പാപ്പിളില്‍ പൂമ്പാറ്റകളായി കുഞ്ഞോമനകള്‍

പാപ്പിളില്‍ പൂമ്പാറ്റകളായി കുഞ്ഞോമനകള്‍

Printഒറ്റനോട്ടത്തില്‍ തന്നെ ആരുടെയും മനംകവരുന്നവരാണ് കുഞ്ഞുങ്ങള്‍. കുഞ്ഞുങ്ങളുടെ പുഞ്ചിരിപോലെ മനോഹരമായിരിക്കണ്ടേ ഒന്നാണ് കുഞ്ഞുടുപ്പുകള്‍. അതീവ ലാളിത്യത്തോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണ് കുട്ടികളുടെ വസ്ത്രങ്ങള്‍. ഏതാനും വര്‍ഷങ്ങളായി കുട്ടികളുടെ വസ്ത്രവിപണിയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്നാണ് പാപ്പിള്‍. ഒരു യുവ സംരംഭകന്റെ പിറവിയാണ് പാപ്പിളിന്റെ രൂപീകരണത്തിന് പിന്നിലുള്ളത്. കുട്ടികളോടുള്ള അടുപ്പം മാത്രമല്ല ഇത്തരമൊരു ആശയത്തിലേക്ക് റഹ്മാനെ വഴിതിരിച്ചുവിട്ടത്. സ്വന്തം അനുഭവത്തിന്റെകൂടി ബാക്കിപത്രമാണ് ഇദ്ദേഹത്തിന് പാപ്പിള്‍ എന്ന സംരംഭം. സഹോദരിയുടെ കുഞ്ഞിന് വസ്ത്രമെടുക്കാന്‍ പോയതാണ് സ്വന്തമായി സംരംഭം തുടങ്ങുന്നതിലേക്ക് തന്നെ നയിച്ചതെന്ന് റഹ്മാന്‍ പറയുന്നു.”വിലകൊടുക്കുമ്പോള്‍ ഇതിനുള്ള മൂല്യത്തിനുള്ള വസ്തു നമുക്ക് ലഭിക്കണം. ഇല്ലെങ്കില്‍ വെറുതേ പണം നഷ്ടപ്പെടുത്തുകയാവും ഫലം. കൂടുതല്‍ പണം നല്‍കി ഗുണമേന്മയില്ലത്ത വസ്ത്രം വാങ്ങേണ്ടിവന്നപ്പോഴാണ് മികച്ച ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ എന്തുകൊണ്ട് സ്വന്തമായി വിപണിയില്‍ ഇറക്കിക്കൂടായെന്ന് ചിന്തിച്ചത് ,” കെ എം എ റഹ്മാന്‍ വ്യവസായത്തിലേക്കുള്ള തന്റെ ചുവടുവയ്പ്പിനെക്കുറിച്ച് പറയുന്നു.

കുട്ടികളുടെ ചര്‍മമെന്നത് നേര്‍മയുള്ളതും ലോലവുമാണ്. ഏത് അസംസ്‌കൃതവസ്തു തെരഞ്ഞെടുക്കുമ്പോഴും കൃത്യമായ അറിവും സുക്ഷമതയും ഉണ്ടാകണം. അലര്‍ജി പോലുള്ള രോഗങ്ങള്‍ എളുപ്പത്തില്‍ പിടിപെടാന്‍ സാധ്യത കൂടുതല്‍ കുഞ്ഞുങ്ങളിലായതിനാല്‍ യാതൊരുതരത്തിലുള്ള കൃത്രിമത്വവും ഉല്‍പ്പന്നത്തില്‍ വരാതിരിക്കാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഐടി പ്രൊഫഷണലായ റഹ്മാന് ഈ മേഖലയിലുള്ള സുഹൃദ്‌വലയത്തില്‍ നിന്നുലഭിച്ച പിന്തുണ പാപ്പിളിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തുപകര്‍ന്നു. വ്യവസായ സ്ഥാപനങ്ങള്‍ ഏറെയുള്ള തിരുപ്പൂരാണ് വസ്ത്രങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്ന പ്രധാനസ്ഥലം. ഇന്ത്യയുടെ വസ്ത്രനിര്‍മാണ തലസ്ഥാനമെന്ന പേരിലാണ് തിരുപ്പൂര്‍ അറിയപ്പെടുന്നത്. ഇന്ത്യയില്‍ നെയ്‌തെടുക്കുന്ന വസ്ത്രങ്ങളുടെ 90 ശതമാനവും തിരുപ്പൂരിലെ വിവിധ വ്യവസായ കേന്ദ്രങ്ങളില്‍ നിന്നുള്ള സംഭാവനയാണ്. വസ്ത്രനിര്‍മാണത്തില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനമാണ് തിരുപ്പൂരിനുള്ളത്.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ വ്യവസായിക പ്രധാന്യമുള്ള പ്രദേശമല്ലാതിരുന്നിട്ടുപോലും ഇത്തരമൊരു സംരംഭം വിജയത്തിലേക്കെത്തിക്കാന്‍ റഹമാനുകഴിഞ്ഞു. ചെറിയൊരു ബ്യൂട്ടീക് ആയിരുന്നു ഇദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് നിര്‍മാണ ഫാക്ടറികൂടി തുടങ്ങാന്‍ ഈ യുവ സംരംഭകനു കഴിഞ്ഞു. 95 ശതമാനവും കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രമാണ് ഇവിടെ നിര്‍മിക്കുന്നത്.
girls-2

വെല്ലുവിളികള്‍ താണ്ടാതെ ഒരു വ്യവസായിയും ഇതുവരെ വിജയിച്ചിട്ടില്ല. ഓരോ ദിവസവും സംരംഭകനെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണ്. പത്തുവര്‍ഷത്തോളം കേരളത്തിന് വെളിയില്‍ വ്യവസായവുമായി ബന്ധമില്ലാത്ത മേഖലയില്‍ പ്രവര്‍ത്തിച്ച റഹ്മാന് മിക്കദിനങ്ങളും വെല്ലുവിളി നിറഞ്ഞതായിരുന്നു. വ്യവസായങ്ങളെക്കുറിച്ച് ബാലപാഠങ്ങള്‍ പോലുമറിയാത്ത റഹ്മാന് കേരളത്തില്‍ സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുസ്ഥാപനങ്ങളെക്കുറിച്ചു പോലും കാര്യമായ അറിവില്ലായിരുന്നു. ”കേരളത്തില്‍ കുട്ടികള്‍ക്കായി വസ്ത്രങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന എത്ര കമ്പനികളുണ്ടെന്നുപോലും എനിക്ക് അറിയില്ലായിരുന്നു. സ്വന്തം കമ്പനിക്ക് പേരു നല്‍കാന്‍ ശ്രമിച്ചപ്പോഴാണ് ഞാന്‍ നിര്‍ദേശിച്ച പേരിലുള്ള പല കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്,” അദ്ദേഹം പറയുന്നു. ”അഞ്ച് ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെ വിതരണം ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള ഏക ബ്രാന്‍ഡ് പാപ്പിള്‍ ആണ്. മികച്ച മാര്‍ജിന്‍ നല്‍കി ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ കൈയിലൊതുങ്ങുന്ന വിലയുമായി വിപണിയില്‍ പാപ്പിള്‍ എന്ന ബ്രാന്‍ഡ് അവതരിപ്പിച്ചപ്പോള്‍ ലഭിച്ച പ്രതികരണം ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നുവെന്ന,് ” റഹ്മാന്‍ ഓര്‍മിക്കുന്നു.
വ്യവസായം തുടങ്ങാന്‍ സുഹൃത്തുക്കളും ബന്ധുക്കളും നല്‍കിയ പിന്തുണയാണ് പാപ്പിളിനെ ഇത്രത്തോളം എത്തിച്ചത്. സര്‍ക്കാര്‍ സഹായങ്ങളെക്കുറിച്ചും ഈ യുവ വ്യവസായിക്ക് ചിലതുപറയാനുണ്ട്. വലിയ അലച്ചിലില്ലാതെ സര്‍ക്കാരില്‍ നിന്നു ഫണ്ട് ലഭിക്കില്ല. എന്നാല്‍ ഇത്രയും പരിശ്രമം നടത്തിയാല്‍ മറ്റ് മാര്‍ഗങ്ങളിലൂടെ കൂടുതല്‍ പണം സമാഹരിക്കാനാവും. എന്നാല്‍ സര്‍ക്കാരിനെ പൂര്‍ണമായി തള്ളിക്കളയാനും അദ്ദേഹം തയാറല്ല. ”വ്യവസായങ്ങള്‍ തുടങ്ങുന്ന പ്രാഥമികഘട്ടത്തില്‍ മാത്രമാണ് സര്‍ക്കാരില്‍ നിന്ന് ഇത്രയധികം പ്രയാസമുണ്ടാകാറുള്ളത്,” റഹ്മാന്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാടുമായോ ഇതര സംസ്ഥാനങ്ങളുമായോ താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ നയങ്ങള്‍ കാലപ്പഴക്കം ചെന്നതും തുരുമ്പെടുത്തവയുമാണ്. 2013-ല്‍ തുടങ്ങിയ കമ്പനി വെറും മൂന്നുവര്‍ഷത്തിനുള്ളില്‍ ജനകീയമാക്കാന്‍ കഴിഞ്ഞത് മികച്ച വിജയം തന്നെയാണ്. കൈപൊള്ളുന്ന വിലയല്ല ഉല്‍പ്പന്നങ്ങള്‍ക്ക് റഹ്മാന്‍ ഈടാക്കുന്നത്. വ്യവസായം തുടങ്ങിയ സമയത്ത് ജനിച്ച കുഞ്ഞുങ്ങള്‍ക്കുള്ളത് മുതല്‍ എട്ടുവയസുവരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കുളള ഉടുപ്പുകളാണ് ഉല്‍പ്പാദിപ്പിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ഒന്നുമുതല്‍ നാലുവയസുവരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ മാത്രമാണ് നിര്‍മിക്കുന്നത്.
girls-1”അന്താരാഷ്ട്ര ബ്രാന്‍ഡുകളെയാണ് ഞാന്‍ പതിവായി പിന്തുടരുന്നത്. ഈ ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്ന നിറങ്ങളുണ്ട്. കുഞ്ഞുങ്ങള്‍ക്ക് പിങ്ക് മാത്രമല്ല ഇണങ്ങുന്നത്. അല്‍പ്പംകൂടി കട്ടിയും കടുപ്പവുമുള്ള മാനുവല്‍ നിറങ്ങളും കുട്ടികള്‍ക്ക് നന്നായി ഇണങ്ങും. ഇത് ഞാന്‍ ഇവിടെ ഉപയോഗിക്കുന്നുണ്ട്. അത്ര ലഭ്യമല്ലാത്ത നിറങ്ങളാണിവ. ഇതോടൊപ്പം വ്യത്യസ്തമായ പ്രിന്റിംഗ് രീതികളുമാണ് ഇവിടെ പിന്തുടരുന്നത്,” റഹ്മാന്‍ പറയുന്നു.വ്യത്യസ്തതകള്‍ പിന്തുടരാന്‍ ഇഷ്ടപ്പെടുന്ന ഈ യുവാവിന് വിപണിയില്‍ ഇടം കണ്ടെത്താനായതും നൂതന ആശയങ്ങള്‍ പ്രവാര്‍ത്തികമാക്കിയതിലൂടെയാണ്. പാശ്ചാത്യരീതിയിലുള്ള വസ്ത്രങ്ങള്‍ കേരളത്തില്‍ ആവിഷ്‌കരിക്കാമെന്നാണ് വ്യവസായ രംഗത്തേയ്ക്കു കാലെടുത്തുവയ്ക്കുമ്പോള്‍ റഹമാന്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ പെരിന്തല്‍മണ്ണയിലെ ജനങ്ങള്‍ക്ക് ഇത് എത്രത്തോളം സ്വീകാര്യമായിരുന്നുവെന്നത് ആദ്യനാളുകളിലെ കടമ്പയായിരുന്നു. കടകളിലുള്ളവര്‍ പാപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മടികാണിച്ചിരുന്നതും ഇതുമൂലമായിരിക്കണം. ഓരോ ഉല്‍പ്പന്നങ്ങളല്ലാതെ പുതിയവയെ കടയുടമകള്‍ തീര്‍ത്തും അവഗണിക്കുന്ന പ്രവണതയാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്ന് റഹ്മാന്‍ ഓര്‍മിക്കുന്നു. അഭിരുചികള്‍ മാറി വരുന്നതിന്റെ തെളിവാണ് വ്യത്യസ്തകളെ നാം അംഗീകരിക്കുന്നുവെന്നത്. ഒരിടയ്ക്ക് ഫാന്‍സി സാധനങ്ങളോടായിരുന്നു മലയാളിക്ക് കൂടുതല്‍ താല്‍പര്യം. ഇപ്പോള്‍ ട്രെന്‍ഡ് മാറി സിമ്പിള്‍ എന്ന വാക്കിന് പ്രിയമേറി. സിമ്പിളും എലഗന്റുമായ വസ്ത്രങ്ങള്‍ അന്വേഷിച്ച് ആളുകളെത്താന്‍ തുടങ്ങിയിട്ടുണ്ട്.
കേരളത്തിന് പുറത്താണ് പാപ്പിളിന്റെ പ്രധാന വിപണി. അടുത്തിടെയാണ് കേരളത്തില്‍ ചെറിയ തോതിലെങ്കിലും വില്‍പ്പന നടത്താനുള്ള ശ്രമം തുടങ്ങിയത്. സംസ്ഥാന വ്യാപകമായി പാപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ എത്തുന്നുണ്ടെങ്കിലും എല്ലാ കടകളിലും ഇത് ലഭ്യമല്ല. തിരുപ്പൂരും പെരിന്തല്‍മണ്ണയിലുമായാണ് രണ്ട് ഉല്‍പ്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരേ നിറത്തിലുള്ള നാലുവ്യത്യസ്ത സൈസുകള്‍ 12 നിറങ്ങളുള്ള 48 പീസുള്ള ഒറ്റ സെറ്റായി കടകളില്‍ നല്‍കുന്നു. ഒരു സ്ഥാപനത്തില്‍ ഒരു സെറ്റ് നല്‍കുന്നത് തന്നെ വലിയൊരു ഇടപാടിനുള്ള സാധ്യത ഉറപ്പാക്കുന്നു. ഒന്നില്‍ കൂടുതല്‍ സെറ്റുകള്‍ വാങ്ങിയാല്‍ തീര്‍ത്തും ലാഭകരമാണിത്.
ജീവനക്കാരുടെ മികച്ച സേവനം കൂടിയാണ് തന്റെ വിജയത്തിനു പിന്നിലെന്ന കാര്യം റഹ്മാന്‍ എപ്പോഴും ഓര്‍മിക്കുന്നു. ജീവനക്കാരനു വേണ്ടി നല്ലത് ചെയ്താല്‍ തിരിച്ചും മികച്ച പ്രതിഫലം മാത്രമാണ് ലഭിക്കുകയെന്നു വിശ്വസിക്കുന്ന റഹമാന് ജീവിതത്തിലെ മാര്‍ഗദര്‍ശി ദൈവനാമം തന്നെയാണ്. ചുരുങ്ങിയ രീതിയിലാണ് പാപ്പിളില്‍ ഇപ്പോള്‍ ഉല്‍പ്പാദനം നടത്തുന്നത്. പ്രായപരിമിതിയിലും കളറുകളുടേയും വൈവിധ്യങ്ങളുടേയും കാര്യത്തിലും ഈ സമീപനമാണ് പിന്തുടരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അടിമുടി മാറ്റമാണ് റഹ്മാന്‍ ലക്ഷ്യമിടുന്നത്. ആളുകളിലേക്ക് കൂടുതല്‍ ആഴത്തില്‍ എത്തണമെന്നുണ്ടെങ്കില്‍ ഒരേ രീതി പിന്തുടരാതെ നൂതനമായവ ആവിഷ്‌കരിക്കണമെന്നും ഈ യുവ സംരംഭകന്‍ അഭിപ്രായപ്പെടുന്നു. പഴത്തിന്റെ പേരാണെങ്കിലും പാപ്പിളെന്ന വാക്കുപോലും ഒരു കുഞ്ഞിന്റെ കൊഞ്ചലോടെ കേള്‍ക്കാള്‍ ഏറെ മധുരമാണെന്നാണ് റഹമാന്‍ പറയുന്നത്. പാപ്പിളിന്റെ വിജയത്തിനായി 35 ഓളം ജീവനക്കാരാണ് റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: FK Special