കോട്ടണ്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കോട്ടണ്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കോയമ്പത്തൂര്‍ : രാജ്യത്ത് പരുത്തി ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് പരുത്തിയുടെ പ്രചാരത്തിനും കൃഷിയുടെ വികസനത്തിനും ഗുണകരമാകുമെന്ന് ഇന്ത്യന്‍ കോട്ടണ്‍ ഫെഡറേഷന്‍ പ്രസിഡന്റ് ജെ തുളസീധരന്‍ പറഞ്ഞു.

പരുത്തി കൃഷി മേഖലയില്‍ നിയന്ത്രണ സംവിധാനം ആവശ്യമാണ്. രാജ്യത്ത് പരുത്തി കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയും ഉല്‍പ്പാദനവും സംബന്ധിച്ച് ഏകദേശ കണക്കുകള്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. കൃത്യമായ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ സുഗമമായ വ്യാപാരം ഉറപ്പുവരുത്തുന്നതിന് നയപരിപാടികള്‍ ആവിഷ്‌കരിക്കാനും വില നിയന്ത്രിക്കാനും കഴിയൂവെന്നും തുളസീധരന്‍ ചൂണ്ടിക്കാണിക്കുന്നു. ഈ മേഖലയിലെ ചെറുതും വലുതുമായ ഫാക്റ്ററികള്‍ തങ്ങളുടെ കണക്കുകള്‍ മുന്‍കാലങ്ങളിലെപ്പോലെ ടെക്‌സ്‌റ്റൈല്‍ കണ്‍ട്രോള്‍ ഓര്‍ഡര്‍ പ്രകാരം അവതരിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടതായി ജെ തുളസീധരന്‍ വ്യക്തമാക്കി.

പരുത്തി കയറ്റുമതി സംബന്ധിച്ച് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പലപ്പോഴും പഴയ കണക്കുകളാണ് നല്‍കുന്നത്. മില്ലുടമകള്‍ക്കും മറ്റും ഇതുസംബന്ധിച്ച കൃത്യമായ കണക്കുകള്‍ ദിവസേന ലഭ്യമാക്കുന്നതിന് നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments

comments

Categories: Business & Economy