍ മീഡിയ റിസര്‍ച്ച് ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഉത്സവസീസണോടനുബന്ധിച്ച് എസ്6 എഡ്ജ്, നോട്ട് 5 തുടങ്ങിയ രണ്ട് പ്രീമിയം മോഡലുകള്‍ സാംസംഗിന് തുറുപ്പുചീട്ടുകളായി അവതരിപ്പിക്കാനുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത്തരത്തിലുള്ള ഫ്‌ളാഗ്ഷിപ്പ് മോഡലുകളൊന്നും കമ്പനിക്ക് അവകാശപ്പെടാനില്ലെന്ന് കൗണ്ടര്‍പോയിന്റ് സീനിയര്‍ അനലിസ്റ്റ് തരുണ്‍ പഥക് പറഞ്ഞു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഐഫോണിന്റെ വില്‍പ്പനയിലും കുറവുണ്ടായതായി അദ്ദേഹം സൂചിപ്പിച്ചു.

സാധരണയായി ഉത്സവസീസണു മുന്നോടിയായിട്ടാണ് ഉയര്‍ന്ന മൂല്യമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഇറക്കുമതി ചെയ്യാറുള്ളത്. ഇവയിലേറെയും ചൈനയിലും തായ്‌വാനിലും നിര്‍മിച്ചവയായിരിക്കും. ഇത്തവണ ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ 7ന്റെ ഷിപ്പമെന്റ് ഒക്‌റ്റോബറിലേക്ക് മാറ്റുകയായിരുന്നു. ഏപ്രിലില്‍ തുടങ്ങി ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ ഐഫോണ്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ മുപ്പതോളം നഗരങ്ങളില്‍ 2015ലെ ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ ഉണ്ടായിരുന്ന 4.6 ശതമാനത്തില്‍ നിന്നും 2.5 ശതമാനമായി ഐഫോണ്‍ വില്‍പ്പന കുറഞ്ഞതായി ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പ് റിപ്പോര്‍ട്ടില്‍ പറയുന്നു.

20,000 രൂപയ്ക്കു മുകളില്‍ വില വരുന്ന ഐഫോണുകളുടെ വിഭാഗവും രണ്ടാം പാദത്തില്‍ മോശം പ്രകടനം കാഴ്ചവെച്ചതായാണ് റിപ്പോര്‍ട്ട്. ആപ്പിള്‍, സാംസങ് കമ്പനികള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതി കുറച്ചതിനു പുറമെ മറ്റു കമ്പനികളും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലെത്തിക്കുന്നതില്‍ നിന്നും വിട്ടുനിന്നതായും റിപ്പോര്‍ട്ടുണ്ട്.

Comments

comments

Categories: Branding