ജിയോ ഉയര്‍ത്തുന്ന മല്‍സരം: ഉടനടി നിരക്ക് കുറയ്ക്കുന്നില്ലെന്ന് എയര്‍ടെല്‍

ജിയോ ഉയര്‍ത്തുന്ന മല്‍സരം:  ഉടനടി നിരക്ക് കുറയ്ക്കുന്നില്ലെന്ന് എയര്‍ടെല്‍

 

ന്യൂഡെല്‍ഹി: ജിയോയുടെ സൗജന്യ സേവനങ്ങളെ നേരിടാന്‍ ഉടനടി നിരക്ക് കുറയ്ക്കുന്ന തരത്തില്‍ തീരുമാനമെടുക്കില്ലെന്ന് ഭാരതി എയര്‍ടെല്‍ വ്യക്തമാക്കി. റിലയന്‍സ് ജിയോയുടെ നിരക്കുകള്‍ സംബന്ധിച്ച് വ്യക്തത വരുന്നതു വരെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കാത്തിരിക്കുമെന്നും, തുടര്‍ന്ന് മത്സാരാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഭാരതി എയര്‍ടെല്‍ ഇന്ത്യ സിഇഒ ഗോപാല്‍ വിത്തല്‍ പറഞ്ഞു. ടെലികോം രംഗത്ത് പുതിയ കമ്പനിയുടെ കടന്നുവരവ് ഏറ്റവും കൂടുതല്‍ ബാധിക്കുക ചെറു സംരംഭങ്ങളെ ആയിരിക്കുമെന്നും ഇത് ഈ മേഖലയെ ഏകീകരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിയോയ്ക്ക് എല്ലാക്കാലത്തും സേവനങ്ങള്‍ സൗജന്യമായി നല്‍കാനാവില്ല. ഒരുഘട്ടത്തില്‍ നിശ്ചയമായും അവര്‍ക്ക് വില നിശ്ചയിക്കേണ്ടിവരും അപ്പോള്‍ അതിനനുസരിച്ചുള്ള നിരക്കിനെ കുറിച്ച് ചിന്തിക്കാമെന്ന് വിത്തല്‍ പറയുന്നു.

ഉപയോക്താക്കള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ജിയോയുടെ കടന്നുവരവുണ്ടാക്കിയ സമ്മര്‍ദ്ധം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും ഭാരതി എയര്‍ടെല്ലിന്റെ വരുമാന വിപണി വിഹിതം കുറഞ്ഞിട്ടില്ലെന്നും നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ തുടര്‍ന്നുള്ള പാദങ്ങളില്‍ കൂടുതല്‍ വിപണി വിഹിതം നേടാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഗോപാല്‍ വിത്തല്‍ അറിയിച്ചു. അതേസമയം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഉപഭോക്തൃ വിഹിതം 2.6 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി വര്‍ധിച്ചെങ്കിലും രേഖപ്പെടുത്തിയെങ്കിലും തുടര്‍ന്നുള്ള പാദങ്ങളില്‍ ഇത് കുറയുമെന്ന ആശങ്ക നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

എയര്‍ടെല്‍-ജിയോ ഇന്റര്‍കണക്ഷന്‍ പ്രശ്‌നത്തില്‍ തങ്ങള്‍ പിഴയടയ്ക്കാന്‍ ബാധ്യസ്തരാണെന്ന് കരുതുന്നില്ലെന്നും ഇതു സംബന്ധിച്ച് ടെലികോം മന്ത്രാലയവുമായും ടെലികോം റെഗുലേറ്ററി അതോറിറ്റിയുമായും (ട്രായ്) ചര്‍ച്ചചെയ്ത് വസ്തുതകള്‍ ബോധ്യപ്പെടുത്തുമെന്നും വിത്തല്‍ പറഞ്ഞു. ജിയോയ്ക്ക് ഇന്റര്‍കണക്ഷന്‍ സൗകര്യം ലഭ്യമാക്കുന്നില്ലെന്ന ആരോപണത്തില്‍ എയര്‍ടെല്ലിനെതിരെ നേരത്തേ ട്രായ് 1,050 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്നും ഇതു ചൂണ്ടിക്കാട്ടി സര്‍ക്കാരിനെയും റെഗുലേറ്ററി അതോറിറ്റിയെയും സമീപിക്കുമെന്നും എയര്‍ടെല്‍ കഴിഞ്ഞയാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Branding