ഗ്രാമീണ ഇന്ത്യയില്‍ ആരോഗ്യ പരിപാലനത്തേക്കാള്‍ പണം ചെലവഴിക്കുന്നത് മദ്യപാനത്തിന്

ഗ്രാമീണ ഇന്ത്യയില്‍  ആരോഗ്യ പരിപാലനത്തേക്കാള്‍ പണം ചെലവഴിക്കുന്നത് മദ്യപാനത്തിന്

 

മുംബൈ : രാജ്യത്തെ ഗ്രാമീണ ജനത ആരോഗ്യപരിപാലനത്തേക്കാള്‍ മൂന്നിരട്ടിേെയാളം പണം മദ്യത്തിനായി ചെലവഴിക്കുന്നതായി റിപ്പോര്‍ട്ട്. ഓരോ മാസവും ആരോഗ്യ പരിപാലനത്തിനായി 56 രൂപ ചെലവഴിക്കുമ്പോള്‍ മദ്യം വാങ്ങുന്നതിന് 140 രൂപയും പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് 196 രൂപയുമാണ് കളയുന്നത്. ഭക്ഷ്യവസ്തുക്കള്‍, സോപ്പ്, ഡിറ്റര്‍ജന്റുകള്‍, ഷാംപൂ തുടങ്ങിയ എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ക്ക് മാസംതോറും ശരാശരി ചെലവഴിക്കുന്നത് 5040 രൂപയാണ്. മരുന്നുകള്‍ ഉള്‍പ്പടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്ക് ശരാശരി 196 രൂപ മാത്രമാണ് ചെലവഴിക്കുന്നതെന്നും ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ നടത്തിയ സര്‍വെ വ്യക്തമാക്കുന്നു.

ഗ്രാമീണ ഇന്ത്യയുടെ ഉപഭോഗ രീതികളാണ് ക്രോം ഡാറ്റ അനലിറ്റിക്‌സ് ആന്‍ഡ് മീഡിയ (ക്രോം ഡിഎം) നടത്തിയ പഠനം നിരീക്ഷിക്കുന്നത്. അതായത് ആകെ കുടുംബ ബജറ്റായ 2,800 രൂപയുടെ 18 ശതമാനം മാത്രമാണ് എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ക്ക് നീക്കിവെക്കുന്നത്. 55 ശതമാനം തുക (280 രൂപ) ഭക്ഷ്യവസ്തുക്കള്‍ക്കായി വിനിയോഗിക്കുന്നു. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കായി മാസം തോറും ശരാശരി 36 രൂപയും ചെലവഴിക്കുന്നുണ്ട്. പാല് വാങ്ങുന്നതിന് മാസം തോറും ശരാശരി 224 രൂപയാണ് ചെലവഴിക്കുന്നത്. ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ സ്വന്തം പശുക്കളില്‍നിന്നുള്ള ക്ഷീരോല്‍പ്പാദനത്തെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്ന് ക്രോം ഡിഎം എംഡി പങ്കജ് കൃഷ്ണ പറഞ്ഞു. ആരോഗ്യ പരിപാലനത്തിന് ഇത്രയും ചെറിയ തുക ചെലവഴിക്കുന്നതിന് പ്രധാന കാരണം സ്വയം ചികിത്സയും ഒറ്റമൂലി പ്രയോഗങ്ങളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

19 സംസ്ഥാനങ്ങളിലായി അമ്പതിനായിരം ഗ്രാമങ്ങളിലാണ് സര്‍വെ നടത്തിയത്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കായി ഒരു വര്‍ഷം ആയിരം രൂപയില്‍ കൂടുതല്‍ ചെലവഴിക്കുന്നത് ഒരു ശതമാനം കുടുംബങ്ങള്‍ മാത്രമാണ്. ഈ വിഭാഗത്തില്‍ 63 ശതമാനം കുടുംബങ്ങളും വര്‍ഷത്തില്‍ 400 രൂപയില്‍ താഴെയാണ് ചെലവഴിക്കുന്നത്.

ഗ്രാമീണ മേഖലയിലെ കുടുംബങ്ങള്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കായി പ്രതിമാസം 36 രൂപ ചെലവഴിക്കുന്നുവെങ്കില്‍ അതിനെ സ്വാഗതം ചെയ്യാവുന്നതാണെന്ന് എല്‍ഒറിയല്‍ ഇന്ത്യ എംഡി ജീന്‍ ക്രിസ്‌റ്റോഫ് ലെറ്റ്‌ലിയര്‍ പ്രതികരിച്ചു. ഗ്രാമീണ മേഖലയിലെ ഉപയോക്താക്കള്‍ സാവധാനമെങ്കിലും നഗരങ്ങളിലേതുപോലെ നിലവാരമുയര്‍ത്തുന്നതായി ലെറ്റ്‌ലിയര്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങളെ സംബന്ധിച്ച് ഗ്രാമീണ വിപണികളിലാണ് വളര്‍ച്ച പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Trending