ഹിലരിയുടെ അറസ്റ്റ് ഉറപ്പാക്കും: ജൂലിയന്‍ അസാന്‍ജ്

ഹിലരിയുടെ അറസ്റ്റ് ഉറപ്പാക്കും: ജൂലിയന്‍ അസാന്‍ജ്

 

ലണ്ടന്‍: വിക്കിലീക്‌സ് ഇനി പുറത്തുവിടാന്‍ പോകുന്ന രേഖകള്‍ ഹിലരി ക്ലിന്റന്റെ അറസ്റ്റ് ഉറപ്പാക്കുന്നതായിരിക്കുമെന്ന് വിക്കിലീക്‌സ് സ്ഥാപകനും വിസില്‍ ബ്ലോവറുമായ ജൂലിയന്‍ അസാന്‍ജ്.
ലണ്ടനിലുള്ള ഇക്വഡോറിന്റെ എംബസിയില്‍ കഴിയുന്ന അസാന്‍ജ്, ഈയടുത്ത കാലത്ത് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ മാസം 27ന് ഹിലരിക്കെതിരേ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമേ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് ജൂലിയന്‍ അസാന്‍ജിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
എഫ്ബിഐയുടെ പ്രഖ്യാപനം പുറത്തുവന്നതോടെ ഹിലരിയുടെ ലീഡ് വന്‍തോതില്‍ ഇടിയുകയുണ്ടായി. ഇപ്പോള്‍ ഹിലരിയുടെ എതിരാളി ട്രംപാണ് ലീഡ് ചെയ്യുന്നത്. അടുത്ത ചൊവ്വാഴ്ച അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേ, ഹിലരിക്ക് തിരിച്ചടിയായിരിക്കുകയാണ് അസാന്‍ജിന്റെയും എഫ്ബിഐ ഡയറക്ടറുടെയും പ്രസ്താവനകള്‍.
ഹിലരിയുടെ സ്വകാര്യ ഇ-മെയ്ല്‍ സര്‍വര്‍ ഉപയോഗിച്ച് 2010 ജൂണ്‍ 30 മുതല്‍ 2014 ഓഗസ്റ്റ് 12 വരെയുള്ള കാലയളവിലെ ഏകദേശം 30,322 ഇ-മെയ്‌ലുകളാണ് ഇതുവരെ വിക്കിലീക്‌സിലൂടെ പുറത്തുവന്നത്. ഇവയില്‍ ഭൂരിഭാഗവും ഹിലരിയെ തുറങ്കിലാക്കാന്‍ പര്യാപ്തമായവയാണെന്ന് അസാന്‍ജ് പറഞ്ഞു. എ്ന്നാല്‍ ഒബാമ ഭരണകൂടത്തിനു കീഴില്‍ ഹിലരിക്കെതിരേ നടപടിയെടുക്കില്ലെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും അസാന്‍ജ് പറഞ്ഞു.

Comments

comments

Categories: World