കെറ്റിഡിസി വിറ്റുവരവ് 300 കോടിയാക്കും; സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതി നടപ്പിലാക്കുന്നു

കെറ്റിഡിസി വിറ്റുവരവ് 300 കോടിയാക്കും; സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതി നടപ്പിലാക്കുന്നു

തിരുവനന്തപുരം: ശബരിമല, ആറന്‍മുള, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നീ മുന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഒന്നിപ്പിച്ചുകൊണ്ട് ഒരു ടൂറിസം സര്‍ക്യൂട്ട് വികസിപ്പിച്ചെടുക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയായ സ്വദേശി ദര്‍ശന്‍ നടപ്പിലാക്കാനുള്ള ചുമതല കെറ്റിഡിസി ഏറ്റെടുത്തിരിക്കുകയാണ്. ആദ്യമായാണ് കെറ്റിഡിസി ഒരു സര്‍ക്കാര്‍ പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ മുന്നോട്ടുവരുന്നത്. മുന്നു വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെറ്റിഡിസി എംഡി ഡി ബാലമുരളി ഐഎഎസ് പറഞ്ഞു.

വിദേശ വിനോദസഞ്ചാരികളുടെ വരവ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളത്തിലേക്കാണുള്ളത്. എന്നാല്‍ രാജ്യത്തിനകത്തു നിന്നുള്ള വിനോദസഞ്ചാരികളെ വേണ്ടത്ര ആകര്‍ഷിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ഇതിനായി വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ കേരളത്തിന് കഴിയും. ടൂറിസം മേഖലയിലെ വൈവിധ്യവത്കരണത്തിനും വളരെയധികം പ്രാധാന്യം സംസ്ഥാനം വരുംവര്‍ഷങ്ങളില്‍ നല്‍കേണ്ടതുണ്ട്. ഇപ്പോഴും പച്ചപ്പും ബാക്ക്‌വാട്ടറുമാണ് കേരളത്തിന്റെ ഉല്‍പ്പന്നമായി നില്‍ക്കുന്നത്. ഇതിനോടൊപ്പം ഹെറിറ്റെജ്, മെഡിക്കല്‍, മ്യൂസിയം തുടങ്ങിയ മേഖലകള്‍കൂടെ വിപുലമായി പ്രയോജനപ്പെടുത്താന്‍ ആരംഭിച്ചാല്‍ മാത്രമെ ഈ രംഗത്ത് പിടിച്ചുനില്‍ക്കാന്‍ കേരളത്തിന് സാധിക്കുകയുള്ളൂവെന്ന് ബാലമുരളി കൂട്ടിച്ചേര്‍ത്തു.

ഡെസ്റ്റിനേഷന്‍ ഡെവലപ്‌മെന്റാണ് കെറ്റിഡിസിയുടെ പ്രധാന പ്രവര്‍ത്തന മേഖല. ഈ രംഗത്ത് കെറ്റിഡിഎഫ്‌സി വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ബാലമുരളി അഭിപ്രായപ്പെട്ടു. പല പുതിയ ഡെസ്റ്റിനേഷനുകളിലും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് റിസോര്‍ട്ടുകള്‍ക്കും ടൂറിസത്തെ പിന്തുണയ്ക്കാന്‍ ആവശ്യമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടുകയും ചെയ്തിട്ടുണ്ട്. അത് കുറച്ചുനാള്‍ മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ് മറ്റു സ്വകാര്യ സംരംഭകര്‍ ഇത്തരം സ്ഥലങ്ങളിലേക്ക് അവരുടെ ബിസിനസ് വ്യാപിപ്പിക്കുന്നത്. ഇത്തരത്തിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പല ശ്രദ്ധിക്കപ്പെടാതിരുന്ന വിനോദസഞ്ചാര പ്രദേശങ്ങളേയും മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ടെന്ന് ബാലമുരളി പറയുന്നു. കുമരകം ഇതിനൊരു ഉദാഹരണമാണ്.

സാധ്യതകള്‍ ഇതുവരെ ശരിയായി ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത മുഴപ്പിലങ്ങാട്, ബേക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കെറ്റിഡിസി നിക്ഷേപം നടത്തിക്കഴിഞ്ഞു. നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയിലേക്ക് ഗുണനിലവാരമുള്ള മനുഷ്യവിഭവശേഷി പ്രദാനം ചെയ്യാനും കെറ്റിഡിസിയ്ക്ക് കഴിയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കെറ്റിഡിസിയുടെ ബിസിനസുകള്‍ വിപുലമാക്കുക എന്നതാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. അതുവഴി ലാഭസാധ്യത വര്‍ധിപ്പിക്കുകയാണ് ഉദ്ദേശ്യം. ബിസിനസ് മൂല്യങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയായിരിക്കും കെറ്റിഡിസിയുടെ പ്രവര്‍ത്തനം. വിറ്റുവരവ് കൂട്ടുക എന്നതാണ് ഉദ്ദേശ്യം. നിലവിലെ വിറ്റുവരവ് 150 കോടിയാണ്, വരുന്ന വര്‍ഷങ്ങളില്‍ അത് ഇരട്ടിയാക്കണമെന്നാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്’, അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories

Related Articles