ടെലികോം മേഖല രണ്ടാംഘട്ട പരിഷ്‌കരണത്തിലേക്ക്

ടെലികോം മേഖല രണ്ടാംഘട്ട പരിഷ്‌കരണത്തിലേക്ക്

 

ന്യൂഡെല്‍ഹി: ‘ടെലികോം മേഖലയില്‍ രണ്ടാംഘട്ട പരിഷ്‌കണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ലൈസന്‍സ് നടപടികളില്‍ ലഘൂകരിക്കുക, ഉപയോക്താക്കള്‍ക്ക് റേഡിയേഷന്റെ അളവ് പരിശോധിക്കുന്നതിനായി ഇലക്ട്രോമാഗ്നറ്റിക് ഫീല്‍ഡ് പോര്‍ട്ടലുകള്‍ അവതരിപ്പിക്കുക തുടങ്ങിയവയാണ് രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്ന് ടെലികോം സെക്രട്ടറി ജെ എസ് ദീപക് വ്യക്തമാക്കി. ടെലികോം മന്ത്രാലയവും ഫിക്കിയും സംയുക്തമായി സംഘടിപ്പിച്ച ‘ ഇന്ത്യ ടെലികോം 2016’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ആറെട്ടു മാസങ്ങളിലായി നിരവധി പരിഷ്‌കരണ നടപടികളാണ് സ്‌പെക്ട്രം മേഖലയില്‍ ഉണ്ടായത്. തരംഗങ്ങളുടെ വില്‍പ്പനയും പങ്കുവെക്കലും ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടന്നു. സ്‌പെക്ട്രം അനുവദിക്കുന്നതിന് സുതാര്യമായ ഒരു സംവിധാനം അവതരിപ്പിക്കാന്‍ കഴിഞ്ഞതായും ടെലികോം സെക്രട്ടറി അവകാശപ്പെട്ടു. ഇപ്പോള്‍ സ്‌പെക്ട്രം ദൗര്‍ലഭ്യം എന്ന പ്രശ്‌നം ടെലികോം കമ്പനികള്‍ അഭിമുഖീകരിക്കുന്നില്ലെന്നും മൊബീല്‍ ബ്രോഡ്ബാന്‍ഡ് ഉള്‍പ്പടെയുള്ള സേവനങ്ങളിലെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് ഇനി തടസങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ജനസംഖ്യയില്‍ മൂന്നില്‍ ഒരു ഭാഗത്തിന് ഇനിയും വോയ്‌സ് കണക്ഷന്‍ ലഭ്യമായിട്ടില്ലെന്നും സൂന്നില്‍ രണ്ട് ഭാഗത്തിന് പലവിധ കാരണങ്ങളാല്‍ ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നും ജെ എസ് ദീപക് പറയുന്നു. ഡിജിറ്റല്‍ നിരക്ഷരതയും കണക്റ്റിവിറ്റി പ്രശ്‌നങ്ങളും പ്രാദേശിക ഭാഷയുടെ പ്രയോഗത്തിലെ പ്രശ്‌നങ്ങളുമാണ് ഈ മേഖലയില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories