ഐഎഫ്എഫ്‌ഐയിലെ ഇന്ത്യന്‍ സിനിമകള്‍ക്ക് സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റ് വേണ്ടിവരില്ല

ഐഎഫ്എഫ്‌ഐയിലെ ഇന്ത്യന്‍ സിനിമകള്‍ക്ക് സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റ് വേണ്ടിവരില്ല

 

ന്യൂഡെല്‍ഹി: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്‌ഐ, ഗോവന്‍ ചലച്ചിത്രോത്സവം)യില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമകള്‍ക്ക് ഇനിമുതല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷ (സിബിഎഫ്‌സി)ന്റെ അനുമതി ആവശ്യമായി വരില്ല. ചലച്ചിത്ര മേളയുടെ 47ാം പതിപ്പിനെ (നവംബര്‍ 20 മുതല്‍ 28 വരെ) സ്വീകരിക്കാന്‍ ഗോവ ഒരുങ്ങവെയാണ് പതിവ് കീഴ്‌വഴക്കം ഉപേക്ഷിക്കുന്നത്.
സാധാരണയായി സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റോടു കൂടിയ സിനിമകളെ മാത്രമെ ഇന്ത്യന്‍ പനോരമ വിഭാഗത്തിനു കീഴില്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ആ നിബന്ധന പാലിക്കപ്പെട്ടുപോന്നു. എന്നാല്‍ ശ്യാം ബെനഗല്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഇപ്പോഴത്തെ നയം മാറ്റം.
ഇന്ത്യന്‍ സംവിധായകര്‍ക്ക് സര്‍ട്ടിഫിക്കറ്റിനായി നെട്ടോട്ടമോടാതെ തങ്ങളുടെ സിനിമകള്‍ ഫെസ്റ്റിവലില്‍ സുഗമമായി പ്രദര്‍ശിപ്പിക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് സിബിഎഫ്‌സി അംഗം വാണി ത്രിപാഠി ടിക്കു പറഞ്ഞു.
യാതൊരു വിധത്തിലെ തര്‍ക്കങ്ങളുമില്ലാതെ രാജ്യത്തുടനീളമുള്ള സംവിധായകര്‍ക്ക് അവരവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് ഐഎഫ്എഫ്‌ഐയിലെ ഇന്ത്യന്‍ പനോരമയെന്ന് ഫെസ്റ്റിവലിന്റെ സ്റ്റിയറിംഗ് കമ്മറ്റി അംഗം കൂടിയായ ടിക്കു വ്യക്തമാക്കി. ചിലപ്പോള്‍ സിനിമകള്‍ ചിത്രീകരിക്കാന്‍ രണ്ടു വര്‍ഷത്തിലധികം സമയം വേണ്ടിവരും. സിബിഎഫ്‌സി സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ ഇന്ത്യന്‍ സംവിധായകര്‍ക്ക് അവരുടെ സിനിമകള്‍ ആഗോള ചലച്ചിത്ര പ്രതിഭകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ വരരുതെന്ന് ടിക്കു ചൂണ്ടിക്കാട്ടി.
ഇത്തവണത്തെ ചലച്ചിത്രമേളയ്ക്ക് 1,032 എന്‍ട്രികളുണ്ടായിരുന്നു. ഇതില്‍ 192 സിനിമകളെ പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തു. ഇന്ത്യന്‍ പനോരമയിലെ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ സംസ്‌കൃത സിനിമയെ ഇക്കുറിയും ഉള്‍പ്പെടുത്തും. ഇതു കൂടാതെ ബംഗാളി, മറാത്തി, ഹിന്ദി എന്നിവയില്‍ നിന്ന് നാലു സിനിമകളും കന്നഡ, മലയാളം എന്നിവയില്‍ നിന്ന് മൂന്ന് സിനിമകളും കൊങ്കണി, മണിപ്പൂരി, അസാമീസ്, തമിഴ്, തെലുങ്ക് തുടങ്ങിയവയില്‍ നിന്ന് ഓരോ സിനിമകളും ഫീച്ചര്‍ വിഭാഗത്തിലുണ്ടാകും. ഈ വര്‍ഷം മുതല്‍ ഐഎഫ്എഫ്‌ഐയില്‍ നവാഗത സംവിധായകര്‍ക്കും പുരസ്‌കാരം നല്‍കും. ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി വെങ്കയ്യ നായിഡുവാണ് കഴിഞ്ഞ ദിവസം ഗോവന്‍ ഫിലിം ഫെസ്റ്റിവലിന്റെ തീയതി പ്രഖ്യാപിച്ചത്.

Comments

comments

Categories: Movies, Slider