ഐബിഎസ് ഇന്‍ഫോപാര്‍ക്കില്‍ 200 കോടിയുടെ നിക്ഷേപം നടത്തുന്നു

ഐബിഎസ് ഇന്‍ഫോപാര്‍ക്കില്‍ 200 കോടിയുടെ നിക്ഷേപം നടത്തുന്നു

 

കൊച്ചി: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐബിഎസ് സോഫ്റ്റ്‌വെയര്‍ സ്വന്തമായ കാംപസ് നിര്‍മ്മിക്കാനൊരുങ്ങുന്നു. ഇതിനായി കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തീരുമാനിച്ചു. പുതിയ കാംപസ് വഴി പുതിയതായി 5,000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെതിനേക്കാള്‍ സൗകര്യത്തില്‍ നിര്‍മ്മിക്കുന്ന കാംപസിന് 300,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയാണ് അനുമാനിക്കുന്നത്. മൂന്നു മാസത്തിനകം കാംപസ് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കിലെ തപസ്യ ബില്‍ഡിങില്‍ ചെറിയ രീതിയില്‍ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. സ്മാര്‍ട്ട്‌സിറ്റിയിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇത് രണ്ടു വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനലിക്റ്റിക്, ക്ലൗഡ് കംപ്യൂട്ടിങ്, റോബോട്ടിക് എന്നിവയാണ് ഐടി ഇന്‍ഡസ്ട്രിയുടെ ഭാവിയെന്നു അഭിപ്രായപ്പെട്ട ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യു ഐടി മേഖലയിലെ നിലവിലെ മാന്ദ്യം ഐബിഎസ് പോലുള്ള സോഫ്റ്റ്‌വെയര്‍ കമ്പനികളെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഐബിഎസ് ഏവിയേഷന്‍ ഐടി സൊലൂഷന്‍ മേഖലയിലെ പ്രമുഖ കമ്പനിയാണെന്നും ഇന്‍ഫോപാര്‍ക്കില്‍ ഐബിഎമ്മിന്റെ നിക്ഷേപം ഐടി മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ അഭിപ്രായപ്പെട്ടു.

വിദേശ നിക്ഷേപകരെ ഏറെ ആകര്‍ഷിക്കുന്ന ഐടി കമ്പനിയാണ് ഐബിഎസ്. കഴിഞ്ഞ ഡിസംബറില്‍ ആഗോള പ്രൈവറ്റ് ഇക്വറ്റി ഫണ്ടായ ബ്ലാക്ക്‌സ്റ്റോണ്‍ ഐബിഎസില്‍ 170 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ഐബിഎസിലെ ജനറല്‍ അറ്റ്‌ലാറ്റിക്കിന്റെ ഇക്വറ്റി ഓഹരികളാണ് അതുവഴി ബ്ലാക്ക്‌സ്റ്റോണ്‍ സ്വന്തമാക്കിയത്. നിലവില്‍ ഐബിഎസില്‍ 35 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിക്കുള്ളത്.

രാജ്യത്തെ പ്രമുഖ ഐടി കമ്പനികളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, കോഗ്നിസെന്റ്, വിപ്രോ തുടങ്ങിയവയ്ക്ക് ഇന്‍ഫോപാര്‍ക്കില്‍ വലിയ കാംപസുകളുണ്ട്. രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി 2020 ആകുന്നതോടെ എട്ടു ദശലക്ഷം സ്‌ക്വയര്‍ ഫീറ്റ് ബില്‍റ്റ്-അപ്പ് സ്‌പേസ് വികസിപ്പിക്കാനാണ് ഇന്‍ഫോപാര്‍ക്ക് ലക്ഷ്യമിടുന്നത്. നിലവില്‍ 6ദശലക്ഷം സ്‌ക്വയര്‍ ഫീറ്റാണ് ഇന്‍ഫോപാര്‍ക്കിന്റെ ബില്‍റ്റ്-അപ് സ്‌പേസ്.

Comments

comments

Categories: Slider, Top Stories