മികച്ച കോടതിയായി തുടരുക, കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക

മികച്ച കോടതിയായി തുടരുക, കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക

കൊച്ചി: രാജ്യത്തെ മറ്റു കോടതികളെ അപേക്ഷിച്ച് വര്‍ഷങ്ങളായി തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കേരള ഹൈക്കോടതിയില്‍ കുറവാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍. ഒരു ലക്ഷത്തില്‍ പരം കേസുകളാണ് ഹൈക്കോടതിയില്‍ തീര്‍പ്പാക്കാനുള്ളത്. പത്ത് വര്‍ഷത്തോളമായി തീര്‍പ്പാകാതെ കിടക്കുന്ന കേസുകളുടെ എണ്ണം ഹൈക്കോടതിയില്‍ 9000 മാത്രമാണെന്നും ഇത്തരം കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാനുള്ള നടപടികളുണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കേരള ഹൈക്കോടതിയുടെ 60 വര്‍ഷം തികയുന്ന ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരള ഹൈക്കോടതിയുടെ വിധികളില്‍ പലതും നിയമവ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണ്. ഹൈക്കോടതിയിലെ ജഡ്ജിമാരുടെ സത്യസന്ധതയും സമര്‍പ്പണവും ശ്രദ്ധേയമാണ്. എങ്കിലും മികച്ച ഹൈക്കോടതിയായി തുടരാന്‍ ഇനിയും ശ്രമിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. സാക്ഷരതയും പൗരാവകാശങ്ങളെക്കുറിച്ചുള്ള ഉയര്‍ന്ന ബോധവും മൂലം കേരളത്തില്‍ കേസുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. കൂടാതെ വേഗത്തില്‍ നീതി ലഭിക്കണമെന്ന് യുവതലമുറ ആവശ്യപ്പെടുന്നുമുണ്ട്. അതിനാല്‍ കേരള ഹൈക്കോടതിയുടെ സത്‌പേര് നിലനിര്‍ത്താനും മികച്ച രീതിയില്‍ നീതിന്യായ വ്യവസ്ഥ മുന്നോട്ടു കൊണ്ടു പോകാനും കൂടുതല്‍ കാര്യക്ഷമമായ നടപടികളുണ്ടാകണം. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അഭിഭാഷകരുടെ സഹകരണം ഉണ്ടാകണമെന്നും ടി എസ് താക്കൂര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് കേരള ഹൈക്കോടതി നല്കിയ സംഭാവനകള്‍ ചടങ്ങില്‍ അദ്ധ്യക്ഷനായ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ വിശദീകരിച്ചു. സുപ്രീംകോടതി ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, അശോക് ഭൂഷണ്‍ എന്നിവര്‍ കേരളാ ഹൈക്കോടതിയുടെ സമ്പന്നമായ പാരമ്പര്യത്തെയും സംഭാവനകളെയും അനുസ്മരിച്ചു. അഭിഭാഷകക്ഷേമനിധി വഴി ലഭിക്കുന്ന ആനുകൂല്യം 10 ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് നിയമമന്ത്രി എ കെ ബാലന്‍ അറിയിച്ചു. മെഡിക്കല്‍ ആനുകുല്യം 1 ലക്ഷം രൂപയാക്കും. സംസ്ഥാനത്ത് നിയമ അക്കാഡമി സ്ഥാപിക്കാനുള്ള കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പുരോഗമനപരമായ അനവധി നിയമങ്ങള്‍ പാസാക്കിയെടുക്കാന്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരള നിയമസഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇതില്‍ മിക്കതും ഹൈക്കോടതി ശരിവച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. ഭരണഘടന പ്രകാരമുള്ള അവകാശങ്ങള്‍ പൊതുജനങ്ങള്‍ക്കുറപ്പാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാരായ കെ ടി ശങ്കരന്‍, തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Comments

comments

Categories: Slider, Top Stories