തെലങ്കാനയും ആന്ധ്രയും മുന്നേറ്റ പാതയില്‍

തെലങ്കാനയും ആന്ധ്രയും  മുന്നേറ്റ പാതയില്‍

 

ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള കാലാവസ്ഥയാണ് വികസനത്തിന്റെ പ്രധാന അളവുകോലായി പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ലോക ബാങ്കും കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന(ഡിഐപിപി)ും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടിക ചിലരുടെയെങ്കിലും പ്രതീക്ഷകള്‍ തെറ്റിച്ചു. ആന്ധ്ര പ്രദേശും തെലങ്കാനയുമാണ് ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം തെലങ്കാനയുടെ സ്ഥാനം 13 ആയിരുന്നതാണ്. അവിടെ നിന്നാണ് അവരിപ്പോള്‍ ഒന്നിലേക്ക് ഉയര്‍ന്നിരിക്കുന്നത്. 98.78 സ്‌കോര്‍ നേടിയാണ് ഇരു സംസ്ഥാനങ്ങളും ബിസിനസ് സൗഹൃദമാണെന്ന് തെളിയിച്ചിരിക്കുന്നത്.

ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ശ്രദ്ധേയമായി. അതേസമയം ഹരിയാന, ഉത്തരാഖണ്ഡ് എന്നിവ പോലുള്ള സംസ്ഥാനങ്ങള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം വളര്‍ച്ചയുടെ കാര്യത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കഴിഞ്ഞതാണ് ഇത്തരത്തില്‍ തെലങ്കാനയും ഹരിയാനയുമെല്ലാം മുന്നേറ്റമുണ്ടാക്കാന്‍ കാരണം. പരിഷ്‌കരണങ്ങള്‍ അതിവേഗം നടപ്പിലാക്കാന്‍ ഇത് സംസ്ഥാന സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നു.
ഡിഐപിപി ലിസ്റ്റ് ചെയ്ത പരിഷ്‌കരണ നയങ്ങള്‍ നടപ്പാക്കാന്‍ ഇത്തവണ 50 ശതമാനത്തിലധികം സംസ്ഥാനങ്ങളും ശ്രമിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒറ്റ സംസ്ഥാനം മാത്രമാണ് 75 ശതമാനത്തിലധികം പരിഷ്‌കരണനയങ്ങള്‍ നടപ്പാക്കിയതെങ്കില്‍ ഇത്തവണ അത് 16 ആയി മാറി. പ്രധാനമായും ആറ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഡിഐപിപി സംസ്ഥാനങ്ങളെ റാങ്ക് ചെയ്തത്. ഏകജാലക സംവിധാനങ്ങള്‍, നികുതി പരിഷ്‌കരണങ്ങള്‍, കണ്‍സ്ട്രക്ഷന്‍ പെര്‍മിറ്റ്, പരിസ്ഥിതി, തൊഴില്‍ പരിഷ്‌കരണങ്ങള്‍, കൊമേഴ്‌സ്യല്‍ ഡിസ്പ്യൂട്ടുകള്‍ തുടങ്ങിയ മാനദണ്ഡങ്ങളില്‍ സംസ്ഥാനങ്ങള്‍ എത്രമാത്രം മികവ് പുലര്‍ത്തുന്നുണ്ടെന്ന് വിലയിരുത്തിയാണ് റാങ്കിംഗ് നിശ്ചയിച്ചത്.

Comments

comments

Categories: Editorial