ബ്രെക്‌സിറ്റ്: ലണ്ടന് ആഗോള സാമ്പത്തിക ഹബ് പദവി നഷ്ടമാകുമോ ?

ബ്രെക്‌സിറ്റ്: ലണ്ടന് ആഗോള സാമ്പത്തിക ഹബ് പദവി നഷ്ടമാകുമോ ?

 

ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച വര്‍ധിച്ചിരിക്കുകയാണ്. ഈ അകല്‍ച്ച ബ്രിട്ടന് ആഗോള സാമ്പത്തിക ഹബ്ബ് എന്ന പദവി നഷ്ടപ്പെടുത്താനുള്ള സാധ്യതയും വര്‍ധിപ്പിച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂണ്‍ 23നു യുകെയില്‍ നടത്തിയ ജനഹിത പരിശോധനയില്‍ ബ്രിട്ടീഷ് എക്‌സിറ്റ് ഫ്രം യൂറോപ്പ് (ബ്രെക്‌സിറ്റ്) എന്ന പ്രചരണം വന്‍ വിജയം നേടുകയുണ്ടായല്ലോ. ഈ ജനഹിത ഫലം പുറത്തുവന്നതിനു ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ ആഗോള നിക്ഷേപക സമൂഹത്തെ ആകര്‍ഷിക്കാന്‍ വന്‍ തോതില്‍ ശ്രമം ആരംഭിച്ചിരിക്കുകയാണ്.
ബ്രെക്‌സിറ്റ് ഫലം പുറത്തുവന്നതിനു ശേഷം സ്‌പെയ്‌ന്റെ തലസ്ഥാനമായ മാഡ്രിഡില്‍ ഒരു പ്രചരണം നടക്കുകയുണ്ടായി. മാഡ്രിഡിലേക്ക് ബിസിനസ് ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് പ്രചരണം സംഘടിപ്പിച്ചത്. പ്രചരണത്തിന്റെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു: ‘London, whatever happens Madrid will be there for you,’ (ലണ്ടനില്‍ എന്ത് വേണമെങ്കിലും നടക്കട്ടെ, മാഡ്രിഡ് നിങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുണ്ട്).
കഴിഞ്ഞ ആഴ്ച പാരീസിലും ഇത്തരത്തില്‍ ഒരു പ്രചരണം സംഘടിപ്പിച്ചു. അതിന്റെ പരസ്യവാചകം ഇതായിരുന്നു: ‘Tired of the fog? Try the frogs!,’ Choose Paris La Defense’ (ചിന്താക്കുഴപ്പത്തിലാണോ ? നിങ്ങള്‍ പാരീസ് ലെ ഡിഫന്‍സ് തെരഞ്ഞെടുക്കൂ) പാരീസ് ലെ ഡിഫന്‍സ് എന്നത് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലെ പ്രമുഖ ബിസിനസ് ജില്ലയാണ്. ബിസിനസ് സ്ഥലംമാറ്റം (relocate) ആഗ്രഹിക്കുന്ന കമ്പനികള്‍ക്കും നിക്ഷേപകര്‍ക്കുമായി ലണ്ടനില്‍ ജര്‍മനി ട്രേഡ് ഓഫീസ് തുറന്നിരിക്കുകയാണ്.

അനധികൃത കുടിയേറ്റം തടയാന്‍ വേണ്ടിയാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാന്‍ തയാറായത്. എന്നാല്‍ ഇതിലൂടെ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ എന്ന താരിഫ് രഹിത ഏകാംഗ വിപണി ഉപേക്ഷിക്കേണ്ട ഗതികേടും സംജായതമായിട്ടുണ്ട്. പക്ഷേ, യൂറോപ്പിന്റെ സിംഗിള്‍ മാര്‍ക്കറ്റ് ഉപേക്ഷിക്കാന്‍ ബ്രിട്ടന്‍ എത്രമാത്രം തയാറാകുമെന്നത് 2019നു ശേഷമേ അറിയാന്‍ സാധിക്കൂ. കാരണം യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാനുള്ള ചര്‍ച്ച ഇരുകൂട്ടരും അവസാനപ്പിക്കുന്നത് 2019ലായിരിക്കും.
ആഗോള സാമ്പത്തിക ഹബ്ബ് എന്ന പദവി നേടിയെടുക്കാന്‍ നിലവില്‍ യൂറോപ്പിലെ പ്രമുഖ നഗരങ്ങള്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. മാഡ്രിഡും പാരീസും മാത്രമല്ല, ജര്‍മന്‍ നഗരമായ ഫ്രാങ്ക്ഫര്‍ട്ടും ആഗോള സാമ്പത്തിക കേന്ദ്രമാകാന്‍ കൊതിക്കുന്ന നഗരം തന്നെയാണ്.
എന്നാല്‍ ലണ്ടനില്‍നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്ക് കൂട്ടത്തോടെ ബിസിനസ് സമൂഹം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാന്‍ ഒരിക്കലും സാധിക്കില്ല. വരും വര്‍ഷങ്ങളില്‍ ആഗോള സമ്പദ്‌രംഗം എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നത് പ്രവചിക്കാന്‍ സാധിക്കുകയില്ല. അതു കൊണ്ടു തന്നെ ലണ്ടനെ അത്ര വേഗം എഴുതി തള്ളാനും സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. നിലവില്‍ പ്രമുഖ ധനകാര്യസ്ഥാപനങ്ങള്‍ ലണ്ടന്‍ നഗരം ഉപേക്ഷിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. പ്രമുഖ ധനകാര്യ സ്ഥാപനമായ എച്ച്എസ്ബിസി ലണ്ടനില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റൊരു പ്രമുഖനായ ഗോള്‍ഡ്മാന്‍ സാക്‌സ് ഇതുവരെ ലണ്ടന്‍ പ്രവര്‍ത്തനം മാറ്റുന്നതിനെ കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
ലണ്ടനില്‍ അനുബന്ധ ശാഖകളുള്ള ഓവര്‍സീസ് ബാങ്കുകള്‍ ഇത്രയും നാള്‍ ചില ആനുകൂല്യങ്ങള്‍ അനുഭവിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ അവര്‍ക്ക് ലണ്ടന്‍ പാസ്‌പോര്‍ട്ട് മാത്രം മതിയായിരുന്നു. എന്നാല്‍ ബ്രെക്‌സിറ്റ് സംഭവിച്ചതോടെ ലണ്ടന്‍ പാസ്‌പോര്‍ട്ട് കൊണ്ട് 27 യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവേശനം സാധ്യമാവില്ല. ഈയൊരു കാരണമാണ് ധനകാര്യ സ്ഥാപനങ്ങളെയും ബിസിനസ് ഗ്രൂപ്പുകളെയും ലണ്ടന്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.
അംഗത്വം ഉപേക്ഷിക്കുന്നതു സംബന്ധിച്ച് 2017ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനുമായി ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പോകുന്നത്. 2019ാടെ ചര്‍ച്ചകള്‍ അവസാനിക്കുമെന്നും കരുതുന്നുണ്ട്. ചര്‍ച്ചകളില്‍ ഇത്തരം കാര്യങ്ങളില്‍ എടുക്കാന്‍ പോകുന്ന നിലപാടായിരിക്കും ലണ്ടന്റെ ആഗോള സാമ്പത്തിക പദവിയുടെ ഭാവി തീരുമാനിക്കുക.

Comments

comments

Categories: Slider, World