ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ ഐടി കമ്പനികളെ ആകര്‍ഷിച്ച് യുഎസിലെ ആര്‍സിഎം വിപണി

ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ ഐടി കമ്പനികളെ ആകര്‍ഷിച്ച് യുഎസിലെ ആര്‍സിഎം വിപണി

 

ന്യൂഡെല്‍ഹി : അമേരിക്കയിലെ റവന്യൂ സൈക്കിള്‍ മാനേജ്‌മെന്റ് (ആര്‍സിഎം) വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ ഐടി കമ്പനികള്‍. അമേരിക്കയിലെ ആരോഗ്യമേഖല പരമ്പരാഗത ഫീ ഫോര്‍ സര്‍വീസ് മാതൃകയില്‍നിന്ന് മാറി ആള്‍ട്ടര്‍നേറ്റീവ് പെയ്‌മെന്റ് മോഡല്‍ (എപിഎം) സ്വീകരിക്കുന്നതാണ് ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ ഐടി കമ്പനികളെ അമേരിക്കയിലേക്ക് ആകര്‍ഷിക്കുന്നത്.
മെഡിക്കല്‍ ക്ലെയിം സംബന്ധിച്ച കാര്യങ്ങള്‍ നോക്കുന്നതിനും ഹെല്‍ത്ത് റെക്കോഡ് സൂക്ഷിക്കുന്നതിനും മറ്റുമുള്ള പ്രക്രിയയാണ് ആര്‍സിഎം. മുന്‍കാലങ്ങളില്‍ യുഎസ് കമ്പനികളാണ് ആര്‍സിഎം സര്‍വീസുകള്‍ ചെയ്തിരുന്നത്. പിന്നീട് അത് ഇന്ത്യയിലേക്കും ഫിലിപ്പൈന്‍സ് പോലുള്ള മറ്റ് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്കും ഔട്ട്‌സോഴ്‌സ് ചെയ്തുതുടങ്ങി.

വലിയ ആശുപത്രികള്‍ക്ക് പുതിയ പേമെന്റ് രീതി നടപ്പാക്കുന്നതിന് സ്വയം കഴിയുമെങ്കിലും ചെറിയ ആശുപത്രികളുടെ കാര്യം ഇങ്ങിനെയല്ല. ഇവര്‍ക്ക് തങ്ങളുടെ ആര്‍സിഎം സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യേണ്ടിവരും. ഇത് ഭാവിയില്‍ കൂടുതല്‍ ഔട്ട്‌സോഴ്‌സിംഗ് സാധ്യതകള്‍ തുറന്നുതരുമെന്ന് ബഹുരാഷ്ട്ര ഐടി കമ്പനിയായ കോഗ്നിസന്റിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ഹെല്‍ത്ത്‌കെയര്‍ ഗ്ലോബല്‍ ഡെലിവറി ഹെഡുമായ സുന്ദര്‍ സുബ്രഹ്മണ്യന്‍ പറയുന്നു.

യുഎസിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ആരോഗ്യ മേഖലയുടെ സംഭാവന 16 ശതമാനമാണ്. വരും വര്‍ഷങ്ങളില്‍ ഇത് 20 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016ല്‍ അമേരിക്കയുടെ ആരോഗ്യമേഖലയില്‍ 1.1 ട്രില്യണ്‍ ഡോളര്‍ ചെലവഴിക്കപ്പെടുമെന്നും ഔട്ട്‌സോഴ്‌സ് ചെയ്യപ്പെടുന്ന ആര്‍സിഎം സര്‍വീസസ് വിപണി 8 മുതല്‍ 9 ബില്യണ്‍ വരെ ഡോളറിന്റേതാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ആരോഗ്യമേഖലയിലെ 10 ശതമാനം ഔട്ട്‌സോഴ്‌സിംഗ് ജോലികള്‍ മാത്രമാണ് വിദേശ രാജ്യങ്ങളിലെത്തുന്നത്. ഇതില്‍ത്തന്നെ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ഹെല്‍ത്ത്‌കെയര്‍ ആര്‍സിഎം നടക്കുന്നതെന്ന് ഒമേഗ ഹെല്‍ത്‌കെയര്‍ സ്ഥാപകനും സിഇഒയുമായ ഗോപി നടരാജന്‍ പറഞ്ഞു.

Comments

comments

Categories: Branding