മഹാരാഷ്ട്ര മികച്ച കര്‍ഷക സൗഹൃദ സംസ്ഥാനം: നിതി ആയോഗ്

മഹാരാഷ്ട്ര മികച്ച കര്‍ഷക സൗഹൃദ സംസ്ഥാനം: നിതി ആയോഗ്

 

ന്യൂഡെല്‍ഹി: രാജ്യത്തെ മികച്ച കര്‍ഷക സൗഹൃദ സംസ്ഥാനമായി മഹാരാഷ്ട്രയെ കേന്ദ്ര ആസൂത്രണ സംവിധാനമായ നീതി ആയോഗ് തെരഞ്ഞെടുത്തു. കാര്‍ഷിക വിപണന രംഗത്തെ പരിഷ്‌കാരങ്ങളാണ് മഹാരാഷ്ട്രയെ റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്. ഗുജറാത്ത് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്.

ഇതാദ്യമായാണ് വിവിധ സംസ്ഥാനങ്ങള്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ പരിഷ്‌കരണ നടപടികള്‍ സംബന്ധിച്ച് പഠനങ്ങളും റാങ്കിംഗും നടക്കുന്നത്. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ആസ്സാം, ജാര്‍ഖണ്ഡ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് 50 മാര്‍ക്ക് പോലും നേടാനായില്ല. ‘കാര്‍ഷിക വിപണനവും കര്‍ഷക സൗഹൃദവും- പരിഷ്‌കരണ സൂചിക’ എന്ന പേരിലാണ് സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനം പരിശോധിച്ചത്. കാര്‍ഷിക വിപണന മേഖലയിലെ പരിഷ്‌കാരങ്ങള്‍, കൃഷിയിടം, സ്വകാര്യ ഭൂമിയിലെ വനസംരക്ഷണം എന്നീ മൂന്നു പ്രധാന മാനദണ്ഡങ്ങളാണ് അടിസ്ഥാനമാക്കിയത്.

മഹാരാഷ്ട്രയ്ക്ക് 81.7 ശതമാനം മാര്‍ക്ക് കിട്ടിയപ്പോള്‍ ഗുജറാത്തിന് ലഭിച്ചത് 71.5 ശതമാനം. പുതുച്ചേരി, ഡെല്‍ഹി, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങള്‍ യഥാക്രമം 4.8, 7.3, 7.4 മാര്‍ക്കുകള്‍ വാങ്ങി ഗ്രേഡിംഗില്‍ ഏറ്റവും പിന്നിലായി. കാര്‍ഷികോല്‍പ്പന്ന വിപണന കമ്മിറ്റി നിയമം നിലവിലില്ലാത്തതിനാല്‍ കേരളം ഉള്‍പ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണ പ്രദേശങ്ങളും പട്ടികയില്‍ ഇടം പിടിച്ചില്ല.

നിലവില്‍ കൃഷി ചെയ്യുന്നതിന് ഏറ്റവും നല്ല സാഹചര്യമുള്ളത് മഹാരാഷ്ട്രയിലാണെന്ന് നിതി ആയോഗിന്റെ വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നു. റാങ്കിംഗില്‍ മധ്യ പ്രദേശ് നാലാമതെത്തിയപ്പോള്‍ തുടര്‍ സ്ഥാനങ്ങളില്‍ യഥാക്രമം ഹരിയാണ, ഹിമാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഗോവ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ്.

Comments

comments

Categories: Business & Economy