സിപ്ല പഴയ ബിസിനസ് തന്ത്രങ്ങളിലേക്ക്; അന്താരാഷ്ട്രവിപണിസാന്നിധ്യം വെട്ടിച്ചുരുക്കുന്നു

സിപ്ല പഴയ ബിസിനസ് തന്ത്രങ്ങളിലേക്ക്;  അന്താരാഷ്ട്രവിപണിസാന്നിധ്യം വെട്ടിച്ചുരുക്കുന്നു

 

മുംബൈ: കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 24 രാജ്യങ്ങളിലെ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ ബഹുരാഷ്ട്ര ഫാര്‍സ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ല അവസാനിപ്പിച്ചത്. നേരത്തേ 135 രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സിപ്ല തങ്ങളുടെ സാന്നിധ്യം ഇതോടെ 110 രാജ്യങ്ങളിലേക്ക് ചുരുക്കിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പദവിയില്‍ നിന്നും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി ഉമാങ് വോറ ചുമതലയേറ്റതോടെയാണ് സിപ്ല ഇത്തരം നേട്ടങ്ങള്‍ കൈവരിച്ചത്. ഭാവിയില്‍ ആറ് രാജ്യങ്ങളിലെ കൂടി സാന്നിധ്യം അവസാനിപ്പിക്കാനും വോറ പദ്ധതിയിടുന്നുണ്ട്.

കമ്പനിയെ കേന്ദ്രീകൃതമാക്കുന്നതിനും, ലാഭത്തോടെയുള്ള വളര്‍ച്ച നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍. ആഗോള വിപണികളില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുള്ള സിപ്ലയുടെ ശ്രമങ്ങള്‍ക്ക് വലിയ കാലപഴക്കമില്ല. 2013 ഫെബ്രുവരിയില്‍ സുബ്ബാനു സ്‌കസേന സിഇഒ ആയി ചുമതലയേറ്റതോടെയാണ് സിപ്ല വന്‍ വിപണി വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ലോക വിപണികളില്‍ സിപ്ലയുടെ സാന്നിധ്യം ശക്തമാക്കുന്നതിനു വേണ്ടി വിതരണ കമ്പനികളുടെ ഏറ്റെടുക്കല്‍ പരമ്പര തന്നെ സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. വിദേശ വിപണികളിലെ കമ്പനിയുടെ പങ്കാളിത്ത മാതൃകയില്‍ മുന്‍ ജോയിന്റ് മാനേജിംഗ് ഡയറക്റ്ററായിരുന്ന അമര്‍ ലുല്ലയ്ക്ക് കീഴില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ത്തും വിപരീതമായ ബിസിനസ് തന്ത്രങ്ങളാണ് സക്‌സേന സ്വീകരിച്ചത്.

എന്നാല്‍ ആഗോള വിപണി കേന്ദ്രീകരിച്ചുള്ള വിപുലീകരണത്തോടെ 2015-2016 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം കമ്പനിയുടെ മൂലധന ലാഭം 14.5 ശതമാനമായി (2012-2013ലെ 24%ത്തില്‍ നിന്നും) കുറഞ്ഞു. ലാഭത്തിന്റെ മാര്‍ജിനിലും വലിയ കുറവുണ്ടായി. പുതിയ വിപുലീകരണ തന്ത്രങ്ങള്‍ ഫലം കണ്ടില്ലെന്നുള്ളതിന്റെ സൂചനകളായിരുന്നു ഇത്. അതിനാല്‍ നിലവില്‍ വോറയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന മേഖല ചുരുക്കുന്ന പ്രവര്‍ത്തനങ്ങളാണ് കമ്പനിയില്‍ നടക്കുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ വിവിധ ആഗോള വിപണികളില്‍ സിപ്ല നിക്ഷേപം നടത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ മെഡ്‌പ്രോ ഉള്‍പ്പടെ പ്രധാന ഏറ്റെടുക്കലുകളും നടത്തി. വികസ്വര വിപണികളില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കാന്‍ സിപ്ലയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് കമ്പനി വക്താവ് പറയുന്നു. 2013ലാണ് 2,707 കോടി രൂപയുടെ ഇടപാടില്‍ സിപ്ല മെഡ്‌പ്രോ സ്വന്തമാക്കിയത്. തുടര്‍ന്ന് 3,575 കോടി രൂപ മൂല്യത്തില്‍ യുഎസ് മരുന്നുനിര്‍മാണ കമ്പനികളായ ഇന്‍വാജെന്നിനെയും എക്‌സിലാനിനെയും സിപ്ല ഏറ്റെടുത്തിരുന്നു. ആഗോളതലത്തില്‍ പ്രധാന വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് സിപ്ലയുടെ ലക്ഷ്യമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

പുതിയ ബിസിനസ് തന്ത്രത്തിന്റെ ഭാഗമായി പ്രധാന വിപണികളായ ഇന്ത്യ, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ മുന്‍നിരയില്‍ സാന്നിധ്യമുറപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതോടനുബന്ധിച്ച് പഴയ പങ്കാളിത്ത ബിസിനസ് മോഡലിലേക്ക് തിരിച്ചുപോകുമെന്ന സൂചനയാണ് സിപ്ല തരുന്നത്. യുഎസ് വിപണിയില്‍ മുന്‍നിരയിലെത്തുകയെന്ന ലക്ഷ്യത്തോടെ പത്ത് മുതല്‍ 15 വരെ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം 20 മുതല്‍ 25 വരെ എഎന്‍ഡിഎ അംഗീകാരമാണ് പ്രതീക്കുന്നതെന്നും കമ്പനി അറിയിച്ചു.

സിപ്ലയുടെ വരുമാനത്തില്‍ ഏറ്റവും ഉയര്‍ന്ന പങ്ക് (40%) വഹിക്കുന്ന വിപണി ഇന്ത്യയാണ്. മറ്റു വികസ്വര വിപണികളില്‍ നിന്നും 26 ശതമാനം പങ്കാളിത്തമാണ് കമ്പനിയുടെ വരുമാനത്തിലുള്ളത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ (11%) കുറഞ്ഞ പങ്കാളിത്തം മാത്രമെ ദക്ഷിണാഫ്രിക്കയില്‍ നിന്നുണ്ടായിട്ടുള്ളു.

Comments

comments

Categories: Branding