ഹാര്‍ളിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എന്‍ഫീല്‍ഡ്

ഹാര്‍ളിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എന്‍ഫീല്‍ഡ്

 
റോയല്‍ എന്‍ഫീല്‍ഡിനെ പാവങ്ങളുടെ ഹാര്‍ളി ഡേിവിഡ്‌സണ്‍ എന്ന് വിളിക്കാറുണ്ട് ചിലര്‍. ട്രോള് കലര്‍ന്ന വിളി എന്‍ഫീല്‍ഡ് കമ്പനി കാര്യത്തിലെടുത്തിട്ടുണ്ടാകും ചിലപ്പോള്‍. അതുകൊണ്ടാണ് സാക്ഷാല്‍ ഹാര്‍ളി ഡേവിഡ്‌സണെ വെല്ലാനുള്ള മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് പണിപ്പുരയില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. വിപണിയില്‍ രണ്ടു കമ്പനികളും രണ്ട് സെഗ്‌മെന്റിലാണെങ്കിലും ഉയര്‍ന്ന സിസി വിഭാഗത്തിലേക്ക് ടയര്‍ ഉരുട്ടാനുള്ള പരിപാടിയാണ് റോയല്‍ എന്‍ഫീല്‍ഡിന്.
ബ്രിട്ടീഷ് കമ്പനി ഹാര്‍ളി ഡേവിഡ്‌സണ് ഇന്ത്യയില്‍ ആരാധകര്‍ ദിനം പ്രതി വര്‍ധച്ചു വരികയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ഹാര്‍ളി നല്‍കുന്ന എന്‍ജിന്‍ ശേഷിയാണ് ഇതില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത്. മാത്രവുമല്ല, ഇന്ത്യന്‍ വിപണിയില്‍ എന്‍ഫീല്‍ഡിനുള്ള പരിചയവും സ്വീകാര്യതയും മുതലാക്കാനും എന്‍ഫീല്‍ഡ് ശ്രമിക്കുമെന്നതില്‍ സംശയമില്ല.
750 സിസി എന്‍ജിനുള്ള മോഡലാണ് എന്‍ഫീല്‍ഡ് പണിപ്പുരയില്‍ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇതിന്റെ പ്രീ ലോഞ്ചിംഗ് നടത്തുമെന്ന് വരെ വിവിധ ഓട്ടോമൊബീല്‍ വെബ്‌സൈറ്റുകള്‍ വ്യക്തമാക്കുന്നു. ഇത്രയും വലിയ എന്‍ജിന്‍ എന്‍ഫീല്‍ഡിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മാറ്റത്തിന് മാറ്റമല്ലാതെ പോംവഴിയില്ലെന്ന് ചിന്തയാകും ഇതിന് പിന്നില്‍.
അതേസമയം, ഒരു മോട്ടോര്‍സൈക്കിള്‍ മാത്രമല്ല, ഒരു സീരീസ് തന്നെ നിര്‍മിക്കാനാണ് ഐഷര്‍ മോട്ടോഴ്‌സ് ഉടമസ്ഥതയിലുള്ള എന്‍ഫീല്‍ഡ് ശ്രമിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതില്‍ ആദ്യത്തേതാകും 750 സിസി ട്വിന്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍.
കമ്പനിയുടെ കോണ്ടിനെന്റല്‍ ജിടി മോഡലില്‍ ഈ എന്‍ജിന്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണിയിലെ എന്‍ട്രി ലെവല്‍ വിഭാഗമാണ് റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്. ഈ വിഭാഗത്തില്‍ ഹാര്‍ളി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, ട്രിയംഫ് ബോണ്‍വില്ലെ എന്നീ മോഡലുകളാണ് മേധാവിത്വം പുലര്‍ത്തുന്നത്. മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെയാകും എന്‍ഫീല്‍ഡിന്റെ ഉയര്‍ന്ന സിസി മോഡലുകള്‍ക്ക് നല്‍കേണ്ടി വരുന്നത്.
60 മുതല്‍ 70 എന്‍എം ടോര്‍ക്ക് വരെ ഉല്‍പ്പാദിപ്പിക്കുന്ന 40 മുതല്‍ 50 ബിഎച്ച്പി വരെ കരുത്താകും പുതിയ എന്‍ജിനുണ്ടാവുക. ഗിയര്‍ബോക്‌സ് അഞ്ച് സ്പീഡ് മാനുവല്‍ തന്നെയാകും. ഹിമാലയന്‍ മോഡലിലുള്ള പോലെ എന്‍ജിന്‍ ഓയില്‍ കൂള്‍ഡാകും.
നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ അറ്റാദായ കണക്കുകള്‍ പ്രഖ്യാപിച്ച സമയത്താണ് എന്‍ഫീല്‍ഡിന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡിന് വന്‍ പദ്ധതിയാണുള്ളത്. ഇതിനായി കമ്പനി 600 കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Auto