ഗൂഗ്ള്‍ വെളിപ്പെടുത്തിയ വിന്‍ഡോസ് തകരാറിന്മേല്‍ ഹാക്കര്‍മാര്‍ നിരങ്ങുന്നു: മൈക്രോസോഫ്റ്റ്

ഗൂഗ്ള്‍ വെളിപ്പെടുത്തിയ വിന്‍ഡോസ് തകരാറിന്മേല്‍ ഹാക്കര്‍മാര്‍ നിരങ്ങുന്നു: മൈക്രോസോഫ്റ്റ്

 

സാന്‍ഫ്രാന്‍സിസ്‌കോ: എതിരാളിയായ ഗൂഗ്ള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ വിന്‍ഡോസ് തകരാറ് ഹാക്കര്‍മാര്‍ മനസിലാക്കിയതായി മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. യുഎസ് ദേശീയ സ്ഥാപനങ്ങളില്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്ന ഹാക്കിംഗ് ഗ്രൂപ്പിനെയാണ് സംശയിക്കുന്നതെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

സ്‌ട്രോണ്ടിയം എന്ന് മൈക്രോസോഫ്റ്റ് വിളിക്കുന്ന ഹാക്കര്‍മാര്‍ പ്രത്യേക വിഭാഗം ആളുകള്‍ക്ക് ഇ-മെയില്‍ അയച്ചുകഴിഞ്ഞതായി വിന്‍ഡോസ് ആന്‍ഡ് ഡിവൈസസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടെറി മയേഴ്‌സണ്‍ ബ്ലോഗ് പോസ്റ്റ് ചെയ്തു. ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേര്‍ഡ്, മറ്റ് ധനകാര്യ വിവരങ്ങളെല്ലാം കംപ്യൂട്ടറില്‍നിന്ന് ചോര്‍ത്താന്‍ കഴിയുന്നതാണ് സ്പിയര്‍ ഫിഷിംഗ് എന്നറിയപ്പെടുന്ന ഈ ഇ-മെയില്‍.

കഴിഞ്ഞ ദിവസം ഗൂഗിള്‍ വെളിപ്പെടുത്തിയ തകരാറ് ഹാക്കര്‍മാര്‍ മനസിലാക്കിയതായും വെബ് ബ്രൗസിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് കംപ്യൂട്ടറുകളില്‍ അതിക്രമിച്ചുകടന്നെന്നുമാണ് വിവരം. സൈബര്‍ സുരക്ഷാ വിദഗ്ധരാണ് ഹാക്കര്‍മാരുടെ സംഘത്തിന് പേരുകള്‍ ഇടുന്നത്. സ്‌ട്രോണ്ടിയം റഷ്യയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന സംഘമാണെന്നാണ് വിലയിരുത്തല്‍. യുഎസ് പ്രഡിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത് ഇതേ സംഘമാണെന്നും സംശയിക്കുന്നു.

മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പിലും ഒരു രാജ്യത്തിന്റെ പിന്തുണ സ്‌ട്രോണ്ടിയത്തിന് ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത് ഏത് രാജ്യമാണെന്ന് വിശദീകരിച്ചിട്ടില്ല. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ റഷ്യ പിന്തുണയ്ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തല്‍.

Comments

comments

Categories: Slider, Top Stories