മിസ്ട്രിയുടെ ആരോപണം: ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും- എയര്‍ ഏഷ്യ ഇന്ത്യ

മിസ്ട്രിയുടെ ആരോപണം:  ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും- എയര്‍ ഏഷ്യ ഇന്ത്യ

 

ന്യൂഡെല്‍ഹി: ക്രമവിരുദ്ധമായി നടന്നതെന്ന് ആരോപണമുള്ള 22 കോടി രൂപയുടെ ഇടപാടുകളില്‍ ആരെയെങ്കിലും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എയര്‍ ഏഷ്യ ഇന്ത്യ അറിയിച്ചു. ടാറ്റാഗ്രൂപ്പിന്റെയും എയര്‍ ഏഷ്യയുടെയും സംയുക്തസംരംഭമായ എയര്‍ഏഷ്യ ഇന്ത്യയിലെ ഇടപാടുകള്‍ സംന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട സൈറസ് മിസ്ട്രിയാണ് എയര്‍ ഏഷ്യ ഇന്ത്യയുടെ ഇടപാടുകളെ കുറിച്ച് ആരോപണമുന്നയിച്ചത്.

മുന്‍പ് എയര്‍ഏഷ്യ ഇന്ത്യയുടെ ഭാഗമായിരുന്ന ചിലരുടെ വ്യക്തിഗത ചെലവുകളെ കുറിച്ചും മറ്റ് ആരോപണങ്ങളെ കുറിച്ചും അന്വേഷണം നടന്നതായും എയര്‍ ഏഷ്യ അറിയിച്ചു. അതേസമയം ഈ അന്വേഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എയര്‍ ഏഷ്യ (ഇന്ത്യ)യെ മുന്‍വിധിയോടെ സമീപിക്കുന്നതിന് ഇടയാക്കുമെന്നതിനാലാണ് വിവരങ്ങള്‍ പുറത്തു വിടാത്തതെന്ന് കമ്പനി അറിയിച്ചു.

ധാര്‍മികതയ്‌ക്കെതിരായ യാതോരു വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും അംഗീകരിക്കില്ലെന്നും സാമ്പത്തിക ക്രമക്കോട തെളിഞ്ഞാല്‍ ഏത് പദവിയിലിരിക്കുന്ന ആളാണെങ്കിലും കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കില്ലെന്നും എയര്‍ ഏഷ്യയും ടാറ്റ ഗ്രൂപ്പും പ്രസ്താവനയില്‍ അറിയിച്ചു. ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയം നേരത്തേ തന്നെ ഡയറക്റ്റര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുന്‍ ബോര്‍ഡ് യോഗങ്ങളില്‍ ചര്‍ച്ച ചെയതിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

മിസ്ട്രിയുടെ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധകളെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ പ്രശ്‌നത്തെ നിരീക്ഷിക്കുകയാണെന്നും വിശദമായ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യോമയാന മന്ത്രാലയം പ്രതികരിച്ചു.

Comments

comments

Categories: Branding