ദീപാവലി ബമ്പറടിച്ച് വാഹന നിര്‍മാതാക്കള്‍

ദീപാവലി ബമ്പറടിച്ച് വാഹന നിര്‍മാതാക്കള്‍

ന്യൂഡെല്‍ഹി: ദസറ, ദീപാവലി എന്നീ ആഘോഷങ്ങളോടെ ഫെസ്റ്റീവ് മാസമായി അറിയപ്പെടുന്ന ഒക്ടോബറില്‍ വാഹന നിര്‍മാതാക്കള്‍ക്ക് ബമ്പര്‍ നേട്ടം. രാജ്യത്തെ വാഹന വിപണിയിലുള്ള ഒട്ടുമിക്ക കമ്പനികളും ഇക്കഴിഞ്ഞ മാസത്തില്‍ പോസിറ്റീവ് വളര്‍ച്ചയാണ് കൈവരിച്ചത്. മെച്ചപ്പെട്ട മണ്‍സൂണ്‍ ലഭ്യതയും ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതുമാണ് വാഹന നിര്‍മാതാക്കള്‍ക്ക് ഫെസ്റ്റീവ് മാസത്തില്‍ നേട്ടമുണ്ടാക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

വിപണിയില്‍ നിലവില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് മുന്‍നിര റേറ്റിംഗ് ഏജന്‍സിയായ ഇക്ര നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 8.5 മുതല്‍ 9.5 ശതമാനമായിരുന്നത് 10 മുതല്‍ 12 ശതമാനം വരെയാക്കി ഉയര്‍ത്തിയിട്ടുണ്ട്. വിപണിയില്‍ ഇനിയും ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് ഇക്ര ചൂണ്ടിക്കാണിക്കുന്നത്.
2016 സാമ്പത്തിക വര്‍ഷം അവസാനം മുതലുള്ള നേട്ടമാണ് വിപണിയില്‍ തുടരുന്നതെന്ന് ഇക്ര കോര്‍പ്പറേറ്റ് സെക്ടര്‍ റേറ്റിംഗ് വൈസ്പ്രസിഡന്റ് സുബ്രതാ റായ് വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയോടെ വിപണിയില്‍ എത്തിയ ഒട്ടുമിക്ക മോഡലുകള്‍ക്കും ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
പാസഞ്ചര്‍ കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയുടെ വില്‍പ്പന വളര്‍ച്ച തുടരും. ഉപഭോക്താക്കളില്‍ നിന്നുള്ള മികച്ച സ്വീകരണവും കാഷ് ഫ്‌ളോ വര്‍ധിക്കുന്നതും ഇതില്‍ നിര്‍ണായക പങ്ക് വഹിക്കും. മൊത്തത്തില്‍ ഈ വര്‍ഷം വാഹന വിപണിയിലെ എല്ലാ വിഭാഗത്തിലും മികച്ച വളര്‍ച്ച കൈവരിക്കും. ചരക്ക് നീക്കം മെച്ചപ്പെടുന്നതോടെ ഇടത്തരം, ഉയര്‍ന്ന കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡിലും വര്‍ധന രേഖപ്പെടുത്തും.-പ്രൈസ് വാട്ടര്‍ഹൗസ് പാര്‍ട്ട്ണര്‍ അബ്ദുല്‍ മജിദ് വ്യക്തമാക്കി.
പാസഞ്ചര്‍ വാഹനങ്ങള്‍

maruti-suzuki-logoമാരുതി സുസുക്കി

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇക്കഴിഞ്ഞ മാസം 2.2 ശതമാനം വളര്‍ച്ചനേടി 1.23 ലക്ഷം വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റിവല്‍ മാസത്തില്‍ 1.22 ലക്ഷം കാറുകള്‍ വിറ്റിരുന്ന സ്ഥാനത്താണിത്. യൂട്ടിലിറ്റി വിഭാഗത്തിലുള്ള വിറ്റാര ബ്രെസ, എസ് ക്രോസ്, എര്‍ട്ടിഗ എന്നിവ 18,000 യൂണിറ്റുകളും അള്‍ട്ടൊ, വാഗണ്‍ ആര്‍ തുടങ്ങിയ ചെറുകാറുകള്‍ 33,929 യൂണിറ്റുകളും കോംപാക്ട് സെഗ്‌മെന്റിലുള്ള സ്വിഫ്റ്റ്, സെലേറിയോ, ബലേനൊ എന്നിവ 50,116 യൂണിറ്റും കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ 2,481 യൂണിറ്റുകളുമാണ് കഴിഞ്ഞ മാസം കമ്പനി വില്‍പ്പന നടത്തിയത്.
ഇതോടൊപ്പം 10,000 യൂണിറ്റ് കാറുകള്‍ കയറ്റുമതി ചെയ്യാനും മാരുതിക്ക് സാധിച്ചിട്ടുണ്ട്.

hyundai-logoഹ്യൂണ്ടായ്

ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ് ആണ് കഴിഞ്ഞ മാസം ഏറ്റവും മികച്ച വളര്‍ച്ച കൈവരിച്ചത്. 63,372 യൂണിറ്റ് വില്‍പ്പന നടത്തി 4.3 ശതമാനമാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായ് നേടിയത്. യൂട്ടിലിറ്റി വിഭാഗത്തില്‍ ക്രെറ്റയും, കോംപാക്ട് സെഗ്‌മെന്റില്‍ ഐ20യും, ചെറുകാര്‍ വിഭാഗത്തില്‍ ഐ10ഉം ആണ് ഹ്യൂണ്ടായ്ക്ക് വില്‍പ്പന നേട്ടമുണ്ടാക്കിയത്. 50,016 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയലും 14,356 യൂണിറ്റുകള്‍ കയറ്റുമതിയുമാണ് ഫെസ്റ്റീവ് മാസത്തില്‍ ഹ്യൂണ്ടായ് വന്‍ നേട്ടമുണ്ടാക്കിയത്.

volkswagenഫോക്‌സ്‌വാഗണ്‍
70 ശതമാനം വില്‍പ്പന നേട്ടത്തോടെ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണും ഫെസ്റ്റീവ് സീസണില്‍ വില്‍പ്പന ഗംഭീരമാക്കി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 3255 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വില്‍പ്പന നടത്തിയിരുന്നതെങ്കില്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇത് 5534 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്. പുതിയ മോഡലുകള്‍ വിപണിയിലെത്തിച്ച് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കമ്പനി നേട്ടത്തെ കുറിച്ച് വ്യക്തമാക്കിയത്. ഇനിയും പുതിയ മോഡല്‍ പുറത്തിറക്കുന്നതോടൊപ്പം വില്‍പ്പനയും സര്‍വീസും മെച്ചപ്പെടുത്തി കൂടുതല്‍ വളര്‍ച്ച കൈവരിക്കാനുള്ള പദ്ധതിയാണുള്ളതെന്നും കമ്പനി അറിയിച്ചു.

 

ടാറ്റ മോട്ടോഴ്‌സ്
28 ശതമാനം വില്‍പ്പന വളര്‍ച്ചയോടെ 16,311 യൂണിറ്റുകളാണ് ഇന്ത്യന്‍ കമ്പനി ടാറ്റ മോട്ടോഴ്‌സ് ആഭ്യന്തര വിപണിയില്‍ നേടിയത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ആദ്യമായണ് കമ്പനി ഇത്രയും വളര്‍ച്ച കൈവരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ ടാറ്റ ടിയാഗോ വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയതാണ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ കാര്‍ വിഭാഗത്തില്‍ കമ്പനിക്ക് നേട്ടമുണ്ടാക്കിയതിന് പിന്നില്‍.
ടിയാഗോ പരിഷ്‌കരിച്ച മോഡല്‍ വിപണിയിലെത്താനിരിക്കെ വന്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന ടിയാഗോ വിപണിയിലെത്തിയതോടെയാണ് വളര്‍ച്ചയിലേക്ക് തിരിച്ചുവന്നത്.

 

toyota-kirloskar-motorടൊയോട്ട
കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോഴ്‌സിന് വില്‍പ്പനയില്‍ 6.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. 11,651 യൂണിറ്റ് വാഹനങ്ങള്‍ ആഭ്യന്തര വില്‍പ്പന നടത്തുകയും 974 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. ഇന്നോവ ക്രിസ്റ്റയുടെ വില്‍പ്പനയില്‍ കുറവ് വന്നതാണ് കമ്പനിക്ക കഴിഞ്ഞ മാസം തിരിച്ചടിയായത്. അതേസമയം, ഈ മാസം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫോര്‍ച്ച്യൂണര്‍ വില്‍പ്പനയില്‍ നിര്‍ണായകമാകുമെന്ന പ്രതീക്ഷ കമ്പനിക്കുണ്ട്.

 

ഇരുചക്ര വാഹനം

 

royal-enfieldറോയല്‍ എന്‍ഫീല്‍ഡ്
ഐഷര്‍ മോട്ടോഴ്‌സിന്റെ ഇരു ചക്രവാഹന വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡ് 33 ശതമാനം വില്‍പ്പന നേട്ടമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. 59,127 യൂണിറ്റുകള്‍ ഇക്കാലയളവില്‍ കമ്പനി ഉപഭോക്താക്കള്‍ക്കെത്തിച്ചു. ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ് എന്നീ മോഡലുകള്‍ക്കാണ് കഴിഞ്ഞ മാസവും കമ്പനിക്ക് ഏറ്റവും ഡിമാന്‍ഡ് നേരിടേണ്ടി വന്നത്. 2015 ഒക്ടോബറില്‍ 44,522 യൂണിറ്റായിരുന്നു കമ്പനി വില്‍പ്പന നടത്തിയിരുന്നത്. വിദേശ വിപണികളിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനൊരുങ്ങുന്ന റോയന്‍ എന്‍ഫീല്‍ഡ് സ്‌പെയിനില്‍ രണ്ടാമത് എക്‌സ്‌ക്ലൂസീവ് ഷോറൂം ആരംഭിച്ചിട്ടുണ്ട്. ഓരോ മാസവും വില്‍പ്പന നിരക്കില്‍ വന്‍ വളര്‍ച്ച കൈവരിക്കുന്ന എന്‍ഫീല്‍ഡ് സര്‍വീസ് മെച്ചപ്പെടുത്തി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്.

ബജാജ്

ഇന്ത്യന്‍ കമ്പനി ബജാജ് ഓട്ടോയുടെ bajajആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം അഞ്ച് ശതമാനം ഉയര്‍ന്നു. 2,12,997 യൂണറ്റ് മോട്ടോര്‍സൈക്കിളുകളാണ് കമ്പനി ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നടത്തിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇത് 2,02,042 യൂണിറ്റായിരുന്നു. അതേസമയം, കയറ്റുമതിയില്‍ കമ്പനിക്ക് 11 ശതമാനം ഇടിവ് രേഖപ്പെടുത്തി. 94,895 യൂണിറ്റുകള്‍ കഴിഞ്ഞ മാസം കയറ്റുമതി ചെയ്തപ്പോള്‍ 2015 ഒക്ടോബറില്‍ ഇത് 1,06,691 യൂണിറ്റുകളായിരുന്നു.

 

വാണിജ്യ വാഹനങ്ങള്‍

ashok-leylandഅശോക് ലൈലന്‍ഡ്
വാണിജ്യ വാഹന വിപണിയില്‍ മുന്‍നിര കമ്പനിയായ അശോക് ലൈലന്‍ഡ് കഴിഞ്ഞ മാസം വില്‍പ്പനയില്‍ 28 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു. മീഡിയം, ഹെവി കൊമേഴ്‌സ്യല്‍, ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ എന്നീ വിഭാഗത്തില്‍ 12,533 യൂണിറ്റുകളാണ് കഴിഞ്ഞ മാസം കമ്പനി വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 9,803 യൂണിറ്റുകളായിരുന്നു ഇന്ത്യന്‍ കമ്പനിയായ അശോക് ലൈലന്‍ഡ് രേഖപ്പെടുത്തിയ വില്‍പ്പന. മീഡിയം, ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ വിഭാഗത്തില്‍ മാത്രം 33.4 ശതമാനം വളര്‍ച്ചയോടെ 9,574 യൂണിറ്റുകളും ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹന വിഭാഗത്തില്‍ 12.6 ശതമാനം വില്‍പ്പനയോടെ 2,959 യൂണിറ്റുകളും ലൈലന്‍ഡ് ഇക്കഴിഞ്ഞ മാസം ഉപഭോക്താക്കളിലെത്തിച്ചു.
ടാറ്റ മോട്ടോഴ്‌സ്
ഇന്ത്യന്‍ വാണിജ്യ വാഹന വിപണിയില്‍ ഒന്നാമതുള്ള ടാറ്റ മോട്ടോഴ്‌സ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച വളര്‍ച്ചയാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. 15 ശതമാനം വളര്‍ച്ചയോടെ 30,169 യൂണിറ്റുകളാണ് ടാറ്റ കഴിഞ്ഞ മാസം വില്‍പ്പന നടത്തിയത്. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹന വിപണിയിലും കമ്പനിക്ക് ഇക്കാലയളവില്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചു. ഇടത്തരം, ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങളില്‍ കമ്പനിക്ക നാല് മാസമായുണ്ടായിരുന്ന ഇടിവ് കഴിഞ്ഞ മാസത്തോടെ നേട്ടമായി മാറി. ഒന്‍പത് ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ടാറ്റ കഴിഞ്ഞമാസം ഈ വിഭാഗത്തില്‍ നേടിയത്.

 

 

sml-isuzuഎസ്എംഎല്‍ ഇസുസു
22 ശതമാനം വില്‍പ്പന നേട്ടമാണ് ഒക്ടോബറില്‍ ജപ്പാന്‍ കമ്പനിയായ ഇസുസു ഇന്ത്യന്‍ വിപണിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 784 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ കമ്പനി ഇക്കഴിഞ്ഞ ഒക്ടോബറില്‍ 963 യൂണിറ്റുകള്‍ വില്‍പ്പന നടത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയായ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ കമ്പനി 21 ശതമാനം വില്‍പ്പന നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. സെപ്റ്റംബറില്‍ കമ്പനി 5.3 ശതമാനം വില്‍പ്പന ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Comments

comments

Categories: Auto, Slider