ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച വേഗം കൈവരിക്കുമെന്ന് അസ്സോചം

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച വേഗം കൈവരിക്കുമെന്ന് അസ്സോചം

 

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദ അസ്സോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസ്സോചം)യുടെ വിലയിരുത്തല്‍. വില്‍പ്പന വര്‍ധിച്ചതും മെച്ചപ്പെട്ട വിഭവശേഷി വിനിയോഗവുമാണ് പ്രതീക്ഷ പകരുന്നതെന്ന് അസ്സോചം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം പുതിയ നിക്ഷേപങ്ങളുടെ കാര്യത്തിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ആശങ്കകള്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഒക്‌റ്റോബര്‍-മാര്‍ച്ച് കാലയളവില്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കൂടുതല്‍ ചെലവഴിക്കല്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഇതില്‍ പ്രധാന പങ്കുവഹിക്കുക സര്‍ക്കാര്‍ തന്നെയാകും. അസ്സോചം ബിസ്‌കോണ്‍ സര്‍വെയില്‍ പങ്കെടുത്ത 66 ശതമാനം പേരും ഇത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ മുന്നോട്ടുനയിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നു. രാജ്യത്തെ തൊഴിലവസരങ്ങള്‍ സമീപഭാവിയില്‍ വര്‍ധിക്കുന്ന സാഹചര്യമില്ലെന്ന് സര്‍വെയില്‍ പങ്കെടുത്ത 55.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ തങ്ങളുടെ ലാഭം വര്‍ധിക്കാനിടയില്ലെന്നാണ് 38.9 ശതമാനം പേര്‍ കരുതുന്നത്. സര്‍വെയില്‍ പങ്കെടുത്തവരില്‍ വലിയൊരു വിഭാഗം രാജ്യത്തെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം കഴിഞ്ഞ ആറ് മാസത്തേക്കാള്‍ പ്രതീക്ഷാനിര്‍ഭരമാണെന്ന് സമ്മതിക്കുന്നുണ്ട്.

ഇന്ത്യന്‍ കറന്‍സിയുടെ സ്ഥിരതയാര്‍ന്ന വിദേശവിനിമയ നിരക്കിനൊപ്പം ഫലപ്രദമായ നയപരിഷ്‌കാരങ്ങളും ചേര്‍ന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്കുകള്‍ സംബന്ധിച്ച അനിശ്ചിതാവസ്ഥയോ യുഎസ് പ്രഡിഡന്റ് തെരഞ്ഞെടുപ്പോ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കു മുകളില്‍ നിഴല്‍ പരത്താന്‍ സാധ്യത കുറവാണ്.
രാജ്യത്തെ ബിസിനസ് സമൂഹത്തില്‍ പുതിയൊരു ആത്മവിശ്വാസം സംഭവിച്ചിട്ടുണ്ടെന്നത് ശുഭസൂചകമാണെന്ന് അസ്സോചം പ്രസിഡന്റ് സുനില്‍ കനോറിയ പറഞ്ഞു. ഇത് കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും ഉപയോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നതിനും ഇടയാക്കും.
വ്യക്തിഗത കമ്പനികള്‍ക്കാണ് വരും നാളുകളെക്കുറിച്ച് ഏറ്റവുമധികം ആത്മവിശ്വാസമുള്ളത്. ഇവരില്‍ 89 ശതമാനവും വരുന്ന ആറുമാസത്തെക്കുറിച്ച് പ്രതീക്ഷ പുലര്‍ത്തുന്നവരാണ്.സര്‍വ്വെയില്‍ പങ്കെടുത്ത 55.6 ശതമാനം പേര്‍ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ വില്‍പ്പന വര്‍ധിച്ചെന്നും ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കൂടുതല്‍ വില്‍പ്പന പ്രതീക്ഷിക്കുന്നതായും അറിയിച്ചു. ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും വില വര്‍ധിപ്പിക്കാന്‍ ഉല്‍പ്പാദകര്‍ക്കും സേവനദാതാക്കള്‍ക്കും കഴിയില്ലെന്നും വിലയിരുത്തല്‍.

സര്‍വെയില്‍ പങ്കെടുത്ത വ്യാവസായിക മേഖലയിലെ 44.4 ശതമാനം പേര്‍ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കൂലിച്ചെലവുകള്‍ വര്‍ധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. മാത്രമല്ല, പകുതിയോളം പേരും സമീപഭാവിയില്‍ കൂലിച്ചെലവുകള്‍ വര്‍ധിക്കില്ലെന്ന് വിശ്വസിക്കുന്നു.

സമ്പദ് വ്യവസ്ഥ കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായ 7.1 ശതമാനമാണ് ഏപ്രില്‍- ജൂണ്‍ പാദത്തില്‍ പ്രകടിപ്പിച്ചത്. ഖനന, നിര്‍മ്മാണ, കാര്‍ഷിക മേഖലകളിലെ തളര്‍ച്ചയാണ് സമ്പദ് വ്യവസ്ഥയെ പിടിച്ചുവലിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 7.6 ശതമാനം വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Slider, Top Stories