ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സയോട് പകരം ചോദിച്ച് സിറ്റി

ചാമ്പ്യന്‍സ് ലീഗ്:  ബാഴ്‌സയോട് പകരം ചോദിച്ച് സിറ്റി

 

 

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാം ഘട്ട ഗ്രൂപ്പ് മത്സരത്തില്‍ ബാഴ്‌സലോണയ്‌ക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി ബാഴ്‌സലോണയെ തകര്‍ത്തത്.

ജര്‍മന്‍ താരമായ ഇല്‍കെ ഗുണ്ടോഗന്‍ നേടിയ ഇരട്ട ഗോളുകളാണ് സിറ്റിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രൂയിനും സിറ്റിക്കായി മറ്റൊരു ഗോള്‍ കണ്ടെത്തി.

ഗ്രൂപ്പ് സിയിലെ ബാഴ്‌സലോണയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ അവരുടെ തട്ടകമായ ന്യൂകാമ്പില്‍ വെച്ച് സിറ്റി 4-0ത്തിന് പരാജയപ്പെട്ടിരുന്നു. ഇത്തവണ സ്വന്തം മൈതാനമായ എത്തിഹാദില്‍ വിജയം നേടാന്‍ സാധിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മധുര പ്രതികാരം കൂടിയായി.

യൂറോപ്പില്‍ ബാഴ്‌സലോണയ്‌ക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി നേടുന്ന ആദ്യ ജയം കൂടിയായിരുന്നു ഇത്. മുമ്പ് നടന്ന ആറ് മത്സരങ്ങളിലും സിറ്റിക്ക് ബാഴ്‌സക്കെതിരെ വിജയം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ സ്വന്തം മൈതാനത്ത് സ്പാനിഷ് വമ്പന്മാര്‍ക്കെതിരെ വിജയം നേടാനായതില്‍ മുന്‍പ് ബാഴ്‌സലോണയുടെയും ഇപ്പോള്‍ സിറ്റിയുടേയും പരിശീലകനായ സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയ്ക്ക് അഭിമാനിക്കാം.

മത്സരത്തിന്റെ 21-ാം മിനുറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയിലൂടെ ബാഴ്‌സയാണ് മുന്നിലെത്തിയത്. സിറ്റിയുടെ പ്രതിരോധത്തില്‍ തട്ടി വന്ന പന്ത് മെസ്സി കൃത്യമായി വലയിലാക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ മെസ്സി നേടുന്ന 90-ാം ഗോളായിരുന്നു ഇത്.

എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ മാഞ്ചസ്റ്റര്‍ സിറ്റി ഒപ്പമെത്തി. 39-ാം മിനുറ്റില്‍ ബാഴ്‌സ താരം സെര്‍ജി റോബര്‍ട്ടോയുടെ പിഴവ് മുതലെടുത്ത് റഹിം സ്റ്റര്‍ലിംഗ് നല്‍കിയ പന്ത് ഇല്‍കെ ഗുണ്ടോഗന്‍ വലയിലാക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ റഹിം സ്റ്റെര്‍ലിംഗിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ബാഴ്‌സക്കെതിരായി സിറ്റിക്ക് പെനാല്‍റ്റി അവസരം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ സ്റ്റെര്‍ലിംഗ് ഡൈവ് ചെയ്‌തെന്ന് കാണിച്ച് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി.

രണ്ടാം പകുതിയുടെ 51-ാം മിനുറ്റില്‍ കെവിന്‍ ഡി ബ്രൂയിന്‍ സിറ്റിയുടെ ലീഡുയര്‍ത്തി. ഡേവിഡ് സില്‍വയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കിലൂടെ ബെല്‍ജിയം താരം ലക്ഷ്യം കാണുകയായിരുന്നു.

മത്സരത്തിന്റെ 74-ാം മിനുറ്റിലായിരുന്നു ഇല്‍കെ ഗുണ്ടോഗന്റെ രണ്ടാം ഗോള്‍. വിവാദം നിറഞ്ഞ ഗോളായിരുന്നു ഇത്. അഗ്യൂറോയുടെ കൈയില്‍ തട്ടിയതിന് ശേഷമാണ് ഗോളവസരം തുറന്നതെന്ന് ആരോപിച്ച് ബാഴ്‌സ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫലം കണ്ടില്ല.

രണ്ടാം പകുതിയില്‍ ഒരു ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് ഒഴിച്ചാല്‍ മറ്റൊരു മികച്ച പ്രകടനവും ബാഴ്‌സലോണയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. മിഡ് ഫീല്‍ഡര്‍ ഇനിയേസ്റ്റയും ഡിഫന്‍ഡര്‍ പീക്വേയും ഇല്ലാതിരുന്നത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി.

പെപ് ഗ്വാര്‍ഡിയോളയുടെ പരിശീലന മികവ് ദൃശ്യമായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഡസനിലേറെ അറ്റാക്കിംഗാണ് എതിര്‍ പോസ്റ്റിലേക്ക് നടത്തിയത്. പലതും തലനാരിഴയ്ക്കാണ് ഗോളാകാതെ പോയത്.

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഗോള്‍ നേടിയതോടെ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന ഫുട്‌ബോളറെന്ന റെക്കോര്‍ഡും മെസ്സി സ്വന്തമാക്കി. 53 ഗോളുകള്‍ നേടിയ റയല്‍ മാഡ്രിഡ് മുന്‍ താരം റൗളിനെയാണ് മെസ്സി മറികടന്നത്.

പരാജയപ്പെട്ടെങ്കിലും നാല് കളികളില്‍ നിന്നും ഒന്‍പത് പോയിന്റുള്ള ബാഴ്‌സലോണയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഏഴ് പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്തും. ഈ മാസം 23ന് മോണ്‍ഷെന്‍ഗ്ലാഡ്ബാച്ചിനെതിരെ നടക്കുന്ന മത്സത്തില്‍ ജയിക്കാനായാല്‍ സിറ്റിക്ക് നോക്കൗട്ട് റൗണ്ടിലെത്താം.

അതേസമയം, ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് എയില്‍ നിന്നും ആഴ്‌സണല്‍, പാരിസ് സെന്റ് ജര്‍മെയ്ന്‍ ടീമുകളും ഗ്രൂപ്പ് ഡിയില്‍ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡും ബയണ്‍ മ്യൂണിക്കും പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടി.

ലുഡോഗോറെറ്റ്‌സിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിന്നിലായതിന് ശേഷം തിരിച്ചടിച്ച ആഴ്‌സണല്‍ 3-2നാണ് വിജയം നേടിയത്. ബാസലിനെതിരെയായിരുന്നു പിഎസ്ജിയുടെ ജയം. ഇരു ടീമുകള്‍ക്കും പത്ത് പോയിന്റ് വീതമാണ് ഉണ്ടായിരുന്നത്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്‌സി റുസ്‌തോവിനെയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാന്‍ ഇരട്ട ഗോളുകള്‍ നേടി.

പിഎസ്‌വി ഐന്തോവനെതിരെ 2-1നായിരുന്നു ജര്‍മന്‍ വമ്പന്മാരായ ബയണ്‍ മ്യൂണിക്കിന്റെ ജയം. പോളണ്ട് ഫുട്‌ബോളര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബയണിനായി ഡബിള്‍ സ്വന്തമാക്കി.

ചാമ്പ്യന്‍സ് ലീഗില്‍ ബെസിക്താസ്-നാപ്പോളി, മോണ്‍ഷെന്‍ഗ്ലാഡ്ബാച്ച്-സെല്‍റ്റിക് മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ ഡൈനാമോ കീവിനെ ബെന്‍ഫിക്ക എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.

Comments

comments

Categories: Sports