ഒരു ദിവസം; നാല് ശസ്ത്രക്രിയകള്‍; വിജയ ചരിത്രം കുറിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

ഒരു ദിവസം; നാല് ശസ്ത്രക്രിയകള്‍; വിജയ ചരിത്രം കുറിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: മാരത്തണ്‍ ശസ്ത്രക്രിയകളിലൂടെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ കാര്‍ഡിയാക് സയന്‍സസിലെ കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് ശസ്ത്രക്രിയാ സംഘം ഒരേ ദിവസം നാല് സങ്കീര്‍ണ ഹൃദയശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പേര്‍ അടക്കം നാല് പേര്‍ക്കാണ് അയോട്ടിക് എന്‍ഡോവാസ്‌കുലാര്‍ ശസ്ത്രക്രിയകള്‍ നടത്തിയത്. ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉടന്‍തന്നെ ഇവരെ ഡിസ്ചാര്‍ജ് ചെയ്തു.

ഹൃദയത്തില്‍നിന്ന് ശരീരത്തിലാകമാനം ശുദ്ധരക്തം എത്തിക്കുന്ന ഹൃദയരക്തധമനിയിലെ വീക്കത്തിനും വിളളലിനും പരിഹാരമായി അയോട്ടിക് എന്‍ഡോവാസ്‌കുലാര്‍ ശസ്ത്രക്രിയകളാണ് നടത്തിയത്. രക്തക്കുഴലുകളിലെ പേശികള്‍ക്ക് അയവ് വരുന്നതുമൂലം രക്തക്കുഴലുകള്‍ അസാധാരണമായി വികസിക്കുന്നതാണ് ധമനിവീക്കം. രക്തക്കുഴലുകള്‍ വലിഞ്ഞ് വിള്ളലുകള്‍ ഉണ്ടാകുന്ന അവസ്ഥയും ജീവന്‍തന്നെ അപകടാവസ്ഥയിലാക്കിയേക്കാം.

രക്തക്കുഴലുകളിലെ വീക്കത്തിനും രക്തധമനി മുറിഞ്ഞുപോകാതിരിക്കാനും അടിയന്തര ശസ്ത്രക്രിയയാണ് പരിഹാരം. ധമനീ കമാനങ്ങളിലെ ശസ്ത്രക്രിയ വളരെ സങ്കീര്‍ണമാണെന്ന് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനോജ് പി നായര്‍ പറഞ്ഞു. നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയയുടെ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് പ്രായമായവരില്‍, ഒഴിവാക്കുന്നതിനാണ് എന്‍ഡോവാസ്‌കുലാര്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത്. ഡോ. മനോജ് പി നായരും കാര്‍ഡിയാക് അനസ്‌തെറ്റിസ്റ്റ് ഡോ. സുരേഷ് ജി നായരുമാണ് ഇതിനു നേതൃത്വം നല്‍കിയത്.

ഇമേജിംഗ് സംവിധാനം ഉപയോഗിച്ച് രക്തക്കുഴലുകള്‍ വലുതാക്കിക്കണ്ടാണ് എന്‍ഡോവാസ്‌കുലാര്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത്. ഒരേ ദിവസം നടത്തിയ നാല് ശസ്ത്രക്രിയകളിലും കൂടുതല്‍ സുരക്ഷിതമായ ഹൈബ്രിഡ് ശസ്ത്രക്രിയാരീതികളാണ് ഉപയോഗിച്ചത്. നെഞ്ചുതുറന്നുള്ള ശസ്ത്രക്രിയയുടെ രീതികളും വളരെ കുറച്ച് മുറിവുകള്‍ മാത്രമുണ്ടാക്കുന്ന എന്‍ഡോവാസ്‌കുലാര്‍ രീതികളും ഇതിനായി ഉപയോഗിച്ചു. അരയില്‍ ചെറിയ മുറിവുണ്ടാക്കി നീളമുള്ള കത്തീറ്ററുകളുടെ സഹായത്തോടെ രക്തധമനിയിലേയ്ക്ക് സ്‌റ്റെന്‍ഡ് ഗ്രാഫ്റ്റ് കടത്തി. കേടുവന്ന രക്തക്കുഴല്‍ ഭിത്തിയിലെ സമ്മര്‍ദ്ദം കുറയ്ക്കാനും വീക്കമുള്ള ഭാഗത്തെ രക്തമൊഴുക്ക് ശരിയാക്കാനും ഇതുവഴി സാധിച്ചുവെന്ന് ഡോ. മനോജ് പറഞ്ഞു.

ഈ മേഖലയിലെ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ളതാണ് ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ കാര്‍ഡിയാക് സയന്‍സസ് എന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കുന്നതിന് കഴിയുന്ന രീതിയില്‍ ദശകങ്ങളുടെ അനുഭവപരിചയമുള്ളവരാണ് കാര്‍ഡിയോ തൊറാസിക് സര്‍ജറി ടീം. നാല് അയോട്ടിക് എന്‍ഡോവാസ്‌കുലാര്‍ ശസ്ത്രക്രിയകള്‍ ഒരേ ദിവസം നടത്തുക എന്ന അപൂര്‍വമായ നേട്ടം കൈവരിച്ചത് ഏറെ അഭിമാനകരമാണ്. പത്യേക കോണ്‍ഫറന്‍സുകളിലും ശില്‍പ്പശാലകളിലും പോലും പരമാവധി മൂന്ന് എന്‍ഡോവാസ്‌കുലാര്‍ ശസ്ത്രക്രിയകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ എന്നും ഇത് ആസ്റ്റര്‍ മെഡ്‌സിറ്റി ടീമിന് വലിയ നേട്ടമാണെന്നും ഡോ. ഹരീഷ് പിള്ള ചൂണ്ടിക്കാട്ടി.

Comments

comments

Categories: Branding

Related Articles